പുകഞ്ഞില്ലാതായ ഓലച്ചീള്
*********
“കേളിക്കു പറ്റിയവയസ്സിൽ നിസർഗ്ഗസിദ്ധ
ലാളിത്യമാർന്ന തനു മണ്ണുപുരണ്ടുമങ്ങി
മേളിച്ചുമേവുമൊരു കുഞ്ഞിനെയാഞ്ഞെടുത്തു
ലാളിച്ചിടുന്നിതൊരു വൃദ്ധപുമാനൊരിക്കൽ..”
അയ്യോ.. ന്റെ മെഴുക്കുപുരട്ടിയിൽ വെള്ളംവറ്റി.., ഒന്നിളക്കട്ടേ ട്ടോ.. അപ്പോഴേക്കും അതു ബൈഹാർട് ചെയ്തോളൂ ”
“കാറ്റുല്ലസിക്കുമളകങ്ങളിളക്കി മാറ്റുകേറ്റും കിശോരമുഖശാരദചന്ദ്രബിംബം…”
അടുക്കളയിൽ പിടഞ്ഞോടി, പച്ചവിറക് ഊതിയൂതി മകൾക്ക് യുവജനോത്സവത്തിനാലപിക്കാനുള്ള പദ്യം ഓർമ്മയിൽനിന്നു പറഞ്ഞുതരുന്ന എന്റെ അമ്മയില്ലെങ്കിൽ ഇന്നീക്കാണുന്ന ഗിരിജാവാര്യർ വട്ടപ്പൂജ്യം!
ജീവിച്ചിരിപ്പുണ്ടെങ്കിൽ അമ്മയ്ക്കിതു എൺപത്തിഒമ്പതാം വയസ്സ്. അമ്മയുടെ കാലത്ത് പത്താംക്ലാസിന്റെ കടമ്പ കടക്കുന്നവർ ദുർല്ലഭം. എന്നിട്ടും അമ്മ പാസ്സായി. എളുപ്പം ജോലിയും കിട്ടുമായിരുന്നു. പറഞ്ഞിട്ടെന്താ?ഉപരിപഠനത്തിനും, ജോലിക്കും ഉതകാതെ അമ്മയുടെ സർട്ടിഫിക്കറ്റ് ഇരുമ്പുപെട്ടിക്കടിയിൽ പൊടിഞ്ഞുതീർന്നു. അമ്മയുടെജീവിതംപോലെ! പത്തുമക്കളുള്ള അവരുടെ കുടുംബത്തിൽ, മൂന്നു ആൺകുട്ടികൾ മാത്രം കോളേജിന്റെ പടി കണ്ടു.
ഹൈസ്കൂൾ അദ്ധ്യാപകനെ വിവാഹം കഴിച്ചപ്പോൾ അമ്മ മോഹിച്ചിരിക്കാം, ഒരു വഴിതുറന്നുകിട്ടുമെന്ന്! എന്നാൽ വിവാഹമേ വേണ്ടെന്നുവച്ചുനിൽക്കുകയായിരുന്ന അച്ഛൻ അമ്മയെ കല്യാണംകഴിച്ചത്, വൃദ്ധരായ ചെറിയമ്മമാരുടെ (അച്ഛന്റെ അമ്മ നേരത്തേ മരിച്ചു) പരിപാലനത്തിനായിരുന്നു എന്നറിഞ്ഞപ്പോൾ അമ്മ തകർന്നുപോയി. തേവർക്ക് മാലകെട്ടിയും, വയസ്സായ ചെറിയമ്മമാരെ പരിപാലിച്ചും കഴിഞ്ഞ അമ്മ അന്നൊരു തീരുമാനമെടുത്തു. തന്റെ കുട്ടികൾക്കു ഈ ഗതിവരരുത് എന്ന്. അവർ ഇൻഡിപെൻഡന്റ് ആവണം എന്ന്. ബാങ്കുദ്യോഗസ്ഥന്മാരേക്കാൾ ട്രാൻസ്ഫർ ആയിരുന്നു അന്ന് അദ്ധ്യാപകനായ എന്റെ അച്ഛന്. (എനിക്കുതന്നെ അദ്ഭുതം തോന്നിയിട്ടുള്ള കാര്യം)കേരളത്തിൽ വടക്കുനിന്ന് തെക്കുവരെയുള്ള മിക്ക ജില്ലകളിലും അച്ഛൻ ജോലിചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ പ്രായമായ രണ്ടു സ്ത്രീകളെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയുംവച്ച് അമ്മ തനിച്ച് വീട്ടിൽ!പാവം,എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകണം!
“I wandered lonely as a cloud
That floats on high o’er vales &hills
വേഗം എഴുതിതീർക്ക്.. ഇപ്പൊ ഒമ്പതരയാവും..”
“വരസ്യാരേ, ഈ തുളസി ഇങ്ങനെ കതിരായിവച്ചാൽ ഞാൻ എന്താ ചെയ്യാ? ഇതൊന്ന് ഇതളാക്കിയിട്ടുവേണം വയ്ക്കാൻ! പഠിപ്പിക്കാൻ സ്കൂളില് മാഷൻമാര് ല്ല്യേ കുട്ട്യേ?”
ശാന്തിക്കാരൻ.
അദ്ദേഹത്തെ കുറ്റപ്പെടുത്തിയതല്ല. അത് അദ്ദേഹത്തിന്റെ പണിയല്ല
പകുതി കെട്ടിയമാല അവിടെയിട്ടിട്ട് അമ്മ പൂ ഇതളാക്കാൻ ഓടും. പൂജ കഴിഞ്ഞു വിളക്കുകളും കിണ്ടിയും കഴുകിക്കഴിയുമ്പോഴേക്കും ചെറിയമ്മമാരുടെ പരാതികൾ തുടങ്ങിയിട്ടുണ്ടാകും.
ക്ഷേത്രത്തിലെ കിഴക്കേകെട്ടിനടുത്തെത്തുമ്പോൾ,ഇപ്പോഴും എനിക്ക്,വാഴനാരിനോടും പൂക്കളോടും യുദ്ധംവെട്ടുന്ന അമ്മയുടെ നേർത്ത ശബ്ദം കേൾക്കാം. കൂടെ അമ്മയുടെ പിന്നാലെ നോട്ടുപുസ്തകവും പേനയുമെടുത്ത്, മാല കെട്ടുന്നിടത്തുപോലും സ്വൈര്യം കൊടുക്കാത്ത ഒരു പാവാടക്കാരിയുടെ വെപ്രാളവും.