സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ അതിജീവിത സുപ്രീംകോടതിയിൽ തടസ്സ ഹർജി നൽകി. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.
അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ഇതിനിടെ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ചു ആലോചിക്കാൻ സിദ്ദിഖിൻ്റെ മകൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നോ നാളെയോ സുപ്രീംകോടതിയിൽ അപ്പീൽ നല്കാനിരിക്കെയാണ് അതിജീവിതയുടെ തടസ്സ ഹർജി.
അതേസമയം, ബലാല്‍സംഗക്കേസില്‍ ഒളിവില്‍ തുടരുന്ന നടന്‍ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പൊലീസ്. സിദ്ദിഖ് സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചുവരികയാണ്. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദിഖ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
സിദ്ദിഖിന്റെ എറണാകുളത്തുള്ള രണ്ട് വീടുകളിലും, പോകാൻ സാധ്യതയുള്ള ഹോട്ടലുകളിലും ഒക്കെ പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.