Thursday, December 26, 2024
Homeസ്പെഷ്യൽപത്മനാഭദാസനായ പൊന്നുതമ്പുരാൻ (ശ്രീ ചിത്തിരതിരുനാൾ അനുസ്മരണം) (ലേഖനം)

പത്മനാഭദാസനായ പൊന്നുതമ്പുരാൻ (ശ്രീ ചിത്തിരതിരുനാൾ അനുസ്മരണം) (ലേഖനം)

ജയകുമാരി കൊല്ലം

ശ്രീ ചിത്തിരതിരുനാൾ അനുസ്മരണം
121മത് ജന്മവാർഷികദിനം 2024നവംബർ 7

ചേരസാമ്രാജ്യത്തിന്റെ പരിധിയിൽപ്പെടുന്ന ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ. ഇരുപതാംനൂറ്റാണ്ടുവരെ ഭരണംനിലനിന്നിരുന്ന ഇവിടം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്ന് വിളിക്കപ്പെടുകയും പിന്നീട് തിരുവിതാംകൂറായി മാറുകയും ചെയ്തു. AD 731ൽ ആദ്യത്തെ രാജാവായി അധികാരമേറ്റ വീരമാർത്താണ്ഡവർമ്മ മുതൽ അൻപത്തിനാല് രാജാക്കന്മാർ തിരുവിതാംകൂർ ഭരിച്ചു. കുലദൈവമായ പത്മനാഭനു വേണ്ടി രാജഭരണം നടത്തുന്നവർ എന്ന സങ്കല്പത്താൽ തിരുവിതാംകൂർ രാജാക്കന്മാർ പത്മനാഭദാസന്മാർ എന്നറിയപ്പെട്ടു. ഈ രാജവംശത്തിലെ അമ്പത്തിനാലാമത്തെയും അവസാനത്തെയും രാജാവായിരുന്നു ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ.

തിരുവിതാംകൂറിലെ ജൂനിയർമഹാറാണി സേതുപാർവതിഭായിയുടെയും കിളിമാനൂർ കൊട്ടാരത്തിലെ ശ്രീപൂരംനാൾ രവിവർമ്മ കോയിതമ്പുരാന്റെയും മൂത്തമകനായി 1912നവംബർ 7ന് ജനിച്ച ചിത്തിരതിരുനാൾ ബാലരാമവർമ്മ പതിനൊന്നാമത്തെ വയസിൽ തന്നെ രാജപദവിക്കർഹനായിയെങ്കിലും അദ്ദേഹത്തിനു പതിനെട്ടു വയസ്സാകുന്നത് വരെ അമ്മയുടെ ജേഷ്ഠത്തിയായ സേതുലക്ഷ്മിഭായിയിരുന്നു രാജപ്രതിനിധിയായി ഭരണചുമതല നിർവഹിച്ചിരുന്നത്. ചിലരുടെ സ്വാർത്ഥതാല്പര്യത്തോടെയുള്ള ഇടപെടൽമൂലം പതിനെട്ടുവയസ്സ് പൂർത്തിയായിട്ടും അധികാരമെറ്റെടുക്കാൻ ബ്രിട്ടീഷ് ഇന്ത്യസർക്കാർ അദ്ദേഹത്തെ അനുവദിച്ചില്ല. എന്നാൽ കുടുംബസുഹൃത്തായ സർ സി പി യുടെ അവസരോചിതമായ ഇടപെടലിന്റെ ഫലമായി ഭരണം നഷ്ടമാകാതെ 1931നവംബർ 6ന് ശ്രീ ചിത്തിരതിരുനാൾ അധികാരമേറ്റു.

അധികാരത്തിലേറി ഒരുവർഷത്തിനകം അദ്ദേഹം ധാരാളം ഭരണപരിഷ്കാരങ്ങൾ രാജ്യത്തു നടപ്പിലാക്കി. സ്വന്തം അധികാരങ്ങതിരുവിതാംകൂറിലെ രാജാക്കന്മാർ നടത്തിവരാറുള്ള ദൈവീകമായ ചടങ്ങാണ് തുലാപുരുഷദാനവും ഹിരണ്യഗർഭവും. ഇതിനാവശ്യമായ വലിയതുക ഖജനാവിലുള്ള ജനങ്ങളുടെ നികുതിപ്പണമെടുത്തു ചിലവിടാൻ തിരുവിതാംകൂർ സർക്കാരിനോടാവശ്യപ്പെടില്ല എന്നുള്ള ചിത്തിരതിരുനാളിന്റെ തീരുമാനം അദ്ദേഹത്തിന്റെ പ്രജാക്ഷേമം വിളിച്ചറിയിക്കുന്നു. അദ്ദേഹം നടപ്പിൽവരുത്തിയ പ്രധാന നിയമങ്ങളിലൊന്നായിരുന്നു, ട്രാവൻകൂർ ജന്മി -കുടിയൻ റെഗുലേഷൻ. ഈ നിയമം പ്രാബാല്യത്തിൽ വന്നതോടെ, ജന്മി -കുടിയാൻ വ്യവസ്ഥിതി തിരുവിതാംകൂറിൽനിന്ന് നീക്കം ചെയ്യപ്പെട്ടു. ഈ നിയമമൂലം പാട്ടത്തിനു വിട്ടുനൽകുന്ന സ്ഥലങ്ങളിലെ പ്രവർത്തനങ്ങളിൽ ജന്മിയ്ക്ക് ഇടപെടാൻ അവകാശമില്ലാതായതോടെ കുടിയാന് സ്വതന്ത്രമായി കൃഷി ചെയ്യുവാനും വിളകൾ സ്വന്തം ഇഷ്ടപ്രകാരം ക്രയവിക്രയം ചെയ്യാനും സാധിച്ചു ഭൂപരിഷ്കരണനിയമം നിലവിൽ വരുന്നതിനുമുൻപേ, ശ്രീചിത്തിര തിരുനാൾ രാമവർമ്മ എന്ന ദീർഘദർശിയായ ഭരണാധികാരി തിരുവിതാംകൂറിലെ ജനങ്ങൾക്ക് നൽകിയ സമ്മാനമാണ് 1932ൽ നടപ്പിലാക്കിയ ട്രാവൻകൂർ ജന്മി -കുടിയാൻ റെഗുലേഷൻ.സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി അനവധി നിയമങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. അതിലൊന്നാണ് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രസവാനുകൂല്യങ്ങൾ ലഭ്യമാകുന്നതിനായുള്ള മറ്റെണിറ്റി ബെനിഫിറ്റ് ആക്ട്.

അദ്ദേഹത്തിന്റെ ഭരണകാലത്ത് ഏറ്റവും കൂടുതൽ പണം ചിലവഴിച്ചിട്ടുള്ളത് വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. ആ നാട്ടിൽനിന്ന് ഉപരിപഠനത്തിനായി മദ്രാസിലേക്ക് പോയിരുന്നവരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തിരുവിതാംകൂറിൽ ഒരു സർവ്വകലാശാലയെന്നത്. 1937ൽ യൂണിവേഴ്സിറ്റി ഓഫ് ട്രാവൻകൂർ (കേരളസർവ്വകലാശാല) സ്ഥാപിക്കാനായത് ചിത്തിരതിരുനാളിന്റെ ഭരണനേട്ടമാണ്.2009ൽ ഇന്ത്യയിൽ നിർബന്ധിതസൗജന്യവിദ്യാഭ്യാസനിയമം നിലവിൽ വരുന്നതിന് എത്രയൊ വർഷങ്ങൾക്ക് മുൻപ് ട്രാവൻകൂർ പ്രൈമറി എഡ്യൂക്കേഷൻ ആക്റ്റ് നടപ്പിലാക്കി. ഈ നിയമംമൂലം എല്ലാവർക്കും വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുകമാത്രമല്ല, തിരുവിതാംകൂറിൽ ബാലവേലയും കർശനമായി നിരോധിക്കപ്പെട്ടു.

ആശുപത്രികളും, തൊഴിൽസ്ഥാപനങ്ങളും, വിമാനതാവളവുമുൾപ്പെടെ നാടിനു നൽകിയ ഭരണാധികാരിയുടെ വിപ്ലവകരമായ ഭരണമികവ് ക്ഷേത്രപ്രവേശനവിളംബരം തന്നെ. സവർണ്ണർക്കനുകൂലമായ കോടതിയുത്തരവിന്റെ പിന്തുണയുണ്ടായിരുന്നിട്ടും ധാരാളം എതിർപ്പുകൾ നേരിട്ടിട്ടും ക്ഷേത്രപ്രവേശനവിളംബരം സാധ്യമായത് അചഞ്ചലചിത്തനായ മഹാരാജാവിന്റെ മഹത്വത്തെ വെളിവാക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. തിരുവിതാംകൂർ കൊച്ചി എന്നീ രാജ്യങ്ങളെ സംയോജിപ്പിച്ചുകൊണ്ട് തിരുക്കൊച്ചി നിലവിൽ വന്നപ്പോൾ കേരളസംസ്ഥാനം നിലവിൽ വരുന്നതുവരെയുള്ള ഏഴുവർഷം അദ്ദേഹം രാജപ്രമുഖനായി സേവനമനുഷ്ടിച്ചു. പത്മനാഭദാസനായി ലളിതജീവിതം നയിച്ച പ്രജാവത്സലനായ ചിത്തിരതിരുനാൾ, 1991ജൂലൈ 20ന് തന്റെ എഴുപത്തിയൊൻപത്താമത്തെ വയസ്സിൽ സ്വന്തം പേരിലറിയപ്പെടുന്ന ശ്രീ ചിത്രാമെഡിക്കൽസെന്ററിൽ വച്ചു നാടുനീങ്ങി.

ജനങ്ങളെ കൊള്ളയടിക്കാതെ അവരുടെ അധ്വാനവിഹിതമായി ലഭിക്കുന്ന കരമുപയോഗിച്ച് ജനക്ഷേമപ്രവർത്തനങ്ങൾ നടത്തുകയും നാടിന്റെയും നാട്ടാരുടെയും നന്മയാണ് അധികാരത്തിന്റെ അടയാളമെന്ന് കരുതുകയും ചെയ്ത ശ്രീ ചിത്തിര തിരുനാളിനെപ്പോലെയുള്ള ഭരണാധികാരികളാൽ പുരോഗതി കൈവരിച്ച നാടാണ് കേരളം. ജനാധിപത്യഭരണസംവിധാനത്തിൽ ജനങ്ങൾക്കായി ഒന്നും നേടികൊടുക്കാതെ അവരുടെ പണമുപയോഗിച്ച് സുഖലോലുപരായി അധികാരജീവിതം നയിക്കുന്ന ഭരണാധികാരികൾ അവരെ സ്മരിക്കുന്നത് നല്ലതാണ്. രാജവീഥിയിലൂടെ ചീറിപ്പായുമ്പോഴേങ്കിലും….

ജയകുമാരി കൊല്ലം ✍🏻

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments