വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി ആരംഭിച്ചതിനു ശേഷം 2024 ആഗസ്റ്റ് മാസം വരെ 858 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും, 647 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിലേക്ക് പ്രാഥമിക ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന നിലയും കൈവരിച്ചിട്ടുണ്ട്.
നിയമന ഉത്തരവ് ലഭിച്ച 858 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും, അവരുടെ നിയമന ഉത്തരവ് കൈമാറുന്നതിനും, അവരെ അനുമോദിക്കുന്നതിനുമായി ഒരു ചടങ്ങ് പത്തനംതിട്ടയില്‍ വെച്ച് സംഘടിപ്പിക്കുകയാണ്. പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജിന്റെ ഹാളില്‍ വെച്ച് 2024 സെപ്റ്റംബര്‍ 7ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങ് ആരോഗ്യ വകുപ്പ് മന്ത്രിവീണാ ജോര്‍ജ്ജ് ഉദ്‍ഘാടനം ചെയ്യും. ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും . ചടങ്ങില്‍ മുന്‍ ധനകാര്യ മന്ത്രിയും, മൈഗ്രേഷന്‍ കോണ്‍ക്ളേവ് രക്ഷാധികാരിയുമായ ഡോ. തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും.
ജില്ലയിലെ എംഎല്‍ എ മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിജ്ഞാന പത്തനംതിട്ട പദ്ധതി വഴി തൊഴില്‍ ലഭിച്ച 858 പേരെയും ക്ഷണിച്ചിട്ടുണ്ട്. 2024 നവംബറോടു കൂടി 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ബൃഹത്തായ കര്‍മ്മ പദ്ധതിക്ക് കൂടി വിജ്ഞാന പത്തനംതിട്ട രൂപം നല്‍കിയിട്ടുണ്ട്.
ഓരോ ഗ്രാമ പഞ്ചായത്ത് വാര്‍ഡില്‍ നിന്നും 20 പേരെയെങ്കിലും പുതിയതായി വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമാക്കുന്നതിനും, നൈപുണീ ശേഷി വളര്‍ത്തിയെടുത്ത് അവര്‍ക്കെല്ലാം തൊഴില്‍ നല്‍കുന്നതിനുമാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്റ്റോബര്‍ – നവംബര്‍ മാസങ്ങളിലായി നടക്കുന്ന തുടര്‍ച്ചയായ റക്രൂട്ട്മെന്റ് ഡ്രൈവുകള്‍ക്കും, മെഗാ ജോബ് ഫെയറുകള്‍ക്കും, പരിശീലനങ്ങള്‍ക്കും ആസൂത്രണം ചെയ്തിട്ടുണ്ട്.