സിനിമ ബോക്‌സ് ഓഫീസിൽ ലാഭം കൊയ്യണം എന്നതൊഴിച്ചാൽ ജനങ്ങളുടെ കലയല്ല. ജനങ്ങളേയും കലയേയും ഒരുപോലെ സ്നേഹിക്കുന്നവരാകാൻ ശ്രമിക്കുന്നവർ ജനങ്ങൾക്ക് വേണ്ടി ചിത്രീകരിക്കപ്പെട്ട ബൈബിൾ എന്നാണ് സിനിമയെ വാഴ്ത്തുന്നത്.
കലയുടെ നിഗൂഢമായ ആനന്ദങ്ങളെ സിനിമ അതിജീവിക്കേണ്ടത് വിഷ്വൽ ഇൻസ്ട്രക്ഷൻ വഴിയാണ്. അതിൻ്റെ പാഠങ്ങൾ സാധാരണക്കാരൻ്റെ കണ്ണിൽ ഒരു മതിപ്പ് ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് കരുതപ്പെടുന്നു . ഇങ്ങനെയായിരുന്നു ദ സാഡ് ഫ്യൂച്ചർ ഓഫ് ഫിലിം (1930) എന്ന ലേഖനം റുഡോൾഫ് ആൻഹീം ആരംഭിക്കുന്നത്. 1920-കളിൽ ജെസ്റ്റാൾട്ട് സൈക്കോളജി കലയിൽ പ്രയോഗിക്കാൻ തുടങ്ങിയ റുഡോൾഫ് ആൻഹീം 1904-ൽ ബെർലിനിലാണ് ജനിച്ചത്. ബെർലിനിലെ ഫ്രെഡറിക് വിൽഹെം സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രം, തത്ത്വചിന്ത, കലാചരിത്രം, സംഗീത ചരിത്രം എന്നിവ പഠിച്ച അദ്ദേഹം 1928-ൽ ഡോക്ടറേറ്റ് നേടി. ഇരുപതുകളുടെ മധ്യത്തിൽ സിനിമ, കല, സാഹിത്യം എന്നിവയെക്കുറിച്ച് ലേഖനങ്ങളും നിരൂപണങ്ങളും എഴുതി. ജർമ്മനിയിൽ അധികം അറിയപ്പെട്ടില്ലെങ്കിലും, അമേരിക്കയിലെ കലാചരിത്രത്തിലും ആർട്ട് സൈക്കോളജിയിലും ആൻഹീം ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. “എല്ലാ നിരീക്ഷണങ്ങളും കണ്ടുപിടിത്തമാണ്.” എന്ന് അദ്ദേഹം വിശ്വസിച്ചു.
ആൻഹീമിൻ്റെ താൽപ്പര്യങ്ങളുടെ വിശാലത ശ്രദ്ധേയമായിരുന്നു; ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെക്കുറിച്ച് എഴുതിയ ചരമക്കുറിപ്പിൽ പറഞ്ഞതുപോലെ, “ഈ പദം രൂപീകരിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം മാധ്യമ പഠനം നടത്തുകയായിരുന്നു.” സിനിമയ്ക്കു പുറമെ അദ്ദേഹം ടെലിവിഷൻ, റേഡിയോ, എന്നിവയെക്കുറിച്ചും എഴുതി. അദ്ദേഹത്തിൻ്റെ ചലച്ചിത്ര വിമർശനം ആദ്യമായി 1925-ൽ പ്രത്യക്ഷപ്പെട്ടു. അക്കാലത്ത് ഉന്നയിക്കപ്പെട്ട ഫോട്ടോഗ്രാഫിയും സിനിമയും പ്രകൃതിയുടെ യാന്ത്രിക പുനർനിർമ്മാണങ്ങളല്ലാതെ മറ്റൊന്നുമല്ല എന്ന ആരോപണത്തെ അദ്ദേഹം പ്രതിരോധിച്ചു. 1932 മുതലുള്ള അദ്ദേഹത്തിൻ്റെ ചലച്ചിത്ര ലേഖനങ്ങൾ Film as Art എന്ന പേരിൽ സമാഹരിച്ചിട്ടുണ്ട്. സിനിമയുടെ ആവിഷ്‌കാര മാർഗങ്ങൾ കണ്ടെത്തി, കലാപരമായ ആവിഷ്‌കാരത്തിൻ്റെ ഉറവിടമായി വ്യാഖ്യാനിച്ചു. ചലിക്കുന്ന ചിത്രത്തിലൂടെ ഒരാൾക്ക് ലോകത്തെ എങ്ങനെ പ്രതിനിധീകരിക്കാൻ കഴിയും എന്ന ചോദ്യത്തിൽ അദ്ദേഹം ആകൃഷ്ടനായി. സിനിമ ഒരിക്കലും യാഥാർത്ഥ്യത്തിൻ്റെ ലളിതമായ പുനർനിർമ്മാണമാകില്ല എന്ന നിഗമനത്തിലെത്താൻ ഈ പരിമിതി അദ്ദേഹത്തെ അനുവദിച്ചു.
യാഥാർത്ഥ്യത്തെ രൂപപ്പെടുത്താനും അർത്ഥം സൃഷ്ടിക്കാനുമുള്ള കഴിവ് സിനിമകൾക്കുണ്ട്. ഈ ലോകത്തിൽ നിന്നുള്ള ആധികാരിക പ്രതിഭാസങ്ങളിലൂടെ ദൃശ്യ ലോകത്തെ വ്യാഖ്യാനിക്കുകയും അങ്ങനെ അനുഭവം ആവിഷ്കരിക്കുകയും ചെയ്യുന്നു. കലയുടെ പരോക്ഷതയിൽ നിന്ന് വ്യത്യസ്തമായി സിനിമ നേരിട്ടുള്ള പ്രതിനിധാനമല്ല. മറിച്ച്, അത് കലാപരമായ ആവിഷ്കാരത്തിൻ്റെ ഒരു രൂപമാണ്. അദ്ദേഹത്തിൻ്റെ ചലച്ചിത്ര സൗന്ദര്യബോധം അതിൻ്റെ പക്വതയിൽ നിശബ്ദ സിനിമയുടെ ആരാധകനായി അദ്ദേഹത്തെ പാകപ്പെടുത്തി . നിശ്ശബ്ദ സിനിമയ്ക്ക് ആവിഷ്‌കാരത്തിൻ്റെ മികച്ച കലാപരമായ പരിശുദ്ധി ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. രൂപത്തിനേക്കാളും ആവിഷ്കാരത്തിനേക്കാളും പ്രധാനമായി കഥകൾ പറയുന്നതിനെ പരിഗണിക്കുന്ന വിനോദ വ്യവസായത്തിൻ്റെ ഇരയായി സിനിമ മാറിയിരിക്കുന്നുവെന്ന് ആൻഹീം എഴുതി. അദ്ദേഹത്തിൻ്റെ പ്രശസ്തമായ ഒരു ലേഖനമാണ് ചലച്ചിത്രവും യാഥാർത്ഥ്യവും. കെ.എം. ലെനിൻ ആ ലേഖനം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സിനിമ കലയാണോ എന്ന ചോദ്യത്തിന് ചലച്ചിത്രവും യാഥാർത്ഥ്യവും എന്ന ലേഖനത്തിലൂടെ റുഡോൾഫ് ആൻഹീം ഉത്തരം തേടുന്നു. സിനിമ സാഹിത്യത്തിനും സംഗീതത്തിനും സദൃശമാണ്. എന്നാൽ എല്ലാ സിനിമകളും കലയാവണമെന്നില്ല .സിനിമ കലയാവാനുള്ള സാധ്യത നിരസിക്കുന്ന പണ്ഡിതന്മാരുണ്ട്. അവർ സിനിമയ്ക്ക് കലയാവാൻ വയ്യ എന്ന നിലപാടാണ് ഉള്ളത്. യാഥാർത്ഥ്യത്തെ സിനിമ യാന്ത്രികമായി പുനരുൽപ്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അവരുടെ പക്ഷം. യാന്ത്രികപുനരുൽപ്പാദനത്തിൻ്റെ യുഗത്തിൽ കലാസൃഷ്ടി എന്നൊരു ലേഖനം വാൾട്ടർ ബഞ്ചമിൻ എഴുതിയിട്ടുണ്ട്. കലാസൃഷ്ടി തത്വത്തിൽ പുനർനിർമ്മിക്കാൻ കഴിയുന്നതാണ് എന്ന് ബെഞ്ചമിൻ അഭിപ്രായപ്പെടുന്നു. അതേസമയം കലാസൃഷ്ടിയുടെ യാന്ത്രിക പുനർനിർമ്മിതി എന്നത് ഒരു പുതിയ കാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
അച്ചടിയുടെ വരവ് അക്ഷരങ്ങളെ പുനർ നിർമ്മിച്ചു .എഴുത്തിന്റെ യാന്ത്രിക പുനർനിർമ്മിതിയായ അച്ചടി സാഹിത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. നിശ്ചല ഛായാഗ്രഹണത്തിന്റെ വരവോടെ ചിത്ര പുനർനിർമ്മിതി സാധ്യമായി.ഒരു കലാസൃഷ്ടിയുടെ ഏറ്റവും സമ്പൂർണ്ണമായ പുനർനിർമ്മിതിയിൽ പോലും ഏതെങ്കിലും ഒരു അംശത്തിന്റെ അഭാവം കാണാം എന്ന് ബെഞ്ചമിൻ അഭിപ്രായപ്പെടുന്നു. യാന്ത്രിക പുനർനിർമ്മിതി യഥാർത്ഥ കലാസൃഷ്ടിയുടെ ഗുണത്തിന് ഇടിവുണ്ടാക്കുന്നതായി അദ്ദേഹം കരുതി. സിനിമയിൽ കാണികൾക്ക് മുമ്പിലൂടെ ഒരു ഭൂപ്രദേശം കടന്നുപോകുമ്പോൾ സംഭവിക്കുന്നതും അത് തന്നെയാണ്. പുനർനിർമ്മിതി വസ്തുവിന്റെ സത്തയെ ഇല്ലാതാക്കുന്നു. യാന്ത്രിക പുനർനിർമ്മിതിയുടെ യുഗത്തിൽ കലാസൃഷ്ടിയുടെ പ്രഭാവലയം ഇല്ലാതാകുന്നു എന്നത് ബഞ്ചമിനെ അലട്ടി. സിനിമ ഗുണകരമായ ഒരു കലാരൂപം ആയിരിക്കെ തന്നെ പൈതൃകത്തിന്റെ മൂല്യത്തെ ഇല്ലാതാക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.
നിശ്ചല ഛായാഗ്രഹണത്തിന്റെ നെഗറ്റീവിൽ നിന്ന് അനേകം പ്രിൻറ്കൾ എടുക്കാം എന്നിരിക്കെ ഏതാണ് അതിൽ ആധികാരികമായ പ്രിൻറ് എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല, അടിസ്ഥാനം ഇല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. നാടകത്തിൽ പൊതുജനത്തിനു മുന്നിൽ അഭിനേതാവ് പ്രത്യക്ഷപ്പെടുന്നു. സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഷോട്ടിൽ ക്യാമറയ്ക്കു പൊതുജനത്തിൻ്റെ സ്ഥാനമാണുള്ളത്. നടനെ പൊതിഞ്ഞിരിക്കുന്ന പ്രഭാവലയം അവിടെ അപ്രത്യക്ഷമാകുന്നു.സിനിമയെ പെയിന്റിങ്ങുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ബെഞ്ചമിൻ നടത്തിയ നിരീക്ഷണങ്ങൾഏറെ കോലാഹലം സൃഷ്ടിച്ചു. സിനിമയുടെ ഉയർന്ന താൽപര്യങ്ങളെ കാണിക്കുന്ന സ്വഭാവസവിശേഷത വാണിജ്യ മൂല്യമാണ് എന്നും ബെഞ്ചമിൻ രേഖപ്പെടുത്തി.
സിനിമയെക്കുറിച്ചുള്ള വാൾട്ടർ ബെഞ്ചമിൻ്റെ സിദ്ധാന്തത്തോടുള്ള ആൻഹീമിൻ്റെ മറുപടിയായിരുന്നു അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ പലതും. ഫോട്ടോഗ്രാഫിയും ചലച്ചിത്രവും യാന്ത്രികമായ പകർപ്പുകളാണെന്നും അതുകൊണ്ട് അവയ്ക്ക് കലയുമായി യാതൊരു ബന്ധവുമില്ല എന്നുമുള്ള ആരോപണത്തെ പൂർണ്ണമായും നിരാകരിക്കേണ്ടതാണ് എന്ന് റുഡോൾഫ് ആൻഹീം വ്യക്തമാക്കുന്നു.
ക്യാമറയെ പുച്ഛത്തോടെ കാണുന്നതിനോട് ആൻഹീമിനു യോജിപ്പില്ല. ചലച്ചിത്രവും യാഥാർത്ഥ്യവും എന്ന ലേഖനത്തിൽ ചലച്ചിത്രകലയുടെ പ്രയുക്ത തത്ത്വങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു. സമനിരപ്പായ ഉപരിതലത്തിന്മേൽ ഘനപദാർത്ഥങ്ങളുടെ പ്രക്ഷേപണം നിർവ്വഹിക്കുമ്പോൾ അളവും കാഴ്ചപ്പാടും പ്രധാനമാണ്. സിനിമ സൃഷ്ടിക്കുന്ന ദൃശ്യാനുഭവത്തെ അദ്ദേഹം വിലയിരുത്തുന്നു.
ഫിലിം വിഷ്വലൈസേഷനുകൾക്ക് എല്ലാത്തരം ഇന്ദ്രിയ സംവേദനങ്ങളെയും ഉത്തേജിപ്പിക്കാൻ കഴിയുമെന്നും അതിനാൽ, എല്ലാറ്റിനുമുപരിയായി ഒരു സിനിമ അതിൻ്റെ ഉള്ളടക്കത്തിൻ്റെ പ്രകടനത്തിൽ “ദൃശ്യം” ആയിരിക്കണം എന്ന് അദ്ദേഹം വാദിക്കുന്നു.