Sunday, January 5, 2025
Homeകേരളംശബരിമല തീർത്ഥാടനത്തിനോട് അനുബന്ധിച്ചു സർക്കാർ സജ്ജമെന്ന് ദേവസ്വം മന്ത്രി

ശബരിമല തീർത്ഥാടനത്തിനോട് അനുബന്ധിച്ചു സർക്കാർ സജ്ജമെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായി റോഡുകളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു. ശബരിമല പാതയുമായി ബന്ധപ്പെട്ട റോഡുകളുടെ പുനരുദ്ധാരണം അടിയന്തിരമായി നടപ്പാക്കാന്‍ കോർ കമ്മിറ്റിയെ നിയോഗിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തവണയും തീർഥാടനം സുഗമാക്കാൻ വേണ്ടതെല്ലാം ചെയ്യും. റോഡുകൾ മികച്ച നിലവാരത്തിൽ നവീകരിച്ചു തുടങ്ങി. അറ്റകുറ്റപ്പണികളും പൂർത്തിയാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡാണ് പാലം ഉൾപ്പെടുന്ന റാന്നി – കോഴഞ്ചേരി റോഡ്. ശബരിമല അനുബന്ധ പാതയായി ഉപയോഗിക്കുന്ന റോഡിന്‍റെ പല ഭാഗങ്ങളും തിരുവാഭരണപാതയായും ഉപയോഗിക്കുന്നുണ്ട്. 2.63 കോടി രൂപയാണ് പുതിയ പാലം നിർമിക്കാന്‍ ചെലവഴിക്കുക. പാലം നിർമാണം പൂർത്തിയാകുന്നതുവരെ ഇതുവഴി വാഹന ഗതാഗതം സുഗമമാക്കാൻ 30 ലക്ഷം രൂപ മുടക്കി താൽക്കാലിക പാതയും നിർമിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്‍റെ ശേഷിക്കുന്ന അറ്റകുറ്റപണികള്‍ നവംബര്‍ 10 നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിലയ്ക്കലില്‍ നിലവിലുള്ളതിനു പുറമേ 2000 വാഹനങ്ങള്‍ അധികമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കും. എരുമേലിയില്‍ ഭവനനിര്‍മാണ ബോര്‍ഡിന്‍റെ ആറ് ഏക്കര്‍ സ്ഥലത്തും പാര്‍ക്കിങ് സൗകര്യം ഒരുക്കും. 100 വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം അധികമായി സന്നിധാനത്തും പരിസരത്തും ലഭ്യമാക്കും.

തീര്‍ഥാടകര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പോകുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ചുള്ള ബോധവത്കരണ സന്ദേശം വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ നല്‍കണം. ശബരിമല തീര്‍ഥാടനത്തിനായി സര്‍ക്കാര്‍ സുസജ്ജ സംവിധാനങ്ങൾ ഉറപ്പാക്കിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ. വാസവന്‍ പറഞ്ഞു. അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്. മണ്ണാറക്കുളഞ്ഞി, ചെത്തോങ്കര, ഉതിമൂട് തുടങ്ങിയ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ കെഎസ്ടിപി, എന്‍എച്ച് വിഭാഗങ്ങള്‍ തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കോന്നി മെഡിക്കല്‍ കോളജില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. വാട്ടര്‍ അതോറിറ്റിയുടെ അവശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം.

കാനനപാതയിലൂടെ എത്തുന്നവര്‍ക്ക് പാമ്പുകടിയേറ്റാല്‍ നല്‍കാനുള്ള ആന്‍റി വെനം ആരോഗ്യവകുപ്പ് ഉറപ്പാക്കും. സന്നിധാനത്ത് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ താമസസൗകര്യം ഒരുക്കുന്നതിന് അയ്യപ്പസേവാസംഘത്തിന്‍റെ കെട്ടിടം തുറന്ന് കൊടുക്കുന്നതിന് പരിശ്രമം നടത്തും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വേഗത്തില്‍ ലഭ്യമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ്, എക്‌സൈസ്, വനം വകുപ്പുകള്‍ എകോപനത്തോടെ പ്രവര്‍ത്തിക്കണം, പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് സംയുക്ത പരിശോധനകളും നടത്തണം.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവായ ഏകോപനത്തിന് ശബരിമല എഡിഎം ആയി അരുണ്‍ എസ് നായരെ ചുമതലപ്പെടുത്തി. ശബരിമലയിലും പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ലീഗല്‍ മെട്രോളജിയുമായി ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തി ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണം. കുപ്പിവെള്ളം, പാക്കറ്റ് ഉല്‍പനങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവ പരിശോധിക്കണം. ഭക്ഷണ സാധനങ്ങളുടെ അളവും വിലയും പരിശോധിക്കണം. കെഎസ്ഇബി തടസരഹിത വൈദ്യുതി ഉറപ്പാക്കണം. വാട്ടര്‍ അതോറിറ്റി ജല ലഭ്യതയും ഉറപ്പ് വരുത്തണം. ദര്‍ശനത്തിന് എത്തുന്ന ഇതര സംസ്ഥാന തീര്‍ഥാടകരോട് ഉദ്യോഗസ്ഥര്‍ ആതിഥ്യമരാദ പുലര്‍ത്തണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments