Friday, November 15, 2024
Homeകേരളംഷിരൂർ മണ്ണിടിച്ചിൽ: അർജുനുവേണ്ടി നടത്തിയ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് കർണാട സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും, ലോറി ഉടമ...

ഷിരൂർ മണ്ണിടിച്ചിൽ: അർജുനുവേണ്ടി നടത്തിയ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് കർണാട സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും, ലോറി ഉടമ മനാഫിനും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു

തിരുവനന്തപുരം: അർജുൻ ഓടിച്ചിരുന്ന ലോറി ഗംഗാവലി പുഴയിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അയൽ സർക്കാരിന് നന്ദി പറഞ്ഞും ലോറി ഉടമ മനാഫിനെ പ്രകീർത്തിച്ചും രംഗത്തെത്തിയത്.

തിരച്ചിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് കത്തയച്ചെന്നും പിണറായി വിജയൻ അറിയിച്ചു. ഈ ബൃഹദ് ദൗത്യത്തിനായി പ്രയത്നിച്ച കാർവാർ നിയോജക മണ്ഡലം എംഎൽഎ സതീഷ് കൃഷ്ണ സെയിലിനും ഉത്തര കന്നഡ ജില്ലാ ഭരണസംവിധാനത്തിനും കത്തിൽ നന്ദി രേഖപ്പെടുത്തി.

തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര-സംസ്ഥാന സേനകളോട് കേരളം കടപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ ട്രക്ക് എഴുപത്തൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്. തിരച്ചിലാരംഭിച്ച ആദ്യനാൾ തൊട്ട് അർജുനെ രക്ഷപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നമ്മുടെ നാട്. ഇതോടനുബന്ധിച്ചു വരുന്ന വാർത്തകളെ പ്രതീക്ഷയോടെ കണ്ട് നാം ഒത്തൊരുമിച്ച് അർജുന്‍റെ കുടുംബത്തിന് പിന്തുണ നൽകിയിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരച്ചിൽ പ്രവർത്തനങ്ങളാരംഭിച്ച അന്നുതൊട്ട് അർജുന്‍റെ ട്രക്ക് ഉടമയായ മനാഫ് അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയായിരുന്നു. തിരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി മനാഫ് നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃക കൂടിയാണ്. വീണ്ടെടുത്ത ട്രക്കിൽ നിന്നും ലഭിച്ച മൃതദേഹം ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾക്ക് അയച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അർജുന്‍റെ മൃതദേഹം ഷിരൂരിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്‍റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് കരുതുന്നത്. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്

നാവികസേനയും കരസേനയും എൻഡിആർഎഫും സന്നദ്ധപ്രവർത്തകരും ദൗത്യത്തിന്‍റെ ഭാഗമായിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തിരച്ചിലിന്‍റെ പുരോഗതി വിലയിരുത്താൻ ഷിരൂരിൽ എത്തി. കേരളത്തിൽ നിന്നുള്ള മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും എംകെ. രാഘവൻ എംപിയും സ്ഥലത്ത് ക്യാമ്പ് ചെയ്തു.മണ്ണിടിച്ചിലിൽ കാണാതായ മറ്റ് രണ്ട് പേർക്കായുളള തിരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments