തെരഞ്ഞെടുപ്പിൽ വിജയിച്ചു പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാൽ ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാർ വീഴുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും ചാണ്ടി ഉമ്മൻ തള്ളിക്കളഞ്ഞു.
പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാൽ അതോടെ ദിവസങ്ങൾക്കുള്ളില്‍, അല്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ സർക്കാർ വീഴാനുള്ള സാഹചര്യമുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വവും പാർലമെന്റിൽ വന്നു കഴിഞ്ഞാൽ ശക്തമായ ഒരു പ്രതിപക്ഷമായി മാറുകയും ഇപ്പോൾ കയ്യാലപുറത്തെ തേങ്ങ പോലിരിക്കുന്ന സർക്കാർ നിലംപതിക്കുമെന്നുമാണ് ഞങ്ങളുടെ വിശ്വാസം’- വയനാട് ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി.
പാലക്കാട് സ്ഥാനാർത്ഥി നിർണയത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള ചാണ്ടി ഉമ്മൻചാണ്ടിയുടെ മറുപടി ഇങ്ങനെ. ‘പാർട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ ഓരോ കോൺഗ്രസുകാരന്റെയും വികാരം ആ സ്ഥാനാർത്ഥിക്കൊപ്പമാണ്. ഓരോ കോൺഗ്രസുകാരനും സ്ഥാനാർത്ഥിയായി മാറുകയാണ് ചെയ്യുക’.ഷാഫിയോട് താത്പര്യക്കുറവുള്ളവർ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും. സ്വാഭാവികമായി രാഷ്ട്രീയമല്ലേ. അതു പറയുന്നതുകേട്ട് ഞങ്ങൾ മിണ്ടാതിരിക്കുകയാണോ? ഞങ്ങൾ അതിലേറെ ശക്തമായി പ്രചാരണത്തിനിറങ്ങി അതിനെയൊക്കെ അതിജീവിക്കാൻ പോവുകയാണ്’- ചാണ്ടി ഉമ്മൻ പറഞ്ഞു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിക്കാനെത്തിയപ്പോൾ, ചാണ്ടി ഉമ്മൻ മാറി നിന്നുവെന്ന വിവാദങ്ങളോടുള്ള പ്രതികരണം ഇങ്ങനെ. ‘‘ചുമ്മാ വാര്‍ത്തകൾ ഉണ്ടാക്കുന്നത് രീതിയായതിനാൽ ഇതിനെ കുറിച്ച് പ്രതികരിക്കില്ലെന്ന് അന്നേ പറഞ്ഞിരുന്നു. എന്റെ പിതാവിന്റെ കല്ലറ ഇതുവച്ച് കളിക്കാനുള്ള സ്ഥലമല്ല. ഇതാണ് ഈ വിഷയത്തിലുള്ള മറുപടി’ .