Saturday, November 16, 2024
Homeസ്പെഷ്യൽമഹാകവി കാളിദാസനും അദ്ദേഹത്തിന്റെ കൃതിയായ മേഘസന്ദേശത്തിന്റെ ദർശനീകതയും (ഭാഗം -3) ✍ ശ്യാമള ഹരിദാസ്

മഹാകവി കാളിദാസനും അദ്ദേഹത്തിന്റെ കൃതിയായ മേഘസന്ദേശത്തിന്റെ ദർശനീകതയും (ഭാഗം -3) ✍ ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

കാളിദാസ കൃതിയായ മേഘസന്ദേശത്തിന്റെ ദർശനീകത.

സംസ്‌കൃത സാഹിത്യത്തിൽ അതുല്യ കവി കാളിദാസന്റെ രചനാ വൈഭവം കൊണ്ട് മഴവില്ലു പൂത്തുലഞ്ഞ മേഘ സന്ദേശത്തിന്റെ ഘടനാ ലാവണ്യം ആസ്വാദക ഹൃദയങ്ങളിൽ ചന്ദനത്തി ന്റെ പരിമളം പൂശുന്നതാണ്. അതിമനോഹരവും, മഹത്തുവുമായ കാളിദാസ കൃതികളിൽ ഉച്ചാവസ്ഥയിൽ വിളങ്ങുന്ന കൃതിയാണ് മേഘസന്ദേശം.

കഥാതന്തു

കാശ്ചിത് കാന്ത എന്ന മനോഹരമായ ശ്ലോകത്തോടെയാണ് മേഘസന്ദേശം തുടങ്ങുന്നത്. തന്റെ പത്നിയുടെ “അസ്തി കാശ്ചിത് വാദാർത്ഥo “ എന്ന ചോദ്യത്തിൽ നിന്നും അവരുടെ ഓർമ്മയ്ക്കായി “കാശ്ചിത് “ എന്ന പദത്തിൽ നിന്നും രചിച്ചതാണ് മേഘസന്ദേശം. വേർപിരിഞ്ഞിരിക്കേണ്ടി വന്ന ദമ്പതികളുടെ വിര ഹമാണ് ഇതിന്റെ ഇതിവൃത്തം. കൃത്യവിലോപനത്തിന് ശിക്ഷിക്കപ്പെട്ട് അളകാ പുരിയിൽ നിന്നും വിന്ധ്യാപർവ്വതപ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷൻ (ഗന്ധർവ്വൻ) ആണ് ഈ കാവ്യത്തിലെ കഥാനായകൻ.

കൈലാസത്തിലുള്ള അളകാനഗരി നിവാസികളാണ് യക്ഷന്മാർ. അവരുടെ രാജാവ് വൈശ്രവണനായ കുബേരനും ആണ്. ഒരിക്കൽ അദ്ദേഹത്തിന്റെ കീഴിൽ ഉള്ള ഒരു യക്ഷൻ ജോലിയിൽ എന്തോ പിഴവ് വരുത്തി. അതിനുള്ളശിക്ഷ ഒരു കൊല്ലത്തേക്ക് പത്നിയുമായി പിരിഞ്ഞിരിക്കണമെന്നായിരുന്നു സ്വാമിയുടെ ശാപം. (കാരഗൃഹവാസം)

അങ്ങിനെ ഭാര്യയെ പിരിഞ്ഞ വിഷമത്തോടെ യക്ഷൻ അളകാപുരിയിൽ നിന്നും വിന്ധ്യാ പർവ്വത പ്രദേശത്തെ ജനകാത്മജയുടെ നീരാട്ടത്താൽ പാവനമായിട്ടുള്ള ജലാശയങ്ങളോടും തണൽ മരങ്ങളോടും കൂടിയ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട യക്ഷൻ അതിതീവ്രമായ ദുഖത്തിന്നടിമയായിരുന്നു.

പത്നിയെ വിട്ടുപിരിഞ്ഞ വിഷമത്താൽ മെലിഞ്ഞുപോയ യക്ഷന്റെ കയ്യിലെ പൊൻവള ഊരി പോയി ശൂന്യമായിരുന്നു. കാരാഗൃഹത്തിൽ ഇരിക്കുന്ന യക്ഷൻ വിരഹംകൊണ്ട് ക്ഷീണിതനായി എന്നതി ന് കാളിദാസൻ ഇവിടെ ഉപമിക്കുന്നത് തോൾവളകൾ എല്ലാം ഊരി പോകുന്നു എന്നാണ്. യക്ഷന് തന്റെ ഭാര്യയെ തന്റെ ഉള്ളിൽ പെയ്തിറങ്ങുന്ന വിഷമത്തെ അറിയിക്കണം. തനിക്ക് അവളോടുള്ള സ്നേഹത്തെ അറിയിക്കണം, അതിന് ഒരു ദൂത് വേണം. കാരാഗൃഹത്തിൽ കഴിയുന്ന യക്ഷനാകട്ടെ ഒന്നിനും കഴിയുന്നുമില്ല.

അങ്ങിനെ വിഷമിച്ചിരിക്കുമ്പോൾ ആഷാഢമാസത്തിലെ ആദ്യദിവസങ്ങളിലൊന്നിൽ ആ യക്ഷൻ ഒരു കാർമേഘത്തെ കണ്ടെത്തി. ആ കാർമേഘമാകട്ടെ താഴ്വരയിൽ കൊമ്പുകുത്തി കളിക്കാൻ ഒരുമ്പെടുന്ന കൊമ്പനാനയോട് ഉപമിക്കാവുന്നതുമായ അഴകുമായ് താഴ്വരയെ തഴുകി വന്നെത്തി. വിരഹദുഃഖത്താൽ അതിന്റെ മുൻപിൽ ചെന്നു നിന്നിട്ട് ഉള്ളിൽ കണ്ണുനീർ വർഷിച്ചുകൊണ്ട് ഏറെനേരം ചിന്തയിലാണ്ടു.

അവൻ ആ മേഘം വഴി തന്റെ പത്നിക്ക് ഒരു സന്ദേശം അയക്കാം എന്നു കരുതി.അതിനുവേണ്ടി അയാൾ ആ മേഘത്തെ സ്വാഗതം ചെയ്തു. യക്ഷൻ മേഘത്തോട് ഇപ്രകാരം പറയുന്നു. താങ്കൾ ലോക വിഖ്യാതമായ പുഷ്കലാവർത്തകന്മാരുടെ വംശത്തിൽ പിറന്നവനും ഇന്ദ്രന്റെ കാമരൂപനായ പ്രതിപുരുഷനാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഉറ്റവരിൽ നിന്ന് വേർപ്പെട്ടു നിൽക്കുന്ന ഞാൻ താങ്കളുടെ അടുത്ത് അപേക്ഷയുമായി വന്നത്. യക്ഷൻ തന്റെ വിഷമവൃത്തം മുഴുവൻ അറിയിച്ച് വിൻഡ്യാ പർവ്വതത്തിൽ നിന്നും അളകാപുരിവരെയുള്ള വഴിയും മേഘത്തിനു പറഞ്ഞു കൊടുക്കുന്നു. മാർഗ്ഗവർണ്ണനയിലെ പ്രകൃതി ചിത്രങ്ങളിൽ വിരഹിതനായ പതിയുടെ മാറിമാറിവരുന്ന മനോഭാവങ്ങൾ തെളിയുന്നു.

താങ്കൾ ദുഖിതന്മാർക്ക് എപ്പോഴും ശരണ മായിട്ടുള്ളവനാണല്ലോ?.അതുകൊണ്ട് വൈശ്രവണ കോപത്താൽപിരിഞ്ഞിരിക്കുന്ന എന്റെ സന്ദേശം പ്രിയതമയ്ക്ക് അങ്ങ് എത്തിക്കണം. അളകാ എന്നു പേരായ മഹേശ്വരന്റെ മുടിപ്പൂനിലാവിൽ ആറാടി നിൽക്കുന്ന സിതമണിമയങ്ങളായ മാളികകളോടുകൂടിയ യക്ഷപ്രഭുക്കളുടെ നാട്ടിലേക്കാണ് താങ്കൾ ചെല്ലേണ്ടത്.മലകൾ യക്ഷന് ഭൂമിയുടെ സ്തനങ്ങളും ജലസമൃദ്ധമായ നദികൾ വിലാസവതികളായ യുവകാമിനികളും, വേനലിൽ വരണ്ട നദികൾ വിരഹിണികളായ നായിക മാരുമായി തോന്നിച്ചു. താങ്കൾ കാർമേഘമായി എത്തിയാൽ പിന്നെ ആരെങ്കിലും വിരഹം കൊണ്ടു വലയുന്ന പത്നിയെ കൈവെടിയുമോ?. അവിടുത്തെ കാറ്റ് അനുകൂലമായി വീശി താങ്കളെ സന്തോഷിപ്പിയ്ക്കും.

ഈ പ്രപഞ്ചത്തിൽ വിരഹദുഃഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്ന് രവീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടിട്ടുണ്ടത്രേ! സംസ്‌കൃത സാഹിത്യ രചനകളിൽ ഏറ്റവും തീവ്രമായ പ്രണയാവിഷ്ക്കാരമാണ് “മേഘസന്ദേശം”. അതിമനോഹരമായ ഭാവനാശൈലികൊണ്ടും ഘടനാ ലാവണ്യം കൊണ്ടും ആസ്വാദകഹൃദയങ്ങളിൽ ചന്ദനത്തിന്റെ പരിമളം വീശുന്നതാണ് കാളിദാസ കൃതികൾ.നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതിന്റെ മൂല്യം ഒട്ടും നഷ്ടപ്പെടാതെ എന്നും മാനവ ഹൃദയങ്ങളിൽ തിങ്ങിവിളങ്ങി നിൽക്കുന്നതാണ് കാളിദാസ കൃതികൾ.

✍ ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments