Saturday, September 21, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. റഷ്യൻ സേനയ്ക്കു മുന്നിൽ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ യുക്രെയ്ൻ സേന വധിച്ചു. സൈനികനെ വധിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അവശനായ സൈനികൻ മുടന്തി റഷ്യൻ സൈന്യമുള്ള ഭാഗത്തേക്കു പോകുന്നതും കീഴടങ്ങാനായി കൈകളുയർത്തുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു ഡ്രോണിനെ പിന്തുടർന്നാണു സൈനികൻ മുന്നോട്ടു നീങ്ങുന്നത്. റഷ്യയുടെ സൈനിക ഡ്രോണാണ് ഇതെന്നും സൈനികനു റഷ്യൻ ഭാഗത്തേക്കുള്ള വഴികാട്ടുകയായിരുന്നു ഈ ഡ്രോണെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, തൊട്ടുപിന്നാലെ സൈനികനെ ലക്ഷ്യമിട്ടെത്തിയ ബോംബ് അയാളുടെ ജീവനെടുക്കുകയായിരുന്നു. ഇതേസമയം ക്രൈമിയയിൽ അടക്കം യുക്രൈൻ സൈന്യം മിസൈൽ ആക്രമണം നടത്തി. 4 പേർ കൊല്ലപ്പെട്ടെന്ന് റഷ്യ അറിയിച്ചു. റഷ്യൻ അധിനിവേശ ക്രൈമിയയിലെ സേവസ്റ്റോപോൾ തുറമുഖനഗരത്തിൽ യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ 2 കുട്ടികൾ അടക്കം 3 പേരാണു കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്കാണു പരുക്കേറ്റത്. യുഎസ് നിർമിത 5 മിസൈലുകളിൽ 4 എണ്ണം റഷ്യൻ സേന വെടിവച്ചിട്ടു. ഒരെണ്ണം അന്തരീക്ഷത്തിൽ പൊട്ടിച്ചിതറിയെന്നും അധികൃതർ വ്യക്തമാക്കി.

2. ഗാസ സിറ്റിയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ പലസ്തീൻ ഫുട്ബോൾ താരം അഹ്മദ് അബു അൽ അത്തയും (34) കുടുംബവും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ഇവരുടെ വീടിനുനേരെ ബോംബാക്രമണമുണ്ടായത്. അത്തയുടെ ഭാര്യ ഡോ. റൂബ ഇസ്മായിലും 2 മക്കളും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഗാസ മുനമ്പ് ടീമായ അൽ അഹ്‌ലി ഗാസയുടെ കളിക്കാരനാണ്. ഒൻപതാം മാസത്തിലെത്തിയ ഗാസയുദ്ധത്തിൽ ഇതുവരെ 300 കായികതാരങ്ങളും സ്പോർട്സ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പലസ്തീൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷൻ ജിബ്‌രീൽ റജൗബ് പറഞ്ഞു. ഗാസ സിറ്റിയിലെ യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയുടെ (യുഎൻആർഡബ്ല്യൂഎ) കേന്ദ്രത്തിലും ബോംബിട്ടതായി റിപ്പോർട്ടുണ്ട്. ഇതേസമയം ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ പരുക്കേറ്റ പലസ്തീൻ യുവാവിനെ മിലിട്ടറി ജീപ്പിന്റെ മുകളിൽ കെട്ടിവച്ചുകൊണ്ടുപോകുന്നതിന്റെ വിഡിയോ പുറത്തുവന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജനിൻ സ്വദേശിയായ മുജാഹിദ് അസ്മിയെ ജീപ്പിൽ കെട്ടിവച്ചുകൊണ്ടുപോകുമ്പോൾ 2 ആംബുലൻസുകൾ കടന്നുപോകുന്നതും വിഡിയോയിൽ കാണാം. സൈന്യം ചട്ടം ലംഘിച്ചതായി ഇസ്രയേലും സ്ഥിരീകരിച്ചു.

3. റഷ്യയിൽ സിനഗോഗുകൾക്കും പള്ളികൾക്കും പൊലീസ് പോസ്റ്റിനും നേർക്ക് അജ്ഞാതരായ ഒരുകൂട്ടം അക്രമികൾ നടത്തിയ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഞായറാഴ്ച റഷ്യയിലെ ഡാഗെസ്റ്റനിലെ നോർത്ത് കോക്കസ് മേഖലയിലാണ് സംഭവമെന്ന് പ്രദേശത്തിന്റെ ഗവർണർ അറിയിച്ചു. ഡാഗെസ്റ്റനിലെ ഏറ്റവും വലിയ നഗരമായ മാഖച്‌കാലയിലും തീരനഗരമായ ഡെർബെന്റിലും ആക്രമണം ഉണ്ടായി. ഭീകരാക്രമണമെന്നാണ് ഗവർണർ സെർജി മെലികോവ് ഇതിനെ വിശേഷിപ്പിച്ചത്. മാഖച്‌കാലയിൽ ആക്രമണം നടത്തിയവരിൽ നാലുപേരെയും ഡെർബന്റിൽ രണ്ടുപേരെയും പൊലീസുകാർ വധിച്ചു. പൊലീസുകാരെക്കൂടാതെ ഓർത്തഡോക്സ് സഭയുടെ പുരോഹിതനും മറ്റുള്ളവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

4. ഹവായിയിൽ ഓഹു ദ്വീപിലെ മാലെകഹാന ബീച്ചിൽ സർഫിങ്ങിനിടെ ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ’ നടൻ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കടൽ സുരക്ഷാ ലൈഫ് ഗാർഡായും സർഫിങ് പരിശീലകനായും ജോലിയെടുത്തിരുന്ന തമയോയെ, സ്രാവ് ആക്രമിക്കുന്നതുകണ്ട് അടിയന്തര രക്ഷാസംഘമെത്തി കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ പരമ്പരയിലെ നാലാം സിനിമയിലാണു വേഷമിട്ടത്.

5. ഗാസയിൽ നിലവിലെ കനത്ത ആക്രമണം അവസാനിക്കുകയാണെന്നും യുദ്ധം അവസാനിക്കുന്നില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഭാഗികമായ വെടിനിർത്തലിനെ മാത്രമേ പിന്തുണയ്ക്കുന്നുള്ളുവെന്നും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ യുഎസ് മുൻകയ്യെടുത്തു തയാറാക്കിയ വെടിനിർത്തൽ പദ്ധതി യാഥാർഥ്യമാകാൻ സാധ്യത മങ്ങി. ഗാസയിലുള്ള 120 ബന്ദികളെ മോചിപ്പിക്കുന്നതടക്കം വ്യവസ്ഥകളുള്ള 3 ഘട്ട വെടിനിർത്തൽ പദ്ധതിയാണു കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവതരിപ്പിച്ചത്. ഇതിന് നെതന്യാഹു സർക്കാരിന്റെ അംഗീകാരമുണ്ടെന്നും യുഎസ് അവകാശപ്പെട്ടിരുന്നു. റഫയുടെ തെക്കുകിഴക്കൻ മേഖലകൾ പിടിച്ച ഇസ്രയേൽ സൈന്യം വടക്കുപടിഞ്ഞാറൻ മേഖലയിലേക്കു നീങ്ങിയെന്നാണു റിപ്പോർട്ട്. ടെൽ അൽ സുൽത്താൻ നഗരത്തിൽ കനത്ത ബോംബിങ്ങും വെടിവയ്പുമാണു നടക്കുന്നത്. ഗാസ സിറ്റിയിൽ ഒരു മെഡിക്കൽ ക്ലിനിക്കിനുനേരെയുണ്ടായ ബോംബാക്രമണത്തിൽ ഗാസയിലെ ആംബുലൻസ് ആൻഡ് എമർജൻസി വകുപ്പ് ഡയറക്ടർ ഹാനി അൽ ജാഫറവി കൊല്ലപ്പെട്ടു. എന്നാൽ, മുതിർന്ന ഹമാസ് നേതാവ് മുഹമ്മദ് സലാഹിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പറഞ്ഞു. യുദ്ധത്തിൽ കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകരുടെ എണ്ണം 500 കവിഞ്ഞു. 8 മാസം പിന്നിടുന്ന യുദ്ധകാലത്ത് ഗാസയിൽ കാണാതായ കുട്ടികളുടെ എണ്ണം 21,000 ൽ ഏറെയെന്നു ബ്രിട്ടിഷ് സന്നദ്ധസംഘടനയായ സേവ് ദ് ചിൽഡ്രൻ തയാറാക്കിയ റിപ്പോർട്ട് വെളിപ്പെടുത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരും ഇസ്രയേൽ സൈന്യം പിടിച്ചുകൊണ്ടുപോയവരും അജ്ഞാത മൃതദേഹങ്ങളായി മറവു ചെയ്യപ്പെട്ടവരും ഇതിൽ ഉൾപ്പെടും.

6. വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു വർഷത്തോളമാണ് ജൂലിയൻ അസാന്‍ജ് ജയിലി‍ൽ കഴിഞ്ഞത്. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയതായിരുന്നു അദ്ദേഹത്തിനു മേൽ ചുമത്തിയ കുറ്റം. തന്റെ സ്വാതന്ത്ര്യത്തിനു പകരമായി യുഎസ് കോടതിയിൽ കുറ്റമേൽക്കാമെന്ന് അസാൻജ് സമ്മതിച്ചതുകൊണ്ടാണ് ജയിൽമോചനം സാധ്യമായതെന്നാണ് തിങ്കളാഴ്ച രാത്രി പുറത്തുവന്ന കോടതി രേഖകൾ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലായിരുന്നു ജൂലിയൻ അസാൻജ് കഴിഞ്ഞിരുന്നത്. യുഎസ് സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം.

എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികൾ വഴി യുഎസ് ചാര പ്രവർത്തനം നടത്തിയിരുന്നു എന്നതും സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരംതാണ രീതിയിൽ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നതുമടക്കമുള്ള വീക്കിലിക്സിന്റെ വെളിപ്പെടുത്തലുകൾ ഭരണകൂടത്തെ രാജ്യാന്തര തലത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു. യുഎസിനു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും നേതാക്കളുടെയും പരാമർശങ്ങൾ പുറത്തുവരികയും ചെയ്തു. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെട്ടത്. ഇതോടെ അസാൻജിനെ ശത്രു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുവാനും അദ്ദേഹത്തെ പിടികൂടുവാനും അമേരിക്ക ശ്രമങ്ങളാരംഭിച്ചു. അമേരിക്ക, ഓസ്ട്രേലിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങൾ വിക്കിലീക്സ് നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തു. ഫെയ്സ്ബുക്, ഓൺലൈൻ സാമ്പത്തിക സ്ഥാപനങ്ങളായ വീസ, മാസ്റ്റർകാർഡ് തുടങ്ങിയവ വിക്കിലീക്സിനെതിരെ സേവന നിരോധനങ്ങൾ നടപ്പിലാക്കി. ഇതു വിപുലമായ പ്രതിഷേധങ്ങൾക്കും വിക്കിലീക്സിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഹാക്കർ ഗ്രൂപ്പുകളുടെ പ്രതികാര നടപടികൾക്കും കാരണമായി.

ഇതിനിടെ, സ്വീഡനിൽ അസാൻജിനെതിരെ ലൈം​ഗികാരോപണം ഉയർന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ ജയിലിലടയ്ക്കാൻ സ്വീഡൻ ശ്രമം തുടങ്ങി. അമേരിക്കയുടെ സമ്മർദ്ദഫലമായുണ്ടായ കേസാണിതെന്ന് ആരോപണങ്ങളുയർന്നു. പിന്നീടു പല രാജ്യങ്ങളിലായി അഭയം തേടിയ അസാൻജിനെ 2019 ഏപ്രിലിൽ ഇക്വഡോർ എംബസിയിൽനിന്നാണ് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. 2012 മുതൽ അദ്ദേഹത്തിന് അഭയം നൽകിയത് ഇക്വഡോർ ആയിരുന്നു.

7. കെനിയ പാർലമെന്റ് വിവാദമായ നികുതിവർധന ബില്ലിന് അനുമതി നൽകിയതിനെത്തുടർന്നു വൻ പ്രതിഷേധം. പാർലമെന്റ് വളപ്പിലേക്കു തള്ളിക്കയറിയ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പാർലമെന്റ് മന്ദിരത്തിനു തീയിട്ടു. പുതിയ നികുതി നിർദേശത്തിനെതിരെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. പ്രസിഡന്റ് വില്യം റൂട്ടോ ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ യുവാക്കൾ നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിനു ജനപിന്തുണ കൂടുകയാണ്. കടം തിരിച്ചടവ് ഉൾപ്പെടെയുള്ള പ്രതിസന്ധിയിൽ നിന്നു കരകയറാനായി 270 കോടി ഡോളറിന്റെ പുതിയ നികുതി നിർദേശങ്ങൾ അടങ്ങുന്ന ബിൽ ചർച്ച ചെയ്യുമ്പോൾ പ്രതിഷേധക്കാർ പാർലമെന്റ് വളഞ്ഞ് റൂട്ടോയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ബിൽ പാസാക്കി പാർലമെന്റ് പിരിഞ്ഞതോടെ അക്രമാസക്തരായ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി പാർലമെന്റ് മന്ദിരത്തിനു തീയിടുകയായിരുന്നു. 2 വർഷം മുൻപ് പാവങ്ങളുടെ മുന്നണിപ്പോരാളിയായി അധികാരത്തിലെത്തിയ റൂട്ടോയ്ക്കെതിരെ ജനരോഷം ശക്തമാണ്.

8. യുക്രെയ്ൻ അധിനിവേശത്തിനിടെ ചെയ്ത കുറ്റങ്ങൾക്ക് റഷ്യയുടെ മുൻ പ്രതിരോധമന്ത്രി സെർഗെയ് ഷൊയ്ഗു, ജനറൽ വലേറി ഗെറാസിമോവ് എന്നിവർക്കെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുക്രെയ്നിലെ വൈദ്യുതി ഉൽപാദനകേന്ദ്രങ്ങൾ തകർത്തതാണ് പ്രധാന കുറ്റം. യുക്രെയ്ൻ അധിനിവേശത്തിലെ യുദ്ധക്കുറ്റങ്ങൾക്ക് ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചവരുടെ എണ്ണം ഇതോടെ എട്ടായി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഇതിൽ പെടും. ഐസിസി നടപടിയെ യുക്രെയ്ൻ സ്വാഗതം ചെയ്തു. ഐസിസിയുടെ അധികാരപരിധിയിൽ പെടുന്ന കാര്യമല്ലിതെന്നും നിയമപരമല്ലെന്നും റഷ്യ പ്രതികരിച്ചു. യുക്രെയ്ൻ ഐസിസി അംഗമല്ലെങ്കിലും അവിടത്തെ കുറ്റങ്ങളിൽ നടപടിയെടുക്കാൻ 2013 നവംബറിൽ ഐസിസിക്ക് അധികാരം നൽകിയിരുന്നു. പുട്ടിന്റെ അടുത്ത അനുയായിയും യുക്രെയ്ൻ അധിനിവേശത്തിനു മുന്നിൽ നിന്നയാളുമാണ് ഷൊയ്ഗു. പ്രതിരോധ മന്ത്രി പദവിയിൽ നിന്നു മാറിയ അദ്ദേഹം ഇപ്പോൾ സുരക്ഷാസമിതി സെക്രട്ടറിയാണ്.

9. ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകൾ പറപ്പിച്ച് റൺവേയിൽ തടസ്സമുണ്ടാക്കിയതിനെത്തുടർന്ന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ രാജ്യാന്തര വിമാനത്താവളം ഇന്നലെ വെളുപ്പിനു 3 മണിക്കൂർ പ്രവർത്തനം നിർത്തിവച്ചു. ഇവിടെ ഇറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഒരു ബലൂൺ ടെർമിനൽ രണ്ടിലെ റൺവേയിൽ വീണു തകർന്നു. വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യം നിറച്ച ബലൂൺ ഉത്തര കൊറിയ കഴിഞ്ഞ മാസമാണ് ദക്ഷിണ കൊറിയയിലേക്കു പറപ്പിച്ച് ശല്യമുണ്ടാക്കിത്തുടങ്ങിയത്. ഉത്തര കൊറിയൻ നേതാക്കളെ വിമർശിച്ച് ദക്ഷിണ കൊറിയ ഭക്ഷ്യവസ്തുക്കളും മരുന്നും നിറച്ച ബലൂണുകൾ ഉത്തര കൊറിയയിലേക്കു പറത്തിയതിന് തിരിച്ചടിയായാണ് ഇതെന്ന് അവർ പറയുന്നു.

10. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അടുത്ത സെക്രട്ടറി ജനറലായി ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ ഒക്ടോബർ ഒന്നിനു സ്ഥാനമേൽക്കും. എതിർസ്ഥാനാ‍ർഥി റുമാനിയ പ്രസിഡന്റ് ക്ലൗസ് യൊഹാനിസ് കഴിഞ്ഞയാഴ്ച മത്സരത്തിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചതോടെയാണ് മാർക്ക് റുട്ടെ പദവി ഉറപ്പിച്ചത്. നിലവിലെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് (നോർവേ) 10 വർഷത്തിലേറെയായി ആ പദവി വഹിക്കുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നിനു ശക്തമായ പിന്തുണ നൽകുന്ന നാറ്റോയിൽ 32 അംഗരാജ്യങ്ങളാണുള്ളത്. കഴിഞ്ഞവർഷം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചയുടൻ പ്രബലരാജ്യങ്ങളായ യുഎസ്, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നിവ മാർക്ക് റുട്ടെയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.

11. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു കേടുപറ്റിയതിനാൽ സഞ്ചാരി സുനിത വില്യംസിന്റെ (58) മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഈ മാസം അഞ്ചിനാണ് ഇന്ത്യൻ വംശജയായ സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഏഴിന് ഇവർ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നെങ്കിലും ഇവരുടെ യാത്ര പല തവണ മാറ്റിവച്ച് 26ന് ആക്കിയിരുന്നു. ഇതു വീണ്ടും മുടങ്ങി. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദർശനവും ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയുമായിരുന്നു ഇത്. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണം 2 തവണ മാറ്റേണ്ടിവന്നു. കന്നി യാത്രയിലും പലതവണ ഇന്ധനമായ ഹീലിയം ചോർന്നു. സ്റ്റാർലൈനറിന്റെ യാത്രാസാധ്യത സംബന്ധിച്ച
 

പഠനമാണ് സുനിതയുടെയും വിൽമോറിന്റെയും പ്രധാന ലക്ഷ്യം. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ച് സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്. എന്നാൽ, അതിന്റെ ആവശ്യം ഇല്ലെന്നാണ് നാസയുടെയും ബോയിങ്ങിന്റെയും നിലപാട്. രാജ്യാന്തര നിലയത്തിലേക്ക് ആളുകളെ കൊണ്ടുപോയി തിരികെയെത്തിച്ചിട്ടുള്ള കമ്പനിയാണ് സ്പേസ് എക്സ്.

12. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായതോടെ ഗാസ സിറ്റി മേഖലയിൽനിന്ന് ആളുകൾ കൂട്ടപലായനം തുടങ്ങി. തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാനുള്ള സൈനിക നിർദേശം ലഭിച്ച നിസ്സഹായരായ പലസ്തീൻ കുടുംബങ്ങൾ അഭയം എവിടെയെന്നറിയാതെ ദുരിതയാത്രയിലാണ്. ബോംബാക്രമണം മൂലം തകർന്ന ഷുജയ്യ ഉൾപ്പെടെ മേഖലകളിലാണ് സൈനികടാങ്കുകളുടെ മുന്നേറ്റത്തിനിടെ കൂട്ടപ്പലായനം. യുദ്ധത്തിൽ ഇതിനോടകം കനത്തനാശം നേരിട്ടുകഴിഞ്ഞ മേഖലയിൽ, പലരും കയ്യിൽക്കിട്ടിയ സാധനങ്ങളുമെടുത്ത് കാൽനടയായി സ്ഥലമൊഴിയുകയാണ്. ഇന്നലത്തെ ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ചോളം വീടുകൾ തകർന്ന് 3 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ നടക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 47 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ, വെസ്റ്റ് ബാങ്കിൽ സൈനികരിലൊരാൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ‍ അറിയിച്ചു. 16 സൈനികർക്ക് പരുക്കേറ്റു. അടിസ്ഥാനസൗകര്യങ്ങളില്ലാതെ ആശുപത്രികൾ അടച്ചുപൂട്ടുന്നതിനിടെ, യുദ്ധത്തിൽ പരുക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്നതായി ഗാസയിലെ ഡോക്ടർമാർ പറയുന്നു. പരുക്കേറ്റ കയ്യോ കാലോ മുറിച്ചുനീക്കാൻ അനസ്തീസിയയ്ക്കുള്ള മരുന്നുകൾ പോലും കിട്ടാനില്ല. കുഞ്ഞുങ്ങൾ ഉൾപ്പെടെ 21 അർബുദരോഗികളെ ഈജിപ്തിലേക്കു മാറ്റി. ഇതിനിടെ, ഇസ്രയേലിൽ തീവ്ര യാഥാസ്ഥിതിക നിലപാടുകാരായ പുരുഷന്മാരെ സൈന്യത്തിൽ ചേർക്കണമെന്ന കോടതി നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമായി. സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെക്കാൾ ഭേദം മരിക്കുകയാണെന്നാണ് സമരക്കാരുടെ നിലപാട്. ഇസ്രയേലുമായി സംഘർഷം ശക്തിപ്രാപിക്കുന്ന ലെബനനിൽനിന്ന് തങ്ങളുടെ 20,000 പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയതായി കനേഡിയൻ സൈന്യം അറിയിച്ചു.

ഗാസയിലേക്കു സഹായം എത്തിക്കാനായി യുഎസ് പണിത കടൽപാലം ഫലപ്രദമല്ലെന്നും അറ്റക്കുറ്റപ്പണിക്കുവേണ്ടിയുൾപ്പെടെ സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുന്ന ആ സംവിധാനം ഉപേക്ഷിക്കണമെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാവും ജനപ്രതിനിധിസഭാംഗവുമായ മൈക്ക് റോജേഴ്സ് ആവശ്യപ്പെട്ടു. കര, വ്യോമ മാർഗങ്ങളിലൂടെയുള്ള സഹായനീക്കത്തിൽ ശ്രദ്ധിക്കണമെന്നാണ് ജനപ്രതിനിധിസഭയിലെ ആംഡ് സർവീസ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ റോജേഴ്സ് നിർദേശിക്കുന്നത്.

13. ബഹിരാകാശ നിലയത്തിനരികെ റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു. ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം റിസഴ്സ്–പി1 ആണ് നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽവച്ചായിരുന്നു സംഭവം. ഇതോടെ, നിലയത്തിലെ യുഎസ് ഗഗനചാരികൾ ഒരു മണിക്കൂറോളം പേടകത്തിൽ അഭയം തേടിയതായി നാസ അറിയിച്ചു. ഈ ഭൂനിരീക്ഷണ ഉപഗ്രഹം 2022 ലാണ് ഡീ കമ്മിഷൻ ചെയ്തത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽനിന്ന് അവശിഷ്ടങ്ങൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് റഡാറുകളിൽ പതിഞ്ഞിട്ടുണ്ട്.

14. രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) കാലാവധി പൂർത്തിയാക്കുമ്പോൾ തകർത്തുതരിപ്പണമാക്കേണ്ട ചുമതല ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സ് കമ്പനിക്ക്. 430 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു തള്ളിയിടാൻ കരുത്തുള്ള വാഹനം കമ്പനി നിർമിക്കും. അടുത്ത പതിറ്റാണ്ടിന്റെ ആദ്യമാണ് ഇതു വേണ്ടിവരിക. ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പം വരുന്ന നിലയം യുഎസ്, റഷ്യ എന്നിവിടങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞരാണ് പ്രധാനമായും നയിക്കുന്നത്. തിരിച്ചിറക്കാൻ ആവശ്യമായ റഷ്യൻ സാങ്കേതികവിദ്യയുമായാണ് നിലയം നിൽക്കുന്നത്. എന്നാൽ രാജ്യാന്തര ബഹിരാകാശ ധാരണകളിൽനിന്ന് റഷ്യ പെട്ടെന്നൊരു ദിവസം പിന്നോട്ടുപോയാലോ എന്നു കരുതി നിലയത്തെ തിരികെകൊണ്ടുവരാൻ ആവശ്യമായ കാര്യങ്ങൾ നാസ സ്വന്തം നിലയിൽ അന്വേഷിക്കുന്നുണ്ടായിരുന്നു. 24 വർഷമായി നിലനിൽക്കുന്ന നിലയത്തിന്റെ കാലാവധി 2030ൽ അവസാനിപ്പിക്കാനാണു നാസയുടെ പദ്ധതി. യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവരും ബഹിരാകാശ നിലയത്തിന്റെ നിലനിൽപ്പിനായി 2030 വരെ കൈകോർക്കാൻ ധാരണയുണ്ട്. 2028 വരെയേ നിലയത്തിന്റെ ഭാഗമായിരിക്കൂ എന്നാണ് റഷ്യയുടെ നിലപാട്. യുക്രെയ്ൻ യുദ്ധം ഉൾപ്പെടെ അടുത്തിടെ രാജ്യാന്തര തലത്തിൽ റഷ്യ മറ്റു രാജ്യങ്ങളുമായി ചേരാതെ നിൽക്കുകയാണ്. ഇക്കാരണങ്ങളാൽ കൃത്യമായ പദ്ധതിയൊരുക്കണമെന്ന് വൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള മറ്റു സർക്കാർ നേതൃത്വവും നാസയോട് ആവശ്യപ്പെട്ടു.
ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരിച്ചുവരുമ്പോൾ നിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരും. എങ്കിലും ബാക്കി ആളപായമുണ്ടാക്കാത്ത വിധം സമുദ്രത്തിൽ വീഴുന്ന തരത്തിലായിരിക്കും ക്രമീകരണമെന്നാണു കരുതുന്നത്. ഇതിനുള്ള ഒരുക്കങ്ങൾക്കായി 7032 കോടി രൂപയുടെ കരാർ ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രായമേറുന്നതിനാൽ രാജ്യാന്തര നിലയം 2031ൽ തിരിച്ചിറക്കുമെന്നു കഴിഞ്ഞ വർഷം നാസ പ്രഖ്യാപിച്ചിരുന്നു. 1998ൽ റഷ്യയുടെ പ്രോട്ടോൺ റോക്കറ്റാണ് സ്പേസ് സ്റ്റേഷൻ നിർമാണത്തിനുള്ള ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിച്ചത്.

15. പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന ആരോപണത്തിൽ മാലദ്വീപ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, ഊര്‍ജ വകുപ്പു സഹമന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെ അറസ്റ്റു ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അറസ്റ്റിനെ തുടർന്നു ഷംനാസിനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കി. ജൂൺ 23നാണ് മന്ത്രിയെയും മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ഏഴു ദിവസത്തേക്കു റിമാൻഡ് ചെയ്യുകയും ചെയ്തത്. എന്നാൽ സംഭവത്തിൽ ഔദ്യോഗികമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിട്ടില്ല. പ്രസിഡന്റുമായി കൂടുതല്‍ അടുപ്പത്തിലാകാനാണ് ഷംനാസ് ദുർമന്ത്രവാദം നടത്തിയതെന്നും രഹസ്യവിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഷംനാസിന്റെ സഹോദരനും മന്ത്രവാദിയുമാണ് അറസ്റ്റിലായ മറ്റു രണ്ടുപേരെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. പ്രസിഡന്റ് ഓഫിസിലെ മന്ത്രിയായ ആദം റമീസിന്റെ മുന്‍ഭാര്യയായ ഷംനാസ്, പ്രസിഡന്റ് മുയിസു മാലെ നഗരസഭാ മേയറായിരുന്ന കാലത്ത് സിറ്റി കൗണ്‍സിൽ മെംബറായിരുന്നു. കഴിഞ്ഞ വർഷം മുയിസു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഷംനാസ് കൗൺസിലിൽനിന്നു രാജിവച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ മുളിയാഗെയിൽ സഹമന്ത്രിയായി നിയമിതയായി. പിന്നീടു പരിസ്ഥിതി മന്ത്രാലയത്തിലേക്കു നിയമനം നേടുകയായിരുന്നു. കാലാവസ്ഥാ പ്രതിസന്ധി നിലനിൽക്കുന്ന രാജ്യത്ത് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, ഊര്‍ജ മന്ത്രിയായിരിക്കെ നിർണായകസ്ഥാനം വഹിച്ച മന്ത്രിയാണ് ഷംനാസ്. സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നത് ഈ നൂറ്റാണ്ടോടെ രാജ്യം വാസയോഗ്യമല്ലാതാക്കും എന്ന് യുഎൻ പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പു നൽകുന്ന സാഹചര്യത്തിൽ മന്ത്രിയുടെ അഭാവം നിർണായകമാവുമെന്നു രാഷ്ട്രീയനിരീക്ഷകർ പറയുന്നു. എന്നാൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മാലദ്വീപിൽ ദുർമന്ത്രവാദം ശിക്ഷാനിയമപ്രകാരം ക്രിമിനൽ കുറ്റമല്ല. പക്ഷേ, ഇസ്‌ലാമിക നിയമപ്രകാരം ആറു മാസത്തെ ജയിൽ ശിക്ഷവരെ ലഭിക്കാൻ സാധ്യതയുണ്ട്.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments