വിഷുദിനം സമാഗതമായ ഈ വേളയിൽ എന്റെ ബാല്യത്തിലെ നല്ലോർമ്മകളിലൂടെ ഓടി നടക്കുകയാണ് ഞാനിന്ന്.എന്റെ മനസ്സിനെ സ്പർശിച്ച കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങളോട് പങ്കുവെയ്ക്കട്ടെ.
അവയിൽ ചിലതാണ് കണിക്കൊന്നയും, മയിൽപീലിയും, മഞ്ചാടിയും.
ഇന്നുംഅവയൊക്കെ എൻ്റെ മനസ്സാകും ചെപ്പിനുള്ളിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കയാണ് ഞാൻ.
ചിലപ്പോഴൊക്കെ അവയെടുത്ത് പൊടിതട്ടി വൃത്തിയാക്കി മെല്ലെ തലോടിക്കൊണ്ട് ഓർമ്മകളുടെ തൊടിയിലൂടെ പതുക്കെ നടക്കും.
എന്ത് രസമാണെന്നോ, സുഖമുള്ള ഓർമ്മകളെ തലോടിക്കൊണ്ട് മന്ദം മന്ദം നടക്കുമ്പോൾ. അനിർവചനീയമായൊരു അനുഭൂതിയാണത്.
വിഷു ആഗതമാകുമ്പോൾ ഗതകാലസ്മരണകളിലേക്ക് മനസ്സ് ഊളിയിട്ടിറങ്ങും.
ഒരു നിമിഷമെങ്കിലും അതൊക്കെ എന്നെ എൻ്റെ മധുരസ്മരണകളുള്ള ബാല്യകാലത്തിലേക്ക് എത്തിക്കാറുണ്ട്.
ഒരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. മണ്ണിൽ പണിയെടുത്ത് ജീവിതം നയിക്കുന്നവർ. കർഷത്തൊഴിലാളി കുടുംബം.
വറുതിയുടെ കാലമായിരുന്നു അന്ന്. എങ്കിലും കുട്ടികളായ ഞങ്ങൾക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല.
മുത്തശ്ശിയിൽ നിന്നും കേൾക്കുന്ന നാട്ടറിവുകളും, ഞാറ്റു പാട്ടും, നാടൻപാട്ടുമെല്ലാം ഏറെ രസപ്രദവും വിജ്ഞാനപ്രദവുമായിരുന്നു. വടക്കൻപാട്ടിലെ ധീരനായകന്മാരെക്കുറിച്ചും, ഉണ്ണിയാർച്ചയെപ്പറ്റിയുമൊക്കെ കേൾക്കുമ്പോൾ അത്ഭുതമായിരുന്നു.
സാമ്പത്തികമായി താഴ്ന്ന നിലവാരത്തിൽ ആയിരുന്നു അന്ന് കുടുംബമെങ്കിലും വിശ്വാസത്തിന്റെയും സംസ്ക്കാരത്തിൻ്റേയും കാര്യത്തിൽ സമ്പന്നമായിരുന്നു.
ഓണം,വിഷു, ദീപാവലി, കാർത്തിക തുടങ്ങിയ നല്ല നാളുകൾ മേളക്കൊഴുപ്പോടെ ആഘോഷിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു അമ്മാവന്. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന ചൊല്ല് അർത്ഥവത്തായത് അന്നത്തെ കാലത്ത്എന്റെ കുടുംബത്തിൽ ആയിരുന്നു.
ജന്മികുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന കാലമായിരുന്നു അത്. ജന്മിയുടെ ഭൂമിയിൽ എൻ്റെ മുത്തച്ഛൻ ചെറിയൊരു ഓലപ്പുര വെച്ചതായിരുന്നു.
പിന്നീട് കുടികിടപ്പവകാശം കിട്ടിയതോടെ വീട് നില്ക്കുന്ന സ്ഥലമടക്കം പത്ത് സെൻ്റ് മുത്തച്ഛന് സ്വന്തമായി കിട്ടി.
അങ്ങനെ വീട് സ്വന്തമായെങ്കിലും ജന്മിക്ക് കാഴ്ച നല്കണമായിരുന്നു.
ഓണത്തിനും വിഷുവിനും .തൻ്റെ പറമ്പിൽ (ജന്മി നൽകിയ)താൻ നട്ടു നനച്ചുണ്ടാക്കിയ വാഴക്കുലയും, അതോടൊപ്പം നാലോ അഞ്ചോ പൊതി ഉണ്ടയും(അരി, തേങ്ങ, ശർക്കര ഇവ ചേർത്തുണ്ടാക്കുന്ന സ്വാദിഷ്ടമായ പലഹാരം) ജന്മിയുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കണം. ഉണ്ട തയ്യാറാക്കാനുള്ള ഒരുക്കങ്ങളായിരിക്കും വിഷുത്തലേന്ന്.
ഉണ്ടയ്ക്കുള്ള അരി വറുത്തെടുക്കുമ്പോഴും, തേങ്ങ ചിരകുമ്പോഴും, മുതിർന്നവരുടെ അടുത്ത് കുട്ടികളായ ഞങ്ങളും ചുറ്റിപ്പറ്റിനില്ക്കും.( അരിപ്പൊടിയും, തേങ്ങയും ശർക്കരയും ഏലക്കായും ചേർത്ത് ഉരലിൽ ഇടിച്ചാണ് ശർക്കര ഉണ്ടാക്കുന്നത്.) എന്തിനാണെന്നോ ഞങ്ങളുടെ കൊതി വരാതിരിക്കട്ടെ എന്നു പറഞ്ഞു മുത്തശ്ശി, അവരുണ്ടാക്കുന്ന ഉണ്ടയുടെ ചെറിയ കഷ്ണം ആദ്യം ഞങ്ങൾക്കു തരും. അതൊക്കെ ഒരു കൗതുകമായിരുന്നു. ഉത്സവപ്രതീതിയായിരുന്നു.
കുഞ്ഞു ഉരുളകളാക്കിയ ഉണ്ടകൾ ഞങ്ങൾ ആർത്തിയോടെ കഴിക്കും . എന്ത് സ്വാദാണെന്നോ !! ഇന്നും അതോർക്കുമ്പോൾ ഉണ്ടയുടെ മണവും സ്വാദും മൂക്കിലും നാവിലും തങ്ങി നില്ക്കും.
ജന്മിക്ക് കാഴ്ച(പുറപ്പാട് കൊടുക്കുക) നല്കുന്ന കുടിയാന് സദ്യയും, മുണ്ടും, വിഷു കൈനീട്ടവും കിട്ടും.
മുത്തച്ഛനും, മുത്തശ്ശിക്കും അത് വലിയ കാര്യമാണ്. വളരെ ബഹുമാനത്തോടെ അവർ അത് സ്വീകരിച്ചു വീട്ടിലേക്കു വരുമ്പോൾ വൃദ്ധരായ ആ കർഷക മനസ്സ് നിറയെ ആനന്ദത്തിൻ്റെ പൂക്കൾ വിരിയുകയായിരിക്കും.
അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷം ഇന്നും എൻ്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.
ഇനി വിഷുനാളിലെ പ്രധാനകാര്യങ്ങൾ എങ്ങനെയാണെന്നുള്ള ഓർമ്മകളിലേക്കൊന്നു പോയാലോ. വിഷു എന്നു പറയുമ്പോൾ തന്നെ മനസ്സിലേക്കോടി വരിക വിഷുക്കണിയും വിഷു കൈനീട്ടവുമാണല്ലോ.
വിഷുവിന്റെ തലേദിവസം രാവിലെ വെങ്കലപ്പാത്രങ്ങളും നിലവിളക്കുകളും മനോഹരമാക്കി മിനുക്കി വയ്ക്കും. അതുപോലെ വീടും പരിസരവും നന്നായി വൃത്തിയാക്കും.
അന്ന് കണി ഒരുക്കിയിരുന്നത് ചാണകം തേച്ചു മിനുക്കിയ തറയിലാണ്. കോലായിയുടെ മദ്ധ്യഭാഗത്ത്, നന്നായി കഴുകിയുണക്കി വെച്ച പുൽപ്പായയിൽ നല്ല വെളുത്ത മുണ്ട് വിരിക്കും. അതിന് നടുവിലായി ഒരു പലകമേൽ നിലവിളക്ക് കത്തിച്ചു വെക്കും. അടുത്തായി കൃഷ്ണ വിഗ്രഹവും വെക്കും. വിഭവങ്ങൾ എല്ലാം പലകയുടെ താഴെയായി ഭംഗിയായി ഒരുക്കി വെക്കും. കണിക്കൊന്ന, പച്ചമാങ്ങ അടയ്ക്ക, വെള്ളരി മുതലായവ ഒന്നിച്ചു ചേർത്ത് കുലയായി തലേ ദിവസംവീടിന്റെ ഉമ്മറത്ത് കെട്ടിത്തൂക്കി ഇടുകയായിരുന്നു അന്ന് പതിവ് . കണിവെക്കുമ്പോൾ അത് എടുത്തു മറ്റു വിഭവങ്ങൾക്കൊപ്പം വെക്കും.
കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ നിറതിരിയിട്ട നിലവിളക്കിന് അടുത്ത്, തളികയിൽ നാണയത്തുട്ടുകൾ നിരത്തിയിട്ടുണ്ടാകും. ഇതെല്ലാം ഞങ്ങൾ ഉറങ്ങിയതിനു ശേഷം അമ്മാവനാണ് ഒരുക്കിയിരുന്നത്. കാരണം കുട്ടികൾ ആദ്യമായി കണി കാണേണ്ടത് അവയൊക്കെയാണ്.
വിഷു ദിവസം നേരം പുലരുമ്പോൾ അമ്മ വന്ന് ഞങ്ങളെ വിളിച്ചുണർത്തി, കണ്ണ് പൊത്തിക്കൊണ്ട് നിലവിളക്കിന്റെ മുന്നിൽ കൊണ്ടുവന്നുകണി കാണിക്കും. അതിനു ശേഷം മുത്തശ്ശൻ കൈക്കുടന്നയിൽ വച്ച് തരുന്ന ആ നാണയത്തുട്ടുകൾ(വിഷുകൈനീട്ടം) കാണുമ്പോഴുണ്ടാകുന്ന സന്തോഷം അളവറ്റതായിരുന്നു.
ആ നാണയത്തോടൊപ്പം അമ്മാവനും അമ്മയും തരുന്ന നാണയത്തുട്ടുകളും ചേർത്തു പെട്ടെന്നു തന്നെ സമ്പാദ്യകുടുക്കയിൽ നിക്ഷേപിക്കും.
ഞങ്ങളുടെ കുടുംബ വീടുകളാണ് ആ പറമ്പിലുണ്ടായിരുന്നത്. അവിടെയുള്ള അംഗങ്ങളിൽ നിന്നെല്ലാം നാണയങ്ങൾ ശേഖരിച്ച് ഞങ്ങൾ കുട്ടികളെല്ലാംചേർന്ന് , വിഷുദിനം കഴിഞ്ഞ് ചെറിയ പീടിക കച്ചവടം തുടങ്ങും.
കണിവച്ച വിഭവങ്ങൾ കൊണ്ടൊരുക്കിയ സദ്യയും പായസവും കൂടിയാകുമ്പോൾ വിഷു കെങ്കേമമാകും.
സദ്യ കഴിഞ്ഞാൽ പിന്നെ അമ്മാവൻ്റെ വകയായി ചെറിയ തോതിലൊരു വെടിക്കെട്ടുണ്ട്.
ഞങ്ങളുടെ അമ്മായിയുടെ വീട് അടുത്തു തന്നെയാണ്. അവിടെ അമ്മായിയുടെ വീട്ടുകാർ വിഷുവിന് ഒരാഴ്ച മുൻപേ ചെറുതും വലുതുമായി ധാരാളം പടക്കങ്ങൾ നിർമ്മിച്ച് വിൽക്കുമായിരുന്നു.
കുട്ടികൾ പൊട്ടിക്കട്ടെ എന്നു പറഞ്ഞു കുറച്ചു പടക്കം അമ്മായിയുടെ വീട്ടുകാർ തരുമായിരുന്നു.
മുത്തശ്ശൻ്റെ വക വിഷു കൈനീട്ടം അവർക്കുമുണ്ടായിരുന്നു.
അങ്ങനെ കുടുംബക്കാരും, അയൽക്കാരും സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ആഘോഷിച്ചിരുന്ന വിഷു ,വിഷുക്കണി പോലെ ഹൃദ്യവും, പടക്കം പൊട്ടലുപോലെ ആഹ്ലാദഭരിതവുമായിരുന്നു.
ഇന്നത്തെ ബാല്യത്തിന് ഇതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു. വിഷുക്കണിക്ക് വെക്കേണ്ട വിഭവങ്ങളെല്ലാം അന്ന് അവനവൻ്റെ വീട്ടിൽ തന്നെ ഉണ്ടാക്കിയിരുന്നു. ഇന്നോ … എല്ലാം വിപണിയിൽ നിന്നും വൻവില കൊടുത്തു വാങ്ങി വെക്കുന്നു.
അന്നത്തെ ഭക്തിയോ,ഒരുമയോ , സ്നേഹമോ ഇന്നു കാണാനുമില്ല.
എല്ലാം ഒരു ആഢംബരം !പൊങ്ങച്ചം! മൊബൈലിൽ പകർത്തി മറ്റുള്ളവരെ കാണിച്ച് കേമത്തം നടിക്കൽ മാത്രം.
നന്മയുടെയും, സ്നേഹത്തിൻ്റേയും, കൂട്ടായ്മയുടേയും നിറവായ വിഷുക്കണിയും, വിഷു കൈനീട്ടവും, സദ്യയും പടക്കം പൊട്ടിക്കലുമെല്ലാം ഇന്നും മനസ്സിൽ കുളിർമ്മയോടെ കടന്നു വരാറുണ്ട് .അത്തരംനല്ല നിമിഷങ്ങളിൽ നിന്നും ലഭിച്ച നന്മയുള്ള ശീലങ്ങൾ മുന്നോട്ടുള്ള ജീവിതത്തെ ധന്യമാക്കിയിട്ടേയുള്ളൂ.
എന്റെ മക്കൾക്ക് പകർന്നു കൊടുക്കുവാൻ എന്റെ കൈയിൽ ഇന്ന് ഇതൊക്കെയേ അവശേഷിക്കുന്നുള്ളൂ.
പക്ഷേ ഞാൻ ആ കാലത്ത് അനുഭവിച്ച ആഹ്ലാദത്തിൻ്റെ വ്യാപ്തി എൻ്റെ ഓർമ്മകൾ പങ്കുവെക്കുമ്പോൾ, മക്കൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നതാണ് ഖേദകരമായ സത്യം.
കൂട്ടുകുടുംബത്തിൽ നിന്നും ലഭിച്ചിട്ടുള്ള സ്നേഹവാത്സല്യവും കരുതലും തന്നെയാണ് എൻ്റെ ജീവിതത്തിൻ്റെ മുതൽക്കൂട്ട്.
ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽക്കൃത ലോകത്തിൽ പുലർന്നാലും ഗ്രാമത്തിൻ വിശുദ്ധിയും വെളിച്ചവും മണവും മമതയുമുള്ള കൊന്നപ്പൂവും, വിഷുവും വിഷുക്കണിയും വിഷു കൈനീട്ടവും എന്നും പുതുമയുള്ള സ്നേഹ നിലാവാണ്.
ക്ലാവ് പിടിക്കാത്ത ഓർമ്മകളുടെ ഓട്ടുരുളിയിൽ വരുംകാല നന്മകളുടെ പ്രതീകമായ കണിക്കൊന്നയും, കണി വെള്ളരിയും, കൈകളിൽ പുതിയ വർഷത്തിൻ്റെ ചിഹ്നമായ കൈനീട്ടവും, കിലുക്കങ്ങളും, കണ്ണുകളിൽ തിന്മയെ ജയിക്കുന്ന ലാത്തിരിപ്പൂത്തിരിവെട്ടവുമായി പുതിയൊരു വിഷുക്കാലം കൂടി വന്നണഞ്ഞിരിക്കുന്നു.
എല്ലാ പ്രിയപ്പെട്ടവർക്കും ഐശ്വര്യപൂറ്ണ്ണവും, സമ്പൽസമൃദ്ധവുമായ ഒരു വിഷുദിനം, ആത്മാർത്ഥമായി ആശംസിക്കുന്നു.