പ്രിയപ്പെട്ടവരേ ഈ ഗാനം മറക്കുമോ എന്ന പംക്തിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഇന്ന് നമ്മൾ കേൾക്കുന്നത് ‘കടൽപ്പാലം’ എന്ന പടത്തിലെ ‘ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന്..’ എന്ന ഗാനമാണ്.
ഈ ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നത് മലയാളിമനസ്സിന്റെ അഭിവന്ദ്യനായ സീനിയർ എഴുത്തുകാരനും കേരളത്തിലെ വ്യത്യസ്തമായ പതിമൂന്ന് അണക്കെട്ടുകളുടെയും എട്ട് ടണലുകളുടെയും ഒമ്പത് പാലങ്ങളുടെയും നിർമ്മാണത്തിൽ സജീവനേതൃത്വം വഹിച്ച Er. T. R.ജോണി സാറിന്.
1969-ൽ നിർമ്മിച്ച കടൽപ്പാലം എന്ന പടത്തിലേതാണ് ഈ ഗാനം. വയലാറിന്റെ വരികൾക്ക് ദേവരാജൻ മാഷ് സംഗീതം നൽകി. എസ്. ബി . ബാലസുബ്രഹ്മണ്യത്തിന്റെ വേറിട്ട സ്വരത്തിൽ ആലാപനം.
വലിയൊരു ചോദ്യചിഹ്നമാണ് ഈ ഗാനം. വലിയ അർത്ഥം ഉൾക്കൊള്ളുന്ന ഈ ഗാനം കാലമിന്നേവരെ വ്യത്യസ്തമായ പുരുഷശബ്ദങ്ങളിലൂടെ പല വേദികളിലും നമ്മൾ കേട്ട് ആസ്വദിച്ചു.
എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാതെ ഈ ഗാനം നിലനിൽക്കുന്നു. അതുകൊണ്ട് തന്നെയായിരിക്കാം അഭിവന്ദ്യനായ ജോണിസാർ ഇങ്ങിനെ ഒരു ഗാനം മലയാളിമനസ്സിലൂടെ കേൾക്കാൻ ആവശ്യപ്പെട്ടതും.
പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരണമില്ല. അർത്ഥസമ്പുഷ്ടമായ വരികളുടെ ഉൾത്തുടിപ്പാണ് ഈ ഗാനത്തിനെ മേന്മയുള്ളതാക്കിമാറ്റിയത്. മരണാനന്തര ജീവിതത്തെപ്പറ്റി നമുക്കറിയില്ലല്ലോ. ഏഴു്സാഗരങ്ങളും ഭൂമിയും മാനവും കടന്ന് മറ്റേതോ ലോകത്തിലേക്ക് കടന്ന് പോവുന്നവരോട് കവി ചോദിക്കുന്നു:- അവിടെ മനുഷ്യർ ഉണ്ടോ..ഉണ്ടെങ്കിൽത്തന്നെ ഇതുപോലുള്ള മതങ്ങളുടെ വൻ മതിലുകൾ അവർക്ക് ചുറ്റും ഉണ്ടോ എന്ന്. ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു എന്ന് ഇതിഹാസങ്ങൾ വെറുതെ പറഞ്ഞതല്ലേ… ദൈവത്തിനെയും ഇബിലീസിനെയും ശരിയായ രൂപത്തിൽ കണ്ടപ്പോൾ മനുഷ്യരിലെ മനുഷ്യനെ കണ്ടില്ല. മനുഷ്യനെ മാത്രം കണ്ടില്ല. എത്ര സത്യമാണ് ആ പറച്ചിൽ. നമുക്ക് ഇനി ഗാനത്തിന്റെ വരികളിലേക്ക് കടക്കാം…
ഈ കടലും മറുകടലും
ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ
ഇവിടന്നു പോണവരേ
അവിടെ മനുഷ്യരുണ്ടോ
അവിടെ മതങ്ങളുണ്ടോ (ഈ കടലും..)
ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞൂ
ഈശ്വരനെ കണ്ടൂ ഇബിലീസിനെ കണ്ടൂ
ഇതു വരെ മനുഷ്യനെ കണ്ടില്ലാ
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല (ഈ കടലും..)
ഇവിടെ സമത്വം പൂവിട്ടിരുന്നതായ്
വെറുതേ മതങ്ങൾ നുണ പറഞ്ഞൂ
ഹിന്ദുവിനെ കണ്ടൂ മുസൽമാനെ കണ്ടൂ
ഇതു വരെ മനുഷ്യനെ കണ്ടില്ലാ
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല (ഈ കടലും..)
സത്യവും സമത്വവും സ്വാതന്ത്ര്യവുമൊക്കെഇവിടെ ഉണ്ടായിരുന്നെന്ന് മതങ്ങൾ കള്ളം പറഞ്ഞുവെന്ന് കവി കുറ്റപ്പെടുത്തുന്നു. ഹിന്ദുവിനെയും മുസൽമാനെയും കൃസ്ത്യാനിയെയും കണ്ടെങ്കിലും അതിലൊന്നും സത്യസന്ധമായ മനുഷ്യൻ ഇല്ലായിരുന്നു എന്ന സത്യം ഇന്നും സത്യമായി നിലനിൽക്കുന്നു. വയലാറിന്റെ വരികൾ കാലങ്ങളെ മറികടക്കുന്നതാണ്.
നമുക്ക് ഇനി ആ ഗാനം ഒന്ന് കേട്ടുനോക്കാം.
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായ് അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.