Saturday, January 11, 2025
Homeകേരളംവയനാട് ദുരന്തം: നാലുവർഷം മുൻപേ കെഎസ്‌ഡിഎംഎ മുന്നറിയിപ്പ് നൽകിയിരുന്നു

വയനാട് ദുരന്തം: നാലുവർഷം മുൻപേ കെഎസ്‌ഡിഎംഎ മുന്നറിയിപ്പ് നൽകിയിരുന്നു

വയനാട് — വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത ചൂണ്ടിക്കാണിച്ചു നാല് വർഷം മുമ്പ് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (കെസ്‌ഡിഎംഎ) റിപ്പോർട്ട് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വയനാട്ടിലെ  ഗ്രാമങ്ങളെ തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടലിൽ മരണസംഖ്യ 250 കടന്നു. 240 പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ. രക്ഷാപ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി ഇവിടെ മഴ തുടരുകയാണ്

പശ്ചിമഘട്ടത്തിൻ്റെ കിഴക്കൻ മേഖലയിലെ 4000 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കണമെന്നായിരുന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ന് നടന്ന പാർലമൻ്റ് സമ്മേളനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 4000 പേരെ മാറ്റിപ്പാർപ്പിക്കണമെന്ന നിർദ്ദേശം സർക്കാർ അവഗണിച്ചതായി ബിജെപി നേതാവും ബംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ പാർലമെൻ്റിൽ ആരോപിച്ചു. നൂറുകണക്കിനാളുകളുടെ ജീവൻ കവർന്ന ദുരന്തത്തിന് സംസ്ഥാന സർക്കാരാണ് കാരണക്കാരെന്നും വിദഗ്ധ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും സർക്കാർ തള്ളിയെന്നും തേജസ്വി സൂര്യ സഭയിൽ പറഞ്ഞു.

വെള്ളാർമല കുന്നിൻ്റെ ചെരിവിലുള്ള മുണ്ടക്കൈ ഗ്രാമത്തെയും പുഞ്ചിരിമുട്ടം ഗ്രാമത്തെയും താഴെയുള്ള ചൂരൽമല ടൗണിനെയും കടപുഴക്കിയെറിഞ്ഞാണ് പ്രകൃതി താണ്ഡവമാടിയത്. പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ ഈ വെള്ളാർമല കുന്ന് നേരത്തെ തന്നെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായി രേഖപ്പെടുത്തിയിരുന്നു. വയനാട്ടിൽ ദുരന്ത സാധ്യതാ പ്രദേശമായി ജില്ലാ ദുരന്ത നിവാരണ സേന അടയാളപ്പെടുത്തിയ 17 ഗ്രാമങ്ങളിൽ ഒന്നുമായിരുന്നു മുണ്ടക്കൈ. ഇവിടെയാണ് വൻ ഉരുൾപൊട്ടലിൽ നാടും നഗരവും എല്ലാം ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതായത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം ഈ പ്രദേശത്ത് 2018 ൽ മാത്രം 100 ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ നടന്ന വൻ ദുരന്തത്തിൻ്റെ മുന്നറിയിപ്പായിരുന്നു കുറിച്യർമലയിൽ 2020 ൽ നടന്ന ഉരുൾപൊട്ടൽ. മുൻപ് 1984 ലും ഇതേ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ജനത്തെ മറ്റ് പ്രദേശങ്ങളിലേക്ക് സംസ്ഥാനം നേരത്തെ കുടിയൊഴിപ്പിക്കണമായിരുന്നു എന്നാണ് വിമർശനം ഉയരുന്നത്.

സങ്കീർണമായ ഇവിടുത്തെ ഭൂസവിശേഷതയെ കാലാവസ്ഥയിലുണ്ടായ മാറ്റം കൂടുതൽ സ്വാധീനിച്ചതാണ് ദുരന്തത്തിന് കാരണം. അപകടം നടക്കുന്നതിന് മുൻപുള്ള 2 ദിവസത്തിൽ മാത്രം 600 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പശ്ചിമഘട്ടത്തിൻ്റെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച ആകെ മഴയുടെ ശരാശരിയുടെ പകുതിയോളം വരും ഇത്. 2018 ന് ശേഷം വയനാട്ടിൽ പലയിടത്തും ഇത് പതിവാണ്. കനത്ത മഴ ഒറ്റപ്പെട്ട ഇടങ്ങളിൽ നിർത്താതെ പെയ്യുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇത് തന്നെയാണ് പുത്തുമലയിലും കവളപ്പാറയിലും സംഭവിച്ചത്.

2000 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട മെഗാ ടണൽ പ്രൊജക്ടും ഈ ദുരന്ത സ്ഥലത്തിന് വളരെ അടുത്താണ്. മുണ്ടക്കൈ മേഖലയാകട്ടെ ടൂറിസം കേന്ദ്രീകരിച്ച റിസോർട്ട് മേഖലയുടെ ഇഷ്ട കേന്ദ്രവുമായിരുന്നു. വികസനവും പരിസ്ഥിതിയും തമ്മിൽ എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്ന ചോദ്യം വീണ്ടും കേരളത്തിൽ ശക്തമാവുകയാണ്.

മുണ്ടക്കൈയിലും പരിസരപ്രദേശങ്ങളിലും ഉരുൾപ്പൊട്ടലിനും മണ്ണൊലിപ്പിനും സാധ്യതയുണ്ടെന്ന് മുന്നറിപ്പ് നൽകിയിരുന്നതായി കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂം സെൻ്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി ഡയറക്ടർ സികെ വിഷ്ണുദാസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ദുരന്തസാധ്യത ജില്ലാഭരണകൂടത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ 200 കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച മഴക്കണക്കുകൾ വിശകലനം ചെയ്തിരുന്നു. ഇതുപ്രകാരം മുണ്ടക്കൈയുടെ അടുത്തുള്ള പുത്തുമലയിൽ ഞായറാഴ്ച പകൽ 200mm മഴയും രാത്രിയിൽ 130mm മഴയുമാണ് പെയ്തത്. 600mm മഴയാണ് ലാൻഡ്സ്ലൈഡിന് കാരണമാകുന്നത്. മുണ്ടക്കൈ പ്രദേശത്ത് 48 മണിക്കൂറിൽ 572mm മഴയാണ് രേഖപ്പെടുത്തിയത്. ഈ വിവരം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ അവർ എന്ത് നടപടിയാണ് സ്വകരിച്ചതെന്ന് അറിയില്ലെന്ന് സികെ വിഷ്ണുദാസ് വ്യക്തമാക്കി.

2020ൽ സമാനമായ രീതിയിൽ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് നിരവധി പേരാണ് മുണ്ടക്കൈയിൽ നിന്ന് മാറിത്താമസിച്ചത്. അതിനാൽ ആളപായങ്ങൾ ഉണ്ടായില്ല. ജൂൺ 1 മുതൽ പുത്തുമല, ലക്കിടി, തൊണ്ടർനാട്, മണിക്കുന്ന് മല തുടങ്ങിയ സ്ഥലങ്ങളുൾപ്പടെ വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ 3000mm മഴ ലഭിച്ചതായി സികെ വിഷ്ണദാസ് പറഞ്ഞു.

2011ൽ മാധവ് ഗാഡ്ഗിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ അതിവ പരിസ്ഥിതി ലോല മേഖലകളായി രേഖപ്പെടുത്തിയ 18 പ്രദേശങ്ങളിൽ വയനാട്ടിലെ ബ്രഹ്മഗിരി-തിരുനെല്ലി, വയനാട്, ബാണാസുര സാഗർ-കുറ്റ്യാടി, നിലമ്പൂർ-മേപ്പാടി പ്രദേശങ്ങളും ഉൾപ്പെടും. വൈത്തിരി താലൂക്കിലെ മേപ്പാടിയിൽ നിന്നും 2-3 കിലോമീറ്റർ പരിധിയിലാണ് കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈയും, ചൂരൽമലയും സ്ഥിതി ചെയ്യുന്നത്. ഗാഡ്ഗിൽ റിപ്പോർട്ടിൽ ESZ-I, ESZ-II എന്ന് തരംതിരിച്ചിരിച്ചിരിക്കുന്ന മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഖനനത്തിനും ക്വാറി പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഗാഡ്ഗിൽ സമിതി ശുപാർശ ചെയ്തിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് അനുസരിച്ച്, വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവ ESZ-I-ൻ്റെ കീഴിലും, മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, തിരൂർ താലൂക്കുകൾ ESZ-II-ൻ്റെ പരിധിയിലും വരും.

സംസ്ഥാന സർക്കാരുകളുടെ എതിർപ്പിനെത്തുടർന്ന്, കേന്ദ്രം ഗാഡ്ഗിൽ ശുപാർശകൾ നിരസിക്കുകയും പുതിയ റിപ്പോർട്ട് തയ്യാറാക്കാൻ കസ്തൂരിരംഗൻ്റെ നേതൃത്വത്തിൽ മറ്റൊരു കമ്മിറ്റിയെ – ഉന്നതതല വർക്കിംഗ് ഗ്രൂപ്പിനെ നിയമിക്കുകയും ചെയ്തു. പശ്ചിമഘട്ടത്തിൻ്റെ 75 ശതമാനവും ഇഎസ്എകളായി പ്രഖ്യാപിക്കണമെന്ന് ഗാഡ്ഗിൽ സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ കസ്തൂരിരംഗൻ കമ്മിറ്റി ഇഎസ്എയുടെ പരിധി കുറച്ചു.

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന സർക്കാരും WGEEP റിപ്പോർട്ടിനെ എതിർക്കുകയും ഉമ്മൻ വി ഉമ്മൻ്റെ നേതൃത്വത്തിലുള്ള മറ്റൊരു പാനലിനെ സ്വതന്ത്ര റിപ്പോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട്, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെക്കുറിച്ച് 2022 ജൂലൈയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. കരട് രേഖകളിലെ നിർദേശങ്ങളെ കേരളം ഉൾപ്പെടെ രണ്ട് സംസ്ഥാന സർക്കാരുകൾ എതിർത്തിട്ടുണ്ട്.

വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടൽ മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ​ഗാ​ഡ്​ഗിൽ ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തി. മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണ്. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് സ്വാഗതാർഹമാണ്. സർക്കാരിൽ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്ന് മാധവ് ​ഗാ‍ഡ്​ഗിൽ വ്യക്തമാക്കി.

Read also: ‘ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു; കേരള സർക്കാർ എന്ത് ചെയ്തു?’ അമിത് ഷാ

മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറ‍ഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് സ്വാഗതാർഹമാണ്. സർക്കാരിൽ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്നും മാധവ് ​ഗാ‍ഡ്​ഗിൽ വ്യക്തമാക്കി. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോർട്ട് പ്രകാരമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ‌ വയനാടും മേപ്പാടിയും ഉൾപ്പെട്ടിരിക്കുന്നത്. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി അതിൻ്റെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments