നിയമപ്രകാരമാണെന്നും കമ്മീഷൻ ലഭിക്കുമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് സൈബർ തട്ടിപ്പിലൂടെ ആളുകളിൽ നിന്ന് തട്ടിയെടുക്കുന്ന തുക, മറ്റുള്ളവരുടെ അക്കൌണ്ട് വഴി തട്ടിപ്പുകാർ കൈക്കലാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പത്തനംതിട്ട ജില്ലാ പൊലീസ് അറിയിച്ചു.
വിദ്യാർത്ഥികളായ കൗമാരക്കാരെയും യുവാക്കളെയുമാണ് പ്രധാനമായും സൈബർ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളെയും യുവാക്കളെയും സമീപിച്ച് പോക്കറ്റ് മണിക്കുള്ള തുക കണ്ടെത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബാങ്ക് അക്കൗണ്ട് നമ്പരും മറ്റും കൈക്കലാക്കി, മറ്റുള്ളവരുടെ അക്കൗണ്ടിൽ നിന്നും തുക ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് രീതി.
എ ടി എം കാർഡുപയോഗിച്ചും പിൻവലിക്കും. സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതി നൽകുമ്പോൾ അക്കൗണ്ടുവിവരങ്ങളും എ ടി എം കാർഡും നൽകിയവർ കേസിലുൾപ്പെടുന്ന സ്ഥിതിയാണ് സംജാതമാകുക. ഇത്തരം തട്ടിപ്പു സംഘങ്ങളുടെ വലയിൽ വീണ് സൈബർതട്ടിപ്പിന്റെ കണ്ണിയായി നിയമനടപടികൾക്ക് വിധേയരാകുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് ഐ പി എസ് അറിയിച്ചു.