ഇന്ന് ലോക ടെലിവിഷൻ ദിനം. മാറുന്ന ലോകത്തിൽ ടെലിവിഷന്റെ സ്വാധീനം മുൻനിർത്തിയാണ് 1996 മുതൽ ഐക്യരാഷ്ട്ര സഭ നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനമാണ് ഇന്ന് ടെലിവിഷൻ ചാനലുകൾ വഹിക്കുന്നത്.ഒരേസമയം കാഴ്ചയ്ക്കും കേൾവിക്കും തുല്യപ്രാധാന്യം നൽകുന്നതിനാൽ വിശ്വാസ്യതയുള്ള മാധ്യമമായാണ് ടെലിവിഷൻ അറിയപ്പെടുന്നത്. കുടുംബാംഗങ്ങൾ ഒരുമിച്ച് കാണുന്നതിനാൽ കുടുംബമാധ്യമം കൂടിയാണ് ടെലിവിഷൻ. നിരക്ഷരത ടെലിവിഷൻ ഉപയോഗത്തിന് തടസ്സമാകുന്നില്ല.
1930-കൾ മുതൽ ബ്രിട്ടനിലും അമേരിക്കയിലും ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചു. ഇന്ത്യയിൽ 1959 സെപ്തംബർ 15-നാണ് ദൂരദർശൻ സംപ്രേക്ഷണം ആരംഭിക്കുന്നത്. തുടക്കം ദൽഹി ആകാശവാണി ഭവനിലെ ചെറിയൊരു മുറിയിൽ. 1976 ആയപ്പോഴേക്കും എട്ട് ടെലിവിഷൻ സ്റ്റേഷനുകളിലേക്ക് ദൂരദർശൻ വളർന്നു. രണ്ടര പതിറ്റാണ്ടോളം കാലത്തെ ബ്ലാക്ക് ആന്റ് വൈറ്റ് സംപ്രേക്ഷണത്തിന് ശേഷം 1982 ഓഗസ്റ്റ് 15-ന് കളറായി. രാമായണം, മഹാഭാരതം, ഹംലോഗ് പോലുള്ള ജനകീയ പരമ്പരകൾ ടെലിവിഷനോട് ജനതയെ കൂടുതൽ അടുപ്പിച്ചു.രംഗോലിയും ചിത്രഹാറുമെല്ലാം പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പരിപാടികളായി. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്വകാര്യ ചാനലുകളെത്തി. ലൈവ് ടെലികാസ്റ്റിന്റെ വരവോടെ വാർത്താ ചാനലുകളോടുള്ള ജനങ്ങളുടെ താൽപര്യവും പതിന്മടങ്ങ് വളർന്നു.
ഇന്ന് 892 ഉപഗ്രഹ ടെലിവിഷൻ ചാനലുകളുണ്ട്. ഇന്ത്യയിൽ. ഇതിൽ 403 എണ്ണം വാർത്താ ചാനലുകളും 489 എണ്ണം വിനോദ ചാനലുകളുമാണ്. 2023-ൽ സബ്‌സ്‌ക്രിപ്ഷനിലൂടെയും പരസ്യവരുമാനത്തിലൂടെയും ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തിന് ലഭിച്ചത് 69,600 കോടി രൂപയാണ്.