Saturday, December 28, 2024
Homeസ്പെഷ്യൽകാളിദാസകൃതിയായ കുമാരസംഭവത്തിൽ പാർവ്വതിയുടെ ജനനവും തുടർ സംഭവങ്ങളിലുടേയും ദർശനീകത. (ഭാഗം - 5)

കാളിദാസകൃതിയായ കുമാരസംഭവത്തിൽ പാർവ്വതിയുടെ ജനനവും തുടർ സംഭവങ്ങളിലുടേയും ദർശനീകത. (ഭാഗം – 5)

ശ്യാമള ഹരിദാസ്.

കാളിദാസൻ രചിച്ച പ്രശസ്ത കാവ്യമായ കുമാരസംഭവത്തിലെ ശിവപാർവ്വതി പ്രണയമാണ് ഇതിലെ പ്രധാന കഥാതന്തു. കവിശ്രേഷ്ഠന്മാരുടെ മനസ്സുകളാകുന്ന താമര കൂട്ടത്തിന് ബാലസൂര്യകാന്തിയായി സരസ്വതി ദേവിയുടെ അത്യന്തം താരുണ്യത്തോടു കൂടിയ ശൃംഗാരത്തിന്റെ പ്രവാഹം പോലെ ഗംഭീര ങ്ങളായ വാക്കുകളെ കൊണ്ടാണ് കവി ഈ കൃതി അവതരിപ്പിച്ചിരിക്കുന്നത്.

ബാലസൂര്യൻ എങ്ങിനെ താമരക്കൂട്ടത്തെ വികസിപ്പിക്കുന്നുവോ അപ്രകാരം കാളിദാസൻ അനുവാചക ഹൃദയങ്ങ ളെ വികസിപ്പിച്ചെടുക്കുന്നു.

കുമാരസംഭവം സുബ്രഹ്മണ്യന്റെ ജനനത്തെക്കുറിച്ചുള്ള കഥയാണ്. പാർവ്വതി പരമേശ്വരന്മാരെ ധ്യാനിച്ചു കൊണ്ടാണ് കാളിദാസൻ ഈ കാവ്യം എഴുതിയതെങ്കിൽ ശിവ പാർവ്വതിമാരെ സ്മരിച്ചുകൊണ്ടാണ് ഞാൻ ഈ രചന തുടങ്ങുന്നത്.

ലോകപിതാക്കളായ പാർവ്വതി പരമേശ്വരൻ മാരുടെ ആഗ്രഹ സാഫല്യത്തിനായുള്ള തീവ്രമായ തപസ്സും തജ്ജന്യമായ ഫലസിദ്ധിയുമാണ് ഈ സർഗ്ഗത്തിലെ പ്രതിപാദ്യം. പ്രേമത്തിന്റെ സർവാർത്ഥ സിദ്ധിയേയും കാളിദാസൻ ഈ കാവ്യത്തിൽ രസകരവും ഉദാത്തവുമായി വർണ്ണനം ചെയ്തിരിക്കുന്നു.

കുമാരസംഭവം ഒന്നാം സർഗ്ഗം ആരംഭിക്കുന്നത് കൈലാസനാഥനായ ഹിമാവാന്റെ വർണ്ണനയോടെയാണെന്ന് പറഞ്ഞല്ലോ?, തുടർന്ന് ഹിമാവാന്റെയും പത്നി മേനയുടേയും പുത്രിയായി അവതരിച്ച യാഗാഗ്നിയിൽ ആത്മാഹൂതി ചെയ്ത സതിയുടെ പുനർജന്മം ആയ പാർവ്വതിയെ ആപാദചൂഡം വർണ്ണിക്കുന്നു. നായകനായ ശിവൻ സതി വിയോഗം കൊണ്ട് നിർവിണ്ണനായി തപസ്സ് അനുഷ്ഠിക്കയാണ്. പാർവ്വതി സംഗമം തന്നെയായിരിക്കാം ശിവന്റെ തപോനുഷ്ഠാനത്തിന്റെ ആത്യന്തിക ലക്ഷ്യം.

അമൃത സമുദ്രത്തിന്റെ നടുവിൽ കല്പവൃക്ഷോദ്യാനത്താൽ ചുറ്റപ്പെട്ട മണിദ്വീപിൽ
രത്നസിംഹാസനത്തിൽ വാണരുളുന്ന പരാശക്തിയായ ദേവി ലോകരക്ഷണാർത്ഥo ഹിമാവാന്റെയും മേനയുടേയും പുത്രിയായി അവതരിക്കാൻ തയ്യാറായി. അതിമനോഹരമായ ആകൃതിയും ശരത് കാലചന്ദ്രനെ പോലെ ലാവണ്യവതിയായ ഒരു ശിശുവായി ദേവി ഹിമാവാന്റെ ഹേമ പ്രശോഭിതമായ മന്ദിരത്തിൽ പിറന്നു. ഒളിചിതറുന്ന ഒരു കറ്റക്കിടാവായി പെട്ടെന്ന് ആ പൈതൽ വളർന്നു. സർവ്വലോക സൗന്ദര്യസാരസർവ്വസ്വങ്ങളും ഒന്നിച്ചിണങ്ങിയ ഒരു വിശ്വമോഹന തരുണി മണിയായി അവലംബിച്ചു. ഹിമാവാൻ പുത്രിയെ കണ്ട് ആനന്ദവായ്പ്പോടെ ആശ്ലേഷിച്ചു ചുംബിച്ചു.

ആ സമയം നാരദമുനി അവിടെ എഴുന്നുള്ളി ഹിമാവാനോട് പറയുന്നു. ഈ കുമാരി സാക്ഷാൽ ജഗദീശ്വരിയുടെ അവതാരമാണ്. അങ്ങയുടെ തപസ്സിൽ സംപ്രീതയായ ജഗദീശ്വരി നൽകിയ വരമനുസരിച്ചാണ് ഇവൾ ഇപ്പോൾ പുത്രിഭാവത്തിൽ പിറന്നിട്ടുള്ളത്. ഗൗരി എന്നും പാർവതി എന്നുമുള്ള പേരുകളാൽ ഇവൾ കീർത്തിപ്പെടും. പരമശിവൻ ഇവളെ പാണിഗ്രഹം ചെയ്യും. ദക്ഷപുത്രിയായിരുന്ന സതിയുടെ പുനർജ്ജന്മമാണിവൾ എന്നും, ഈ ഭാഗ്യവതി പരമേശ്വരന്റെ പ്രിയപത്നിയായി തീരേണ്ടവളാണെന്നും, അന്യോന്യം ഉടൽപകത്ത് അർദ്ധനാരീശ്വര പദവി നേടുമെന്നും, ഇതു നിശ്ചയമാണെന്നും അതിനാൽ പുത്രിയെ പരമേശ്വരന് നൽകണം എന്നും നാരദൻ ഹിമവാനോട് പറഞ്ഞു. ഇവൾ കഴിഞ്ഞ ജന്മത്തിൽ സതിയായി ഭഗവാന്റെ വാമഭാഗം അലങ്കരിച്ചിരുന്നവളാണ്.

ദേവന്മാരുടെ സർവ്വവിധ രക്ഷക്കായും വീണ്ടും ജന്മമെടുത്തിരിക്കയാണെന്നും, ഇവളിൽ ശിവശങ്കരന് മഹാപരാക്രമിയായ ഒരു പുത്രൻ ജനിക്കുമെന്നും. ഇതും വിധി മുമ്പേ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളതാണെന്നും പറയുന്നു. ശിവ ശക്തികൾക്ക് ഭാര്യാഭർത്തൃന്യായമനുസരിച്ച് ഭാര്യയായാ ശക്തിയോട് ഭർത്താവ് ആയ ശിവൻ യോജിച്ചു എങ്കിൽ മാത്രമേ പ്രപഞ്ച സന്താനത്തെ ജനിപ്പിക്കുന്നതിന് ശക്തനാകു. അതിനാൽ പാർവ്വതി പരമേശ്വരന്മാർ ഒന്നിക്കണം.

നാരദന്റെ ഈ വാക്കുകൾ കേട്ട പാർവ്വതി അതിയായി സന്തോഷിക്കുകയും ശിവനോടുള്ള അനുരാഗം വർദ്ധിക്കുകയും ചെയ്തു. ഹിമാവാന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ ശിവനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന്. പക്ഷെ കോപിഷ്ഠനായ ശിവനോട് അത് പറയാനുള്ള ധൈര്യമില്ല.

കൈലാസത്തിൽ ഘോരതപസ്സനിഷ്‌ഠിക്കുന്ന ശിവനെ പരിചരിക്കാൻ ഹിമാവാൻ മോൾക്ക് അനുവാദം കൊടുത്തു. അങ്ങിനെ പാർവ്വതി തോഴിയേയും കൂട്ടി ശിവപരിപാലനത്തിന്നായി കൈലാസത്തിലെത്തുന്നു. ഇത്രയുമാണ് ഒന്നാം സർഗ്ഗത്തിൽ.

രണ്ടാം സർഗ്ഗത്തിൽ താരകാസുരന്റെ ചെയ്തികൾക്ക് പരിഹാരം തേടി ദേവന്മാർ ബ്രഹ്മാവിന്റെ അടുത്തെത്തുന്നു. ശിവപാർവ്വതി സംയോഗത്തിൽ ജനിക്കുന്നവനേ താരകാസുരനെ കൊല്ലാനാകു എന്നും ബ്രഹ്മാവ് അവരെ അറിയിക്കുന്നു.

കഠിനതപസ്സിൽ മുഴുകിയ ശിവഭഗവാന് വിവാഹവും പുത്രലാഭവും സാദ്ധ്യമാകുന്നത് എങ്ങനെയെന്ന് ദേവകൾ അത്ഭുതപ്പെട്ടു. അപ്പോഴാണ് ഹിമവൽ പുത്രി പാർവ്വതിദേവി ഭഗവാനെ പരിചരിച്ചുകൊണ്ട് കൈലാസത്തിൽ ഉണ്ടെന്ന് ദേവകൾ അറിഞ്ഞത്.

ശിവന് പാർവ്വതിയിൽ താല്പര്യം ജനിക്കണമെങ്കിൽ കാമദേവന്റെ ഇടപെടൽ വേണമെന്നറിഞ്ഞ ദേവകൾ കാമദേവനെ ക്ഷണിച്ചു വരുത്തി വിവരങ്ങൾ പറഞ്ഞു.

ദേവേന്ദ്ര നിർദ്ദേശപ്രകാരം കാമദേവനും ഭാര്യ രതിയും കൈലാസത്തിൽ എത്തി. അവർ വന്നു ചേർന്നപ്പോഴേയ്ക്കും കൈലാസം ഒരു പ്രണയോദ്യാനമായിത്തീ ർന്നു.

പാർവ്വതിയുടെ പരിചരണങ്ങളിൽ ഒട്ടും ശ്രദ്ധയില്ലാതെ ശിവൻ യോഗസമാധിയിലാണ്. അരുതാത്തതൊന്നും കാട്ടരുതെന്ന് നന്ദികേശ്വ രൻ കാമദേവനെ വിലക്കി. പക്ഷെ ശിവ തപസ്സിളക്കാൻ കാമൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

ഒരു താമരപ്പൂമാല പാർവ്വതി ശിവനുനേരെ ഭക്തിപൂർവ്വം നീട്ടി. അപ്പോൾ ശിവൻ ഉണർന്ന് പാർവ്വതിയെ കാടാക്ഷിക്കുകയും മനസ്സൊന്ന് ഇളക്കുകയും ചെയ്തു.

എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്നറിയാൻ ഭഗവാൻ ചുറ്റും നോക്കി. അപ്പോൾ പൂവമ്പും തൊടുത്തു നിൽക്കുന്ന കാമദേവനെ അദ്ദേഹം കണ്ടു. ശിവന്റെ തൃക്കണ്ണിൽ നിന്നും പ്രവഹിച്ച കോപാഗ്നിയിൽ കാമദേവൻ കത്തിച്ചാമ്പലായി. ഇതുകണ്ട രതീദേവി അലറി കരഞ്ഞു. ശിവകോപം കണ്ട പാർവ്വതി ഹിമവൽ സന്നിധിയിലേക്ക് മടങ്ങി. ഇതുകണ്ട ദേവകൾ നിരാശരായി. ഇത് മൂന്നാം സർഗ്ഗം.

നാലാം സർഗ്ഗം രതി വിലാപം.

കാമദേവന്റെ പാർശ്വത്തിൽ നിന്ന രതിദേവിയെ ആപത്തു കൂടാതെ കാത്തു രക്ഷിച്ചു. ദേവകാര്യ നിർവ്വഹണത്തിന്നായി സ്വന്തം പതി വെന്തെരിഞ്ഞ ശേഷം താൻ മാത്രം രക്ഷപ്പെട്ടതിൽ രതീദേവിയ്ക്ക് തെല്ലും ആശ്വസിക്കാനായില്ല. മൂന്നു ലോകങ്ങളിലേയും സകല ജീവികളിലും ജീവിതാസക്തി പകർന്നു പോന്നിരുന്ന രതി മന്മഥൻമാരിൽ ഇനി താൻ മാത്രം. ഒരു സ്ത്രീക്ക് അവളുടെ ജീവിതത്തിൽ സംഭവിയ്ക്കാവുന്ന ഏറ്റവും വലിയ ദുരന്തം തനിക്ക് സംഭവിച്ചിരിക്കുന്നു. വിധവയാക്കപ്പെട്ട രതീദേവി ഹൃദയവ്യഥയോടെ വിലപിച്ചു. ശിവ നിന്ദ ചെയ്യാൻ തന്നെ പ്രേരിപ്പിക്കരുതെന്നും അത് തന്റെ ജീവിതത്യാഗത്തിലെ കലാശിക്കുവെന്നും കാമൻ ദേവന്മാരോട് പറഞ്ഞതാണ്. എന്നാൽ അവർ തന്റെ പ്രിയതമനെ പ്രീണിപ്പിച്ചും ഭയപ്പെടുത്തിയും ഈ സാഹസത്തിന് പ്രേരിപ്പിക്കുകയായിരുന്നു. അതിനാൽ ബ്രഹ്മാദി ദേവന്മാരാണ് തന്റെ പതിയുടെ മരണത്തിന് കാരണം
എന്ന് രതീദേവി കുറ്റപ്പെടുത്തി.

പിന്നെയും ദേവി പലതും പറഞ്ഞു വിലപിച്ചു കൊണ്ടിരുന്നു. മരണ
മടഞ്ഞ പതിയുടെ ജഡശരീരം പോലും കാണാൻ സാധിക്കാത്ത താൻ എത്ര പാപിയാണ്. സകല ജീവജാലങ്ങളേ യും പാലിക്കുന്നവനാണ ത്രേ പരമേശ്വരൻ. അദ്ദേഹത്തിന്റെ സന്നിധിയിൽ വെച്ചുതന്നെ എന്റെ കാന്തന് ഈ ദുർഗതി വന്നല്ലോ?. ബ്രഹ്മാദി ദേവന്മാരുടെ സ്വാർത്ഥതയുടെ ഇരയായി എന്റ പതി ദേവനിന്ദ എന്ന പാപത്തേയും ബ്രഹ്മ ശാപത്തേയും ഭയന്നാണ് എന്റെ പതി ഈ ദൗത്യത്തിനു പുറപ്പെട്ടത്. നിരപരാധിയായ എന്റെ ഭർത്താവ് കൊടുംശിക്ഷ ഏറ്റുവാങ്ങി ഒരുപിടി ചാരമായ് ഒടുങ്ങി. ഇതാണോ മൂന്നു ലോകങ്ങളിലും പ്രശംസിക്കപ്പെടുന്ന ദേവനീതി. ഇതാണോ സർവ്വജ്ഞാനിയായ ശിവശങ്കരന്റെ “ശ്രിത ജനവാത്സല്യം “. ഇങ്ങനെ വിരഹ വിധുരയായി ഓരോന്നു പറഞ്ഞു വിലപിച്ചു കൊണ്ടിരുന്ന രതീദേവിയെ ബ്രഹ്മാവും, ദേവന്മാരും, ദേവേന്ദ്രനും, സാന്ത്വനിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചു. എങ്കിലും രതിയുടെ കണ്ണുനീർ അടങ്ങിയില്ല. നന്ദികേശൻ ദേവിയെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു. ഏതൊരു കാര്യത്തിന്റെ പിന്നിലും ഒരു കാരണമുണ്ടായിരി ക്കും. ശിവസാന്നിധ്യത്തിൽ നടന്നതു കാമദേവന്റെ ശരീര ദഹനമല്ലായിരുന്നു. ആശ്രിത ജനവത്സനായ ഭഗവാൻ പരമേശ്വരനെ ശരണം പ്രാപിക്കു. അദ്ദേഹത്തെ പ്രീതനാക്കിയാൽ തീർച്ചയായും നിന്റെ പതിക്ക് ഭഗവാൻ പുനർജന്മം നൽകി അനുഗ്രഹിക്കും. നിന്റെ വൈധവ്യം മാറുകയും ചെയ്യും. നന്ദികേശോപദേശം ശ്രവിച്ച് ശാന്തചിന്തയായിത്തീ ർന്ന രതീദേവി തന്റെ ഭർത്താവിന് പുനർജന്മം നേടികൊടുക്കുന്നതിനായി ഭഗവൽ പാദങ്ങൾ സ്മരിച്ചുകൊണ്ട് തപസ്സാരംഭിച്ചു. (തുടരും) അടുത്തതിൽ അഞ്ചാം സർഗ്ഗം.

ശ്യാമള ഹരിദാസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments