തിരുവനന്തപുരം: നെയ്യാറ്റിൻകര എക്സൈസ് 1.64 കോടിയുടെ കുഴൽപ്പണം പിടികൂടി. ആകെ ഒരു കോടി അറുപത്തിനാല് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് പിടിച്ചെടുത്തത്. കാഞ്ഞിരംകുളത്തിന് സമീപം വച്ച് കൈ കാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെടുത്തത്. മഹാരാഷ്ട്ര സ്വദേശികളായ യോഗേഷ് ഭാനുദാസ് ഗദ്ധാജെ, പ്രിവിൻ അർജുൻ സാവന്ത് എന്നിവരായിരുന്നു സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്.
തിരുവല്ലം ടോൾ പ്ലാസയിൽ വച്ചാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം ഐബി യൂണിറ്റിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജുരാജ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ സംഘവും നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതികളും തൊണ്ടി മുതലും തുടർനടപടികൾക്കായി തിരുവല്ലം പൊലീസിന് കൈമാറി.