കോഴിക്കോട്: എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് ലോറി ഉടമ മനാഫ്. തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു.
താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ല. ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോൾ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചതെന്നും മനാഫ് വ്യക്തമാക്കി.
യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റ്. ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്.
യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും മനാഫ് ചോദിച്ചു.
തന്റെ ലോറിക്ക് അർജുന്റെ പേരിടും. കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
അർജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസിലാകും. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാൽ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു.