Tuesday, January 7, 2025
Homeസ്പെഷ്യൽഓർമ്മയിൽ ദേശത്തിന്റെ കഥാകാരൻ .... ✍അഫ്സൽ ബഷീർ തൃക്കോമല

ഓർമ്മയിൽ ദേശത്തിന്റെ കഥാകാരൻ …. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

എസ്.കെ.പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട് 1913മാർച്ച് 14 ന് സ്കൂൾ അദ്ധ്യാപകനായ കുഞ്ഞിരാമന്‍, കിട്ടൂലി ദമ്പതികളുടെ മകനായി കോഴിക്കോടു ജനിച്ചു .

പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളില്‍ .പിന്നീട് കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടി.1939-ല്‍ കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു .അതെ വര്ഷം ജോലി രാജിവെച്ചു തൃപുര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍പോയി. അവിടുന്ന് . ബോംബേയിലേക്കുള്ള യാത്രയാണ് അദ്ദേഹത്തിന്റെ ലോകസഞ്ചാരത്തിനു നാന്ദി കുറിച്ചത് . ഇന്ത്യയിലുടനീളം ഈ കാലയളവിൽ അദ്ദേഹം സഞ്ചരിച്ചു .1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. 1950 ൽ ജയവല്ലിയെ വിവാഹം കഴിച്ചു.പിന്നീട് അമേരിക്ക,യൂറോപ്പ്‌, ആഫ്രിക്ക,വിവിധ ഏഷ്യൻ രാജ്യങ്ങളിലും നിരവധി തവണ സന്ദർശിക്കുകയും അവിടെ .താമസിക്കുകയും പൊതു വിവരങ്ങളും ജന ജീവിതങ്ങളും നേരിട്ട് മനസിലാക്കിയതിന്റെയും ഫലമാണ് മലയാളത്തിലെ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് പുത്തനുണർവ് നൽകുകയും അത് വരെയില്ലാത്ത സാഹിത്യ ശാഖ രൂപപ്പെടുകയും ചെയ്തത്.

സാമൂതിരി കോളേജു മാഗസിനിൽ വന്ന “രാജനീതി “എന്ന കഥയായിരുന്നു ആദ്യ രചന എന്നാൽ 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ “മകനെ കൊന്ന മദ്യം “എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തിയെടുത്തിയതോടെയായാണ് ഗൗരവമായി എഴുതി തുടങ്ങുന്നത്. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം മാസികയിൽ “ഹിന്ദു മുസ്ലിംമൈത്രി “എന്ന കഥയും എഴുതി പിന്നീട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ അദ്ദേഹം എഴുത്തുകാരനായി മാറുകയായിരുന്നു .

“വല്ലികാദേവി”യാണ് ആദ്യ നോവൽ .തുടർന്ന് നാടൻപ്രേമം ,പ്രേമശിക്ഷ
മൂടുപടം, വിഷകന്യക, കറാമ്പൂ,ഒരു തെരുവിന്റെ കഥ,ഒരു ദേശത്തിന്റെ കഥ,കുരുമുളക്,കബീന ,നോര്‍ത്ത് അവന്യു തുടങ്ങി നോവലുകളും കശ്മീര്‍ , യാത്രാസ്മരണകള്‍, കാപ്പിരികളുടെ നാട്ടില്‍ , സിംഹഭൂമി, നൈല്‍ഡയറി മലയനാടുകളില്‍ , ഇന്നത്തെ യൂറോപ്പ് , ഇന്തോനേഷ്യന്‍ ഡയറി , സോവിയറ്റ് ഡയറി ., പാതിരാസൂര്യന്റെ നാട്ടില്‍ ,ബാലിദ്വീപ് ,ബൊഹേമിയന്‍ ചിത്രങ്ങള്‍ , ഹിമാലയസാമ്രാജ്യത്തില്‍ , നേപ്പാള്‍ യാത്ര , ലണ്ടന്‍ നോട്ട് ബുക്ക് , കെയ്‌റോ കഥകള്‍ , ക്ലിയോപാട്രയുടെ നാട്ടില്‍ , ആഫ്രിക്ക , യൂറോപ്പ്, ഏഷ്യ. തുടങ്ങിയ യാത്രാവിവരണങ്ങളും എസ്.കെ. പൊറ്റെക്കാട്ടിന്റെ കഥകൾ, ഒട്ടകവും മറ്റ് പ്രധാന കഥകളും തുടങ്ങിയ ചെറു കഥകളും പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശില്പി തുടങ്ങി കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട് .കൂടാതെ
“എന്റെ വഴിയമ്പലങ്ങൾ “എന്ന ആത്മ കഥയും മാത്രമല്ല എല്ലാ സഞ്ചാര സാഹിത്യ കൃതികളും ആത്മ കഥാംശമുള്ളതാണെന്നുള്ളത് മറ്റൊരു വസ്തുത.

ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, “ഒരു ദേശത്തിന്റെ കഥയ്ക്ക് “കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചിട്ടുണ്ട്., കോഴിക്കോട് എന്ന ദേശത്തിന്റെ കഥ യാണ് “ഒരു ദേശത്തിന്റെ കഥ”യെന്ന അദ്ദേഹത്തിന്റെ സാർവ്വത്രികവും സാർവ്വകാലീനവുമായ കൃതിയിൽ പരാമർശിക്കുന്നത്. ശ്രീധരനിലൂടെ അദ്ദേഹം പറയുന്നത് അതിരാണിപ്പാടത്തെ നൂറുകണക്കിന് ജനത്തിന്റെ ജീവിതത്തിന്റെ പച്ചയായ കഥയാണ് .മലബാറിലെ മാപ്പിള ലഹളയെക്കുറിച്ചും,സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ചുമെല്ലാം ഈ നോവലില്‍ പരാമര്‍ശമുണ്ട്.

അപകര്‍ഷതാ ബോധവും, പഠന വിഷയങ്ങളിലെ ഭയം , അച്ഛനോടുള്ള അടുപ്പം , സാഹിത്യത്തിൽ താല്പര്യമുള്ളപ്പോൾ തന്നെ കൂട്ടുകെട്ടും, യാത്രകളും എല്ലാം കൂടി ശ്രീധരന്‍ മലയാളിയുവതയുടെ നേർരേഖയാണെന്നു നിസംശയം
പറയാം .

1914-നും 18-നുമിടയില്‍ നടന്ന ഒന്നാം ലോക മഹായുദ്ധത്തിലെ സംഭവ പരമ്പരകള്‍ ശ്രീധരന്റെ പട്ടാളക്കാരനായ ജ്യേഷ്ഠ സഹോദരന്റെ വാക്കുകളിലൂടെ നോവലിന്റെ പ്രതിപാദ്യ വിഷയം അതി വിശാലമായി മാറുന്നുണ്ട്.ബ്രിഹിത് നോവലായ ഇത് ചരിത്രമെന്നോ ആത്മ കഥാംശമുള്ളതെന്നോ ,ഒരു കാലഘട്ടം അടയാളപ്പെടുത്തുന്നതെന്നോ അങ്ങനെ വിശേഷണങ്ങൾക്ക് അതീതമാണ്. 1971 മുതൽ മുപ്പത്തിയൊന്നു പതിപ്പുകളിൽ എത്തി നിൽക്കുന്നു .സ്വാതന്ത്ര്യ സമരസേനാനി കൂടി ആയിരുന്ന അദ്ദേഹം 1957ൽ തലശ്ശേരിയിൽ നിന്നും ലോകസഭയിലേക്കു മൽസരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. പിന്നീട് 1962ൽ തലശ്ശേരിയിൽ നിന്നു തന്നെ ഡോ :സുകുമാർ അഴീക്കോടിനെ ഇടതു പക്ഷ സ്ഥാനാർത്ഥിയായി 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി.ലോക സഭയിൽ അപൂർവ്വമായേ സാഹിത്യ രംഗത്ത് നിന്നും .ആളുകൾ എത്തിയിട്ടുള്ളു

1980-ൽ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചതോടെ തീരെ അവശനായി പിന്നീട് 69 വയസ്സിൽ മസ്തിഷ്കാഘാതത്തെത്തുടർന്ന് 1982 ഓഗസ്റ്റ് 6-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. “പുള്ളിക്കുപ്പായമിട്ട് പൊയ്ക്കാലിൽ നടക്കുന്ന ദീർഘസ്ക്കന്ധനായ ഒട്ടകപ്പുലി, മുക്രയിട്ട് മണ്ടുന്ന മുൻ ശുണ്ഠിക്കാരനായ കണ്ടാമൃഗം,വേലികളിൽ മരത്തടി നിരത്തി വച്ചതു പോലെ ആതപസ്നാനം ചെയ്യുന്ന മുതലക്കൂട്ടങ്ങൾ, നീല വില്ലീസി​​​​ൻറ നിതംബകഞ്ചുകം ധരിച്ച് ഫ്രഞ്ച് നർത്തകികളെ പോലെ തുടയും തുള്ളിച്ചു കൊണ്ട് നൃത്തം ചവിട്ടി നടക്കുന്ന ഒട്ടകപക്ഷികൾ”നൈൽ ഡയറി”യിൽ അദ്ദേഹം എഴുതിയതാണിത് .ജീവജാലങ്ങളെ ഇങ്ങനെ വിവരിച്ചത് അദ്ദേഹം മാത്രമേ കാണുകയുള്ളു . ഒരു ദേശത്തിന്റെ കഥയിൽ ശ്രീധരൻ പറഞ്ഞത് ‘മർത്യനു മർത്യനെപ്പോലെയിത്ര നിർദയനായൊരു ശത്രുവില്ലാ- മർദ്ദനവൈദവമിതരത്തിൽ ക്രുദ്ധമൃഗങ്ങൾക്കു പോലുമില്ല’’കാലാതീതമായ പ്രയോഗമാണ് .

ദേശത്തിന്റെ കഥാകാരന് മലയാളി മനസ്സിൽ മരണമില്ല …….

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments