Thursday, January 9, 2025
Homeസ്പെഷ്യൽഅന്താരാഷ്‌ട്ര ദാരിദ്ര നിർമാർജ്ജന ദിനം. ✍️അഫ്സൽ ബഷീര്‍ തൃക്കോമല

അന്താരാഷ്‌ട്ര ദാരിദ്ര നിർമാർജ്ജന ദിനം. ✍️അഫ്സൽ ബഷീര്‍ തൃക്കോമല

അഫ്സൽ ബഷീര്‍ തൃക്കോമല

1987 ഒക്ടോബര്‍ 17 ന് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ ദാരിദ്ര നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി ഒരു ലക്ഷത്തോളം ആളുകള്‍ ഒത്തുകൂടി ദാരിദ്രനിർമാർജ്ജന പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഒക്ടോബര്‍ 17 ദാരിദ്ര നിർമാർജ്ജന ദിനമായി ആചരിക്കുന്നത്.തുടർന്ന് ഐക്യരാഷ്ട്രപൊതുസഭ 1993 മാർച്ച്‌ 31 (നമ്പർ – 47 /196 ) ന് ഒക്ടോബർ 17 അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനമായി പ്രഖ്യാപിച്ചു .കോപെൻഹേഗിലെ സാമൂഹ്യ ഉച്ചകോടിയിൽ. 1997 മുതൽ 2006 വരെ, ലോകത്തെ ആദ്യത്തെ ദാരിദ്രനിർമാർജ്ജന ദശകമായി ആചരിക്കുവാൻ ഐക്യരാഷ്ട്രപൊതുസഭ 1995 ഡിസംബറിൽ തീരുമാനിക്കുകയും 2015 ആകുമ്പോഴേക്കും ലോകത്തിലെ കഠിന ദാരിദ്ര്യം പകുതിയാക്കി കുറയ്ക്കുവാൻ 2000ത്തിലെ സഹസ്രാബ്ദ ഉച്ചകോടിയിലെ ആദ്യത്തെ ലക്ഷ്യമായി തീരുമാനമെടുക്കുകയും ചെയ്തുവെങ്കിലും ലോകത്തില്‍ 100 കോടിയോളം ജനങ്ങളാണ് ദാരിദ്ര്യത്തിന്‍റെ പിടിയിൽ ഞെരിഞ്ഞമർന്നു ജീവിക്കുന്നത്
എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്.ദിവസം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരുടെ പട്ടികയില്‍ ഉൾപെടുത്തിയിരിക്കുന്നതെങ്കിലും ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിൽ അതി സങ്കീര്‍ണമായ മാനങ്ങളുള്ള ആഗോള പ്രതിഭാസമാണ് ദാരിദ്ര്യം എന്ന് കണക്കാക്കാം .

ദാരിദ്ര്യത്തിന്റെ വ്യാപ്തി അളക്കലും കൂട്ടലും കിഴിക്കലും ദാരിദ്ര്യത്തെ നിര്‍വചിക്കാനുപയോഗിക്കുന്ന രീതികളും എല്ലാം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വിധേയമാകുമ്പോഴും ഏതു തരത്തിലുള്ള ഇടപെടല്‍കൊണ്ട് ഇതിനു പരിഹാരമുണ്ടാക്കാൻ കഴിയും എന്നതും ആഗോള ദാരിദ്ര്യനിര്‍മാര്‍ജനം എന്നതും വലിയ ചോദ്യചിഹ്നമായി മാറുന്നു .ലോകത്തില്‍ ഒന്നാമത്തെ ജനസംഖ്യയുള്ളതും ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ഇന്ത്യയില്‍ 27.5 ശതമാനം ജനങ്ങളും ദരിദ്രരാണ് എന്നത് ഗൗരവമായി കാണേണ്ടതുണ്ട് .

ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി,യുദ്ധം ഉൾപ്പടെയുള്ള കാര്യങ്ങൾ കൊണ്ട് ലോകത്ത് ഇന്ന് 100 കോടിയോളം പേര്‍ നിത്യവൃത്തിക്ക് വകയില്ലാതെ വിഷമിക്കുകയും പോഷകാഹാര കുറവും ഭക്ഷണമില്ലാതെയും ലക്ഷക്കണക്കിനു കുട്ടികള്‍ മരിക്കുകയും ചെയ്യുന്നു. ലോകത്ത് ഒരു വര്‍ഷം നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ദാരിദ്ര്യം മൂലമാണെന്നാണ് കണക്കാക്കുന്നത്. ആഗോള വിശപ്പുസൂചിക(Global Hunger Index-GHI)യുടെ കണക്കുപ്രകാരം ഇന്ത്യ 116 വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ 101-ലാണ്.

രാജ്യന്തര തലത്തിൽ ദാരിദ്ര്യ നിർമാർജനത്തിനായി പ്രവർത്തിക്കുന്ന ഓക്സ് ഫാമിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സമ്പത്തിന്റെ സിംഹ ഭാഗവും ഏതാണ്ട് 70 ശതമാനത്തോളം കേവലം അറുപതോളം ആളുകളുടെ കയ്യിലാണെന്നും ലോകത്തിലെ മൊത്തം സമ്പത്തിന്റെ പകുതിയും വെറും എട്ടുപേരുടെ കയ്യിലാണെന്നും ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു .ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ പക്കലാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ അടുത്തിടയുണ്ടായതും ഈ ദിനത്തിൽ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

കുറഞ്ഞ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തിയാല്‍ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാം എന്ന നിഗമനത്തില്‍ എത്തിയ ലോകബാങ്കും മറ്റു ധനകാര്യ ഏജന്‍സികളും വികസ്വര രാജ്യങ്ങള്‍ക്ക് ധനസഹായം, നയപരിപാടികള്‍ വഴിയുള്ള ഇടപെടല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്കിയിട്ടുണ്ട് എന്നുള്ളത് മാത്രമാണ് ആശ്വാസം .ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ ഒന്നാം പഞ്ചവത്സര പദ്ധതി മുതല്‍ ഇന്നോളം ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രപദ്ധതികള്‍ ആയ സ്വര്‍ണ ജയന്തി ഗ്രാമസ്വര്‍ റോസ്ഗാര്‍ യോജന (SGSY), ജവഹര്‍ ഗ്രാമസമൃദ്ധി യോജന (JGSY), എംപ്ളോയ്മെന്റ് അഷുറന്‍സ് സ്കീം (EAS), സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന (SGRY), ഇന്ദിര ആവാസ് യോജന (IAY), നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് സ്കീം (NSAS), അന്നപൂര്‍ണ സ്കീം, പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന (PMGSY), ഇന്റഗ്രേറ്റഡ് വേസ്റ്റ്ലാന്‍ഡ്സ് ഡെവലപ്മെന്റ് പ്രോഗ്രാം (IWDP), ഡ്രോട്ട് പ്രോണ്‍ ഏരിയ പ്രോഗ്രാം (DPAP), ഡെസര്‍ട്ട് ഡെവലപ്മെന്റ് പ്രോഗ്രാം (DDP) എന്നിവ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കൂടാതെ കേന്ദ്ര നഗര വികസന മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ ചേരി നിര്‍മാര്‍ജന പരിപാടി (National Slum Development Programme-നസ്ടപ്)യും കേന്ദ്ര പൊതുവിതരണ വകുപ്പും ഉപഭോക്തൃ കാര്യങ്ങള്‍ക്കുള്ള മന്ത്രാലയവും കൂടി നടപ്പിലാക്കുന്ന ടാര്‍ഗറ്റഡ് പബ്ളിക് ഡിസ്റ്റ്രിബ്യൂഷന്‍ സ്കീം (TPDS), അന്ത്യോദയ അന്ന യോജന (AAY) എന്നിവയും അനൗപചാരിക വിദ്യാഭ്യാസ പരിപാടി (Nonformal Education Programme-NFEP), നാഷണല്‍ പ്രോഗ്രാം ഫോര്‍ ന്യൂട്രീഷണല്‍ സപ്പോര്‍ട്ട് റ്റു പ്രൈമറി എഡ്യൂക്കേഷന്‍ (NPNSPE), ഓപ്പറേഷന്‍ ബ്ളാക് ബോര്‍ഡ് (OBB), സര്‍വ ശിക്ഷാ അഭിയാന്‍ (SSA) എന്നീ പദ്ധതികള്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പും മാനവ വിഭവശേഷി മന്ത്രാലയവും പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന (PMRY), റൂറല്‍ എപ്ലോയ്മെന്റ് ഗാരന്റി പ്രോഗ്രാം (REGP) എന്നിവ കേന്ദ്ര കാര്‍ഷിക ഗ്രാമീണവ്യവസായ മന്ത്രാലയവും . മറ്റു വിവിധ വകുപ്പുകളുടെ ചുമതലയില്‍ വരുന്ന പദ്ധതികള്‍ രാസവളങ്ങള്‍ക്കുള്ള റിറ്റെന്‍ഷന്‍ പ്രൈസ് സ്കീം (RPS), സ്പെഷ്യല്‍ സെന്‍ട്രല്‍ അസ്സിസ്റ്റന്‍സ് റ്റു സ്പെഷ്യല്‍ കമ്പോണന്റ് പ്ലാന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സ്കീം (ICDS) എന്നിവയെല്ലാം കൃഷിക്കും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളാണ് .ഇത്രയൊക്കെ പദ്ധതികൾ സർക്കാർ തലത്തിൽ നടപ്പാക്കുമ്പോഴും ഇതൊക്കെ അർഹതപ്പെട്ട കൈകളിലെത്തുന്നുണ്ടോ എന്ന പരിശോധന സർക്കാർ തലത്തിൽ ഉണ്ടാകണം. ലോക ബാങ്കിന്റെ കണക്കനുസരിച്ച് അഞ്ച് ഇന്‍ഡ്യക്കാരില്‍ ഒരാള്‍ വീതം ദരിദ്രരും അതില്‍ 80 ശതമാനവും ഗ്രാമീണ മേഖലയിലുമാണ് മാത്രമല്ല ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കൂടുതലുള്ളത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുമാണന്നതും ഏറെ
ദുഃഖകരമാണ്.

നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും അതി ദരിദ്രരുടെ എണ്ണത്തിന്റെ അനുപാതികമായ കുറവ് കേരളത്തിന്റെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ വിജയം ഇന്ത്യക്കാകെ മാതൃകാപരമാണ് . ഭൂപരിഷ്കരണം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും വ്യാപനം, അധികാര വികേന്ദ്രീകരണം വിവിധ പെന്‍ഷന്‍ പദ്ധതികള്‍, ശക്തമായ പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ, നിരവധി ആസൂത്രണ പദ്ധതികളിലൂടെയുള്ള ഏകീകൃതമായ ശ്രമങ്ങള്‍ ഒക്കെ ചേർന്നപ്പോഴാണ് കേരളത്തിലെ ദാരിദ്ര്യ ലഘൂകരണത്തിനു വഴിതെളിച്ചത് .

തൊഴില്‍, അടുത്ത ബന്ധുക്കളുടെ സഹായം, അനാഥസംരക്ഷണം, ദാനധര്‍മങ്ങള്‍, കടമിടപാടുകളുടെ പ്രോത്സാഹനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കാന്‍ ഉതകുന്ന സാമൂഹിക സുരക്ഷാ പദ്ധതികൾ വിവിധ മത വിഭാഗങ്ങൾ മുൻപോട്ടു വെക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇസ്‌ലാമിലെ പഞ്ചകർമ്മങ്ങളിൽ സുപ്രധാനമായ സകാത്ത്. മതം നിഷ്കർഷിക്കുന്ന ചിട്ടയിൽ തന്നെ ഓരോ വിശ്വാസിയും ചെയ്തു വീട്ടേണ്ട നിർബന്ധ ബാധ്യതയാണ് അത് കൃത്യമായി നൽകാത്തവർക്കെതിരെ നിയമ നടപടിയും പാടെ നിഷേധിക്കുന്നവരെ അവിശ്വാസിയായി ഗണിക്കപ്പെടാനും ഇസ്‌ലാം കാർക്കശ്യം കാണിക്കുന്നു. വ്യക്തിതാൽപര്യാനുസരണം നടന്നു വരുന്ന സന്നദ്ധ സേവനം എന്നതിലപ്പുറം ഒരു സാമൂഹിക ബാധ്യതയായി ഇസ്‌ലാം സകാത്തിനെ പരിചയപ്പെടുത്തിയതിന്റെ വലിയ പ്രതിഫലനമാണ് ഗൾഫ് രാജ്യങ്ങളുൾപ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ അതി ദരിദ്രർ ഇല്ല എന്നുള്ളത് . നികുതി വ്യവസ്ഥയിൽ പരോക്ഷ നികുതി എന്ന പേരിലും എല്ലാ വിഭാഗം ജനങ്ങളിലും അടിച്ചേൽപ്പിച്ചിരിക്കുന്ന ഉപഭോക്താക്കളെല്ലാവരും ദൈനംദിന ജീവിതത്തിന് വകയില്ലാത്തവനും ബാധ്യസ്ഥനാകുന്ന തരത്തിൽ അശാസ്ത്രീയമായ നികുതിഘടന ഇന്ത്യ രാജ്യത്തുള്പ്പടെ നടപ്പിലാക്കിയിട്ടുണ്ട് എന്നത് എത്രമാത്രം യുക്തി സഹമാണെന്നുള്ളത് അധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ട് . വർത്തമാനകാലത്തു പട്ടിണിക്കാരെ ചേർത്ത് നിർത്തി അവരെ മുഖ്യധാരയിൽ എത്തിക്കാൻ സന്നദ്ധ സംഘടനകളും വ്യക്തികളും മുൻപോട്ടു വരുന്നു എന്നുള്ളത് വലിയ പ്രതീക്ഷ നൽകുമ്പോഴും നക്കാപ്പിച്ച നൽകിയിട്ടു പട്ടിണിക്കാരെ ചൂഷണം ചെയ്യുകയും സെൽഫിയെടുത്തു സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിപ്പിച്ചു സായൂജ്യമടയുന്നവരും അവരുടെ അന്ന ത്തിൽ കൈയിട്ടു വാരി സ്വജീവിതം ഉത്സവമാക്കുന്നവരെയും തിരിച്ചറിയുക ….

ദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിൽ നമുക്കും പങ്കു ചേരാം ….

✍️അഫ്സൽ ബഷീര്‍ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments