വയനാട്–വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് നിർത്തി. പ്രതികൂലമായ കാലാവസ്ഥ മൂലമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ രാവിലെ ഏഴു മണിക്ക് തിരച്ചിൽ പുനരാരംഭിക്കും. കാണാതായവർക്കായി പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ ചാലിയാറിലും വ്യാപക തിരച്ചിലാണ് നടന്നത്.
ആറ് സോണുകളിലായി നടന്ന തിരച്ചിലിൽ 1 ആം സോണിൽ 164 പേരും, 2 ആം സോണിൽ 341 പേർ, 3 ആം സോണിൽ 122 പേർ, 4 ആം സോണിൽ 266 പേർ, 5 ആം സോണിൽ 112 പേർ, 6 ആം സോണിൽ 155 എന്നിങ്ങനെ തരം തിരിഞ്ഞാണ് തിരച്ചിൽ നടന്നത്. ഡ്രോൺ ഉപയോഗിച്ചും ജലക്യാമറകൾ ഇറക്കിയുമാണ് ഫറോക്ക് സബ് ഡിവിഷനു കീഴിലെ തീരദേശ മേഖലയിൽ പരിശോധന നടത്തിയത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചാലിയാറിൽ ഒഴുകിയെത്തിയ സാഹചര്യത്തിലായിരുന്നു പ്രത്യേക പരിശോധന.
ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ്, മീഞ്ചന്ത അഗ്നിരക്ഷാനിലയം ഓഫിസർ എം.കെ.പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറപ്പുഴ പാലം മുതൽ ചാലിയാർ അറബിക്കടലിൽ ചേരുന്ന ബേപ്പൂർ അഴിമുഖം വരെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിവിധ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ചാലിയാർ അവസാനിക്കുന്ന ഭാഗം വരെ പരിശോധന നടത്താൻ എഡിജിപി എം.ആർ.അജിത് കുമാർ നിർദേശം നൽകിയിരുന്നു.
ഇതുപ്രകാരം പുഴയുടെ തീരം അതിരിടുന്ന ഫറോക്ക്, നല്ലളം, ബേപ്പൂർ, കോസ്റ്റൽ, പന്തീരാങ്കാവ്, വാഴക്കാട് പൊലീസുകാർ 3 ടീമായി തിരിഞ്ഞായിരുന്നു നദിയിലും തീരപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയത്. പൊലീസിന്റെ നിർദേശ പ്രകാരം പ്രാദേശിക രക്ഷാപ്രവർത്തകരും ടീം പള്ളിമേത്തലിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും രാമനാട്ടുകര റെസ്ക്യു വൊളന്റിയർമാരും സമാന്തരമായി ചാലിയാറിലുട നീളം തിരച്ചിൽ നടത്തി.
ഇൻസ്പെക്ടർമാരായ എം.വിശ്വംഭരൻ, ദിനേശ് കോറോത്ത്, എസ്ഐമാരായ ആർ.എസ്.വിനയൻ, എ.കെ.അജിത് കുമാർ, സി.സുജിത്ത്, സ്പെഷൽ ബ്രാഞ്ച് എസ്ഐ പി.സി.സുജിത്ത്, കോസ്റ്റൽ എസ്ഐ കെ.സലീം, സിവിൽ ഡിഫൻസ് വൊളന്റിയർമാരായ എ.കെ.ജസ്‌ലി റഹ്മാൻ, ഇ.ഷംസീർ, ശരത്ത് കള്ളിക്കൂടം, മുഹമ്മദ് ബാവ, ഇ.അഷറഫ്, റെസ്ക്യൂ വൊളന്റിയർ സഹീർ പെരുമുഖം എന്നിവർ ദൗത്യത്തിൽ പങ്കാളികളായി.