Monday, December 23, 2024
Homeനാട്ടുവാർത്തകോട്ടയ്ക്കലിൽ ആയുർവേദ സർവകലാശാല വേണം 

കോട്ടയ്ക്കലിൽ ആയുർവേദ സർവകലാശാല വേണം 

കോട്ടയ്ക്കൽ.കോട്ടയ്ക്കലിൽ ആയുർവേദ സർവകലാശാല സ്ഥാപിക്കുന്നതു സംബന്ധിച്ചു ലഭിച്ച ശുപാർശ പരിശോധിച്ചുവരികയാണെന്ന് മന്ത്രി വീണാജോർജ്. കെ.കെ.ആബിദ് ഹുസൈൻ തങ്ങളുടെ ചോദ്യത്തിനു നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
ആയുർവേദത്തിന്റെ നാട്ടിൽ സർവകലാശാല സ്ഥാപിക്കണമെന്ന ആവശ്യത്തിനു അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1970ൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കെത്തിയ അന്നത്തെ രാഷ്ട്രപതി വി.വി.ഗിരിയാണ് ആശയം മുന്നോട്ടുവച്ചത്.

2005ൽ സർവകലാശാല എന്ന ആവശ്യത്തിനു വേണ്ടി മനോരമ ചെയ്ത ‘മുടന്തി മുന്നേറുന്ന ആയുർവേദ കോളജ് ’ എന്ന അന്വേഷണ പരമ്പരയെത്തുടർന്ന് ഉന്നതതല ചർച്ചകളും പ്രഖ്യാപനങ്ങളുമൊക്കെ നടന്നിരുന്നു. ഏകദേശ രൂപരേഖ തയാറാക്കുകയും പദ്ധതിയുടെ നടത്തിപ്പിനായി സ്പെഷൽ ഓഫിസറെ നിയമിക്കുകയും ചെയ്തു. 2012ൽ ഒരു കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവയ്ക്കുകയുമുണ്ടായി. പിന്നീട്, നടപടികൾ ഉണ്ടായില്ല.
സംസ്ഥാനത്ത് 18 ആയുർവേദ കോളജുകൾ ഉണ്ടായിട്ടും ആയുർവേദ സർവകലാശാല യാഥാർഥ്യമാകാത്തത് വലിയൊരു കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജാംനഗർ, ജോധ്പൂർ, ഹോഷിയാപൂർ, ഡെറാഡൂൺ എന്നിവിടങ്ങളിലെല്ലാം ഇത്തരം സർവകലാശാലകളുണ്ട്. അതേസമയം, കോട്ടയ്ക്കലിന്റെ രാജ്യാന്തര പ്രശസ്തി ഇവയ്ക്കൊന്നിനും ഇല്ല. നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലുള്ള വികസനമാകും സർവകലാശാല വന്നാൽ ഉണ്ടാവുകയെന്നു വിലയിരുത്തപ്പെടുന്നു. ആയിരക്കണക്കിനു ആളുകൾക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും.

സർവകലാശാലയോടൊപ്പം തുടങ്ങുന്ന അനുബന്ധ സ്ഥാപനങ്ങൾ പ്രാദേശിക വികസനത്തിനു പ്രധാന പങ്കുവഹിക്കും.
1,000 കിടക്കകളുള്ള ആയുർവേദ ആശുപത്രി സ്ഥാപിക്കപ്പെടും. സംസ്ഥാനത്ത് പഠിച്ചിറങ്ങുന്ന ആയുർവേദ ബിരുദക്കാർക്കു ഒട്ടേറെ തൊഴിലവസരങ്ങൾ ലഭ്യമാകും. ആയുർവേദ ഗവേഷണ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും. ആയുർവേദ ടൂറിസം മേഖലയിലും ഉണർവുണ്ടാകും.
വിഷയം ലോക്സഭയിലും പലതവണ ചർച്ച ചെയ്തിരുന്നു.കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾക്കു എല്ലാവിധ പിന്തുണയും കോട്ടയ്ക്കൽ ആര്യവൈദ്യശാല നൽകുമെന്ന് മാനേജിങ് ട്രസ്റ്റി
ഡോ.പി.എം.വാരിയർ പറഞ്ഞു.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments