Monday, December 23, 2024
Homeകായികംറൊണാൾഡോ അംഗമായ സൗദി ഫുട്ബോൾ ക്ലബിൽ മലപ്പുറത്തുകാരൻ ഗോൾ കീപ്പർ

റൊണാൾഡോ അംഗമായ സൗദി ഫുട്ബോൾ ക്ലബിൽ മലപ്പുറത്തുകാരൻ ഗോൾ കീപ്പർ

കോട്ടയ്ക്കൽ.  വേനലവധി കാലത്ത്, സൗദിയിലുള്ള പിതാവിന്റെ അടുത്തേക്കു പറക്കുമ്പോൾ ഈ പന്ത്രണ്ടുകാരൻ കരുതിയില്ല ഇതു ജീവിതം മാറ്റിമറിക്കുന്ന യാത്രയാകുമെന്ന്. കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥി മുഹമ്മദ്റാസിനെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ, അൽനസ്ർ ഫുട്ബോൾ ക്ലബിന്റെ ജൂനിയർ ടീമിലേക്കു ഗോൾ കീപ്പറായി കഴിഞ്ഞയാഴ്ച തിരഞ്ഞെടുത്തത്. പാങ്ങ് ചന്തപ്പറമ്പ് പറമ്പൻ ഷാജഹാന്റെയും എ.വി.നഫ് ലയുടെയും മകനാണ് റാസിൻ.

വേനലവധി ആഘോഷിക്കാൻ എല്ലാവർഷവും മാതാവിനും സഹോദരങ്ങൾക്കുമൊപ്പം സൗദിയിൽ പോകാറുണ്ട് റാസിൻ. ഇത്തവണ പോയപ്പോൾ “പയ്യൻസ്” കാൽപന്തു
കളിക്കുന്നത് റിയാദിലെ നാദി ക്ലബിന്റെ പരിശീലകനായ അബ്ദുല്ല സാലെഹ് എന്ന സൗദി വംശജൻ കാണാനിടയായി. മികച്ച പ്രകടനമാണു മകൻ നടത്തുന്നതെന്നും റാസിനെ അൽനസ്ർ ക്ലബ് നടത്തുന്ന സിലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ഷാജഹാനോട് നിർദേശിച്ചു.

റാസിൻ റിയാദിലാണു ജനിച്ചത്. സൗദിയിൽ ജനിക്കുന്ന വിദേശികൾക്കു അവിടത്തെ സ്പോർട്സ് ക്ലബുകളിൽ ചേരാൻ സ്വാഭാവിക അനുമതിയുണ്ട്. ഇതും അൽനസ്ർ പ്രവേശനത്തിനു അനുഗ്രഹമായി. മധ്യവേനൽ അവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങിയ റാസിൻ കഴിഞ്ഞദിവസം നാട്ടിലേക്കു തിരിക്കാനിരിക്കെയാണ് ഗോൾകീപ്പറായുള്ള നിയമനം. വീസയും താമസസൗകര്യവുമെല്ലാം ക്ലബ് ഒരുക്കിക്കൊടുക്കും. കൂടാതെ, പ്രതിഫലവും ക്ലബധികൃതർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു ഷാജഹാൻ പറയുന്നു.

26 വർഷമായി സൗദിയിൽ ബിസിനസുകാരനായ ഷാജഹാൻ റിയാദ് യൂത്ത് ഇന്ത്യ എഫ്സി എന്ന കൂട്ടായ്മ രൂപീകരിച്ചതു മുതൽ അതിലംഗമാണ്. പിതാവിനൊപ്പം 5 വയസ്സു മുതൽ മൈതാനങ്ങളിൽ എത്തിയിരുന്നു റാസിൻ. മലപ്പുറം സബ് ജില്ലാ ഫുട്ബോൾ ടീമിൽ അംഗമായിരുന്ന മൂത്ത സഹോദരനും പ്ലസ് വൺ വിദ്യാർഥിയുമായ റബിനും പിന്തുണയേകി. കോട്ടൂർ സ്കൂൾ ഫുട്ബോൾ അക്കാദമിയിൽ ചേർന്നതോടെ കൂടുതൽ ആത്മവിശ്വാസമായി. കായിക അധ്യാപകൻ ഷമീർ പി.മങ്കട, അധ്യാപകരായ പി.കെ.ഫിദ, ഒ.കെ.റസിയ തുടങ്ങിയവർ കട്ടയ്ക്കു കൂടെ നിന്നു. സ്കൂൾ ജൂനിയർ ടീമിലെ മികച്ച ഗോൾകീപ്പറായി.

അഞ്ചാംക്ലാസ് വിദ്യാർഥി ആയിരിക്കെ, പഞ്ചാബ് മിനർവ എഫ്സി മലപ്പുറത്ത് നടത്തിയ ട്രയൽസിൽ സിലക്ഷൻ കിട്ടിയതിനെത്തുടർന്ന് 3 മാസത്തോളം ക്യാംപിൽ പങ്കെടുത്തു. തുടർന്ന് ജില്ലാ ബേബി ലീഗ് ടൂർണമെന്റിൽ വിവിധ ഭാഗങ്ങളിലായി മുപ്പതോളം മത്സരങ്ങളിൽ കളിച്ചു.
ഒന്നാംക്ലാസ് വിദ്യാർഥിയായ റയ്യാൻ ഇളയ സഹോദരനാണ്.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments