1933 മാർച്ച് 28 ന് ജോർജിയയിലെ വിൻഡറിലാണ് ആദ്യത്തെ ഡോക്ടർമാരുടെ ദിനാചരണം നടന്നത് .എന്നാൽ അമേരിക്കയിൽ 1842 മാർച്ച് 30 ന് ജോർജിയയിലെ ജെഫേഴ്സണിൽ ഡോ. ക്രോഫോർഡ് ലോംഗ്, ജെയിംസ് വെനബിൾ എന്ന രോഗിക്ക് അനസ്തേഷ്യ നൽകിയതിന്റെ ഓർമ്മക്കായി അമേരിക്കയിൽ എല്ലാ വർഷവും മാർച്ച് 30 ഡോക്ടർസ് ഡേ ആയി ആഘോഷിക്കുന്നു .
ബ്രസീലിൽ കത്തോലിക്കാ സഭ അപ്പോസ്തലനും സുവിശേഷകനും അതിലുപരി വൈദ്യനുമായ വിശുദ്ധ ലൂക്കിന്റെ ജന്മദിനമായ ഒക്ടോബർ 18 നാണ് ദേശീയ ഡോക്ടർമാരുടെ ദിനം ആഘോഷിക്കുന്നത്.
എന്നാൽ ഇറാനുൾപ്പെടുന്ന ചില പേർഷ്യൻ രാജ്യങ്ങളിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിൽസാലയ ഔഷധ ശാസ്ത്രത്തിന്റെയും പിതാവായ ഇബ്നു സീനയുടെ ജന്മദിനം ഇറാനിയൻ മാസം ഷഹ്രിവർ 1 അഥവാ ഓഗസ്റ്റ് 23 നാണു ഭിഷഗ്വര ദിനമാചരിക്കുന്നത് .
ശരീരശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് സഹായിച്ച ശാസ്ത്രീയമായ പരീക്ഷണങ്ങൾക്കും പരിണാമങ്ങൾക്കും തുടക്കമിട്ടതും സാംക്രമികരോഗങ്ങളുടെ പകരുന്ന സ്വഭാവം നിർണ്ണയിച്ചതും ,സാംക്രമികരോഗം ബാധിച്ചവർ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നിർദ്ദേശിച്ചതുമുൾപ്പടെ അബൂ അലി അൽ-ഹുസൈൻ ഇബ്നു അബ്ദുല്ല ഇബ്നു സീന എന്ന പാശ്ചാത്യലോകത്ത് “അവിസെന്ന” എന്ന പേരിൽ അറിയപ്പെടുന്ന ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ ക്രിസ്തു വര്ഷം. 980 ൽ ജനിച്ച് ഇറാനിൽ ജീവിച്ചു 1037-ൽ അന്തരിച്ച സർവ്വജ്ഞാനിയായിരുന്ന ജ്യോതിശാസ്ത്രം, പ്രമാണശാസ്ത്രം, പുരാജീവിശാസ്ത്രം,രസതന്ത്രം, ഭൗമശാസ്ത്രം,ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നീ മേഖലകളിൽ നിപുണനായിരുന്ന അദ്ദേഹം നല്ലൊരു സൈനികനും രാജ്യതന്ത്രജ്ഞനും അദ്ധ്യാപകനും കൂടിയായിരുന്നു.
വിവിധ വിഷയങ്ങളിലായി 450 ൽപരം കൃതികൾ ഇബ്നുസീന രചിച്ചിട്ടുണ്ട്, ഇവയിൽ 240 എണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ .ഇതിൽ 150 ഓളം കൃതികളും തത്ത്വശാസ്ത്രത്തിലധിഷ്ഠിധമായിട്ടുള്ളതും, 40 എണ്ണം വൈദ്യശാസ്ത്ര സംബന്ധിയായതുമാണ് .അദ്ദേഹത്തിന്റെ “അതിജീവനത്തിന്റെ ഗ്രന്ഥം” (The Book of Healing) എന്ന പുസ്തകം ഓരോ നൂറു വര്ഷം കൂടുമ്പോഴുള്ള മഹാവ്യാധി കാലത്തും വർത്തമാന കാലത്തെ മഹാവ്യാധിയുടെ കാലത്തും ലോകത്തു ഏറെ ചർച്ച ചെയ്യപ്പെട്ടു .മാത്രമല്ല അദ്ദേഹത്തിന്റെ “വിജ്ഞാനകോശവും”, “വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥവും” വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥങ്ങളാണ് .ഇന്നും ലോകത്തെ വിവിധ സർവ്വകലാശാലകളിലെ പ്രാമാണിക വൈദ്യശാസ്ത്ര പഠനഗ്രന്ഥങ്ങളൊക്കെയും അദ്ദേഹത്തിന്റേതാണ് . ഗാലന്റെ ഗ്രീക്ക് വൈദ്യവും അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസയും മെസ്സപ്പെട്ടോമിയൻ – ഇന്ത്യൻ വൈദ്യശാസ്ത്രസിദ്ധാന്തങ്ങൾ എന്നിവയുമായി കൂട്ടിയിണക്കി അദ്ദേഹം യുനാനി എന്ന വൈദ്യസമ്പ്രദായം വികസിപ്പിച്ചെടുത്തു.
ലോകത്തെ വിവിധ രാജ്യങ്ങളിൽ ഈ ദിനം പല ദിവസങ്ങളിലായി കൊണ്ടാടുന്നുവെങ്കിലും ആതുര ശിശ്രൂഷ രംഗത്തെ പകരം വെക്കാനില്ലാത്ത ഭിഷഗ്വര സമൂഹത്തോട് ലോകത്തിനു മുഴുവൻ ആദരവുണ്ട് .
ഇന്ത്യയിൽ ഇതിഹാസ വൈദ്യനും സ്വാതന്ത്ര്യ സമര സേനാനിയും പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ഡോ. ബിദാൻ ചന്ദ്ര റോയിയെ ആദരിക്കുന്നതിനായി ജൂലൈ ഒന്നിന് ഇന്ത്യയിലുടനീളം ദേശീയ ഡോക്ടർമാരുടെ ദിനം ആഘോഷിക്കുന്നു. 1882 ജൂലൈ 1 ന് പ്രകാശ് ചന്ദ്ര റോയ് യുടെയും അഘോർകാമിനി ദേവിയുടെയും മകനായി ഇന്നത്തെ പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ ബഹ്രാംപൂരിലാണ് ജനിച്ചത്. 1897-ൽ പട്ന കൊളീജിയേറ്റ് സ്കൂളിൽ നിന്നും മെട്രിക്കുലേഷൻ പൂർത്തിയാക്കി പിന്നീട് പ്രസിഡൻസി കോളേജ് കൽക്കട്ടയിൽ നിന്നും ഐ.എ ബിരുദം, പട്ന കോളേജിൽ നിന്നും ബി.എ മാത്തമാറ്റിക്സിൽ ഓണേഴ്സോടെ ജയിച്ചു .തുടർന്ന് മെഡിക്കൽ പഠനംത്തിലേക്കു നീങ്ങിയ അദ്ദേഹം 1901 ജൂണിൽ കൊൽക്കത്ത മെഡിക്കൽ കോളേജിൽ ചേർന്ന് . അവിടെ വച്ച് “നിങ്ങളുടെ കൈകൾ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും അത് നിങ്ങളുടെ ശക്തിയാൽ ചെയ്യുക.” എന്ന വാക്കുകൾ അദ്ദേഹത്തിന് പ്രചോദനമായി
വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി ബ്രിട്ടനിലെ സെന്റ് ബാർത്തലോമിവ് ഹോസ്പിറ്റലിൽ ചേരാൻ ആഗ്രഹിച്ച അദ്ദേഹം 1909 ഫെബ്രുവരിയിൽ 1200 രൂപമാത്രം കൈവശം യാത്ര തിരിച്ചു. അവിടുത്തെ ഡീൻ ഒരു ഏഷ്യൻ വിദ്യാർത്ഥിയെ സ്വീകരിക്കാൻ വിമുഖത കാണിക്കുകയും അപേക്ഷ തള്ളുകയും ചെയ്തു. മുപ്പതുതവണത്തെ പ്രവേശന അഭ്യർത്ഥനകൾക്കുശേഷമാണ് അദ്ദേഹത്തിന് പ്രവേശനം ലഭിച്ചത് വെറും രണ്ടു വർഷം മൂന്നു മാസം കൊണ്ട് ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ അദ്ദേഹം 1911- മെയ് മാസത്തിൽ എം.ആർ.സി.പി, -യും എഫ്.ആർ.സി.എസ് -ഉം പൂർത്തിയാക്കി കൽക്കത്ത മെഡിക്കൽ കോളേജിൽ അധ്യാപകനായി.ഇത് ചരിത്രത്തിന്റെ ഭാഗമാണ്.
അദ്ദേഹം കൊൽക്കത്ത മെഡിക്കൽ കോളേജിലും പിന്നീട് ക്യാമ്പ്‌ബെൽ മെഡിക്കൽ കോളേജിലും കാർമൈക്കൽ മെഡിക്കൽ കോളേജിലും അധ്യാപകനായി. ചിത്തരഞ്ജൻ കാൻസർ ഹോസ്പിറ്റൽ, ജാദവ്പൂർ ടിബി ഹോസ്പിറ്റൽ, ചിത്തരഞ്ജൻ സേവാ സദാൻ, കമല നെഹ്‌റു മെമ്മോറിയൽ ഹോസ്പിറ്റൽ, വിക്ടോറിയ ഇൻസ്റ്റിറ്റ്യൂഷൻ (കോളേജ്), എന്നിവ സ്ഥാപിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കു നിർണായകമായിരുന്നു.പിന്നീട് കൊൽക്കത്ത സർവകലാശാല വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു .
1925 ൽ രാഷ്ട്രീയത്തിൽ വന്ന അദ്ദേഹം ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ബാരക്പൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1928 ൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1931 മുതൽ 1933 വരെ കൊൽക്കത്ത മേയറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഗാന്ധിജിയുമായി വലിയ ബന്ധമുണ്ടായിരുന്ന അദ്ദേഹം പിന്നീട് 1948 മുതൽ 1962 ൽ മരണം വരെ പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു.ആധുനിക പശ്ചിമ ബംഗാളിന്റെ ശില്പിയായും അദ്ദേഹത്തെ കണക്കാക്കുന്നു. 1961 ഫെബ്രുവരി 4 ന് രാജ്യം ഭാരതരത്ന നൽകി ആദരിച്ചു. 1962 ജൂലൈ 1 നു അന്തരിച്ചു .
അലോപ്പതി ആയുർവേദ ഹോമിയോ യുനാനി പാരമ്പര്യ വൈദ്യമുൾപ്പടെയുള്ള മുഴുവൻ വിഭാഗത്തിൽപെട്ടതുമായ ഭിഷഗ്വരന്മാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി ലോകത്തിനു മുൻപിൽ നിൽക്കുമ്പോഴും ഉയർന്ന പണം നൽകി മെഡിക്കൽ സീറ്റ് വാങ്ങി പഠിച്ചിട്ട് അത് വസൂലാക്കാനായി പാവപ്പെട്ട രോഗികകളെ ബലിയാടാക്കുന്ന അലോപ്പതി സംസ്കാരം ഞെട്ടിപ്പിക്കുന്നതാണെന്നു പറയാതെ വയ്യ . മാത്രമല്ല ഈ രംഗത്ത് നടക്കുന്ന സകല ചൂഷണങ്ങളുടെയും പങ്കു പറ്റുന്നവരായി ഒരു കൂട്ടം ഡോക്ടർമാർ മാറുന്നതും വലിയ സാമൂഹിക വിപത്തായി മാറുന്നു. ..
ഏവർക്കും ഭിഷഗ്വര ദിനാശംസകൾ…..