ഇപ്പോ എങ്ങോട്ട് തിരിഞ്ഞാലും സൈക്കോകൾ ആണ്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അക്രമാസക്തമായ സ്വഭാവ വിശേഷങ്ങൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവർ. എപ്പോ !എവിടെവച്ച്? ഏതു രീതിയിൽ എന്നൊന്നും മുൻകൂട്ടി പ്രവചിക്കാൻ ആവില്ല. സൈക്കോ ഇപ്പോൾ മിക്കവാറും കേസുകളിൽ അവരുടെ രക്ഷകൻ ആയിട്ട് മാറുകയാണ് ചെയ്യുന്നത്.എന്ത് ചെയ്യാം, സൈക്കോ അല്ലേ ?എന്ന് പറഞ്ഞു സമൂഹം കൈമലർത്തി കാണിക്കുന്ന ഒരു അവസ്ഥയാണ് യഥാർത്ഥത്തിൽ കാണുന്നത്.
തീരെ ചെറിയ കാരണങ്ങൾക്ക് പോലും അസാധാരണമാം വിധം അക്രമാസക്തമാവുക. സമനില വിട്ട് സ്ഥലകാലബോധം മറന്ന് വ്യക്തി ബോധം മാഞ്ഞ് ഒരു പ്രത്യേക മാനസിക നിലയിൽ സടകുടഞ്ഞ പ്രതികരണം ആണ് ഇങ്ങനെയുള്ളവരിൽ നിന്നും ഉണ്ടാവുക. ഇപ്പോ .. ആരോടും നല്ലതായാലും ചീത്തയായാലും ഒന്നും മിണ്ടാൻ പറ്റാത്ത കാലമാണ്! നമ്മൾ പറയുന്നതിനെ അവരുടെ അപ്പപ്പോഴത്തെ മാനസിക നില അനുസരിച്ച് അവർക്ക് ഏതു രീതിയിലും വളച്ചൊടിച്ച് ചിന്തിക്കാം. പെരുമാറാം.
എന്തെല്ലാം തരം സൈക്കോകൾ നമുക്ക് ചുറ്റും ഉണ്ട്.ഉദാഹരണത്തിന്
ക്രൂരമായി കുട്ടിയെ മർദ്ദിക്കുന്ന അധ്യാപകൻ / അല്ലെങ്കിൽ അധ്യാപിക.
അമ്മയെ,അച്ഛനെ മർദ്ദിച്ചവശരാക്കുന്ന മക്കൾ, മക്കളെ തല്ലിപഴുപ്പിക്കുന്ന അച്ഛനമ്മമാർ, കണ്ടക്ടറെ കൈകാര്യം ചെയ്യുന്ന യാത്രക്കാരൻ , ഡോക്ടറെ കൈയ്യേറ്റം ചെയ്യുന്ന രോഗികളും ബന്ധുക്കളും … തുടങ്ങി തിരിച്ചും മറിച്ചും സൈക്കോകൾ വർത്തിക്കുന്ന കാലം.
ഇതൊന്നും അല്ലാതെ ഇന്ന് വിവാഹ മാർക്കറ്റിൽ നടക്കുന്ന നല്ലൊരു ശതമാനം ഡിവോഴ്സ് കേസുകളിലും നമ്മൾ കേൾക്കാറുണ്ട് പെൺ വീട്ടുകാരുടെ ഭാഗത്തു നിന്നുമുള്ള വാദം പറച്ചിൽ ആ പയ്യനൊരു സൈക്കോ ആയിരുന്നു എന്നത്. ഭ്രാന്ത് പിടിപ്പിക്കുന്ന പ്രണയവും അതേപോലെ തന്നെ സംശയരോഗവും ഒക്കെ ഈ സൈക്കോ യിൽ പെടും. പ്രതികരണ രീതികളിൽ പ്രകടമായ വ്യത്യാസം ഉണ്ടാകും എന്നു മാത്രം.
പെട്ടെന്ന് ക്ഷുഭിതരാകുക, മുഷ്ടി ചുരുട്ടി ആഞ്ഞടുക്കുക, പല്ലുകൾ കൂട്ടി തിരുമ്മി കടിച്ചു പൊട്ടിക്കുക, എപ്പോഴും എന്തിനും അക്ഷമ പ്രകടിപ്പിക്കുക,നിസ്സാര കാര്യങ്ങൾക്ക് ഒച്ച വച്ച് ബഹളമുണ്ടാക്കുക ഇവയൊക്കെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ സൈക്കോ യിൽ പെടും.
ലഹരി പദാർഥങ്ങളുടെ ഉപയോഗം, മദ്യപാനം, മാനസിക സമ്മർദ്ദം, പിരിമുറുക്കം നിറഞ്ഞ ജീവിതസാഹചര്യങ്ങൾ, വളർന്നു വന്ന ചുറ്റുപാട് ഏൽപ്പിച്ച മാനസിക ആഘാതങ്ങൾ തുടങ്ങി.. പലവിധ കാരണങ്ങളാൽ മനുഷ്യർ സൈക്കോ ഉള്ളവരായി മാറുന്നു. സൈക്കോ എന്ന വാക്ക് തന്നെ ഇപ്പോൾ ഒരു സാധാരണ നേരമ്പോക്ക്
പറയുന്നതുപോലെ പ്രത്യേകിച്ച് ഇന്നത്തെ യുവ തലമുറയുടെ ഇടയിൽ പ്രചാരത്തിൽ വന്നിട്ടുണ്ട്.
സത്യത്തിൽ നമ്മുടെ ഇന്നത്തെ സമൂഹത്തിൽ സൈക്കോ വളരുകയാണ്.
പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അന്തർലീനമായി മനുഷ്യരെ കൊല്ലുകയാണ്.
ഇതിനെതിരെ സമൂഹം ഉണരേണ്ടിയിരിക്കുന്നു. ഓരോ വീടുകളും ഉണർന്നു പ്രവൃത്തിക്കേണ്ടിയിരിക്കുന്നു.അവരെ തിരിച്ചറിയേണ്ടിയിരിക്കുന്നു. നിരീക്ഷിക്കേണ്ടിയിരിക്കുന്നു. തങ്ങൾക്ക് പ്രിയപ്പെട്ടവർ, ബന്ധുക്കൾ, സ്വന്തക്കാർ, കൂട്ടുകാർ എന്നതിലുമൊക്കെ ഉപരിയായി ഇവരൊക്കെ മാനസിക വൈകല്യമുള്ള വ്യക്തികൾ ആണെന്ന് തിരിച്ചറിഞ്ഞ് മനസിലാക്കി വേണ്ട ചികിത്സ തേടണം. വിദഗ്ധ ഡോക്ടർമാരുടെ കൗൺസിലിംഗ് സെല്ലിന്റെ സഹായത്തോടെ രോഗികളെ ഘട്ടം ഘട്ടമായി ചികിത്സിക്കാം. അധികാരികളും ഭരണകൂടവും വേണ്ടവിധം ശ്രദ്ധ ചെലുത്തിയാൽ ഈ സമൂഹത്തിന്റെ പലതുറകളിൽ ഉള്ള സൈക്കോ കളെ കണ്ടെത്തി വേണ്ടവിധം ശ്രദ്ധ കൊടുക്കാനും ചികിത്സിക്കാനും കഴിയും. അതുവഴി ഭാവിതലമുറയിൽ വരാനിരിക്കുന്ന ഒരുപാട് അനാരോഗ്യകരമായ ലൈംഗിക ചൂഷണങ്ങളും ബലാത്സംഗങ്ങളും കൊല്ലും കൊലയും പീഡനങ്ങളും മർദ്ദനങ്ങളുമൊക്കെ തടയാൻ സാധിക്കും. നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കാനും
സമാധാനവും സാഹോദര്യവും ഒത്തൊരുമയും വളർത്താനും ഇത് സഹായകമാകും.
ഏതായാലും ജാഗരൂകരായി ഇന്നത്തെ കാലത്തിനൊപ്പം നടക്കുക.
“ഇത് സൈക്കോ യുഗം”.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി,സ്നേഹം.