സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന വേദിയിൽ പ്രതിഷേധം. മികച്ച സ്കൂളിനുള്ള രണ്ടാം സ്ഥാനത്തേക്ക് സ്പോർട്സ് സ്കൂളിനെ പരിഗണിച്ചതിനെ ചൊല്ലിയായിരുന്നു തർക്കം. പ്രതിഷേധ സൂചകമായി കോതമംഗലം മാർ ബേസിൽ സ്കൂൾ കായികമേള ബഹിഷ്കരിച്ചു.
കായികമേളയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം മികച്ച സ്പോർട്സ് ഹോസ്റ്റലുകൾ, മികച്ച സ്കൂളുകൾ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പോയിന്റ് നില അടയാളപ്പെടുത്തിയിട്ടുള്ളത്. പോയിന്റ് പ്രകാരമാണ് തിരുനാവായ നാവാമുകുന്ദ സ്കൂളിനെയും കോതമംഗലം മാർബേസിൽ സ്കൂളിനെയും പിന്തള്ളി ജീവി രാജയ്ക്ക് രണ്ടാംസ്ഥാനം നൽകിയത്. തുടർന്നാണ് സമാപന ചടങ്ങുകൾ നടക്കുന്ന വേദിയിലേക്ക് നവാമുകുന്ദയിലെയും മാർ ബേസിലിന്റെയും വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്.
കപ്പ് നൽകാതെ തിരികെ പോകില്ലെന്ന് ഉറപ്പിച്ച വിദ്യാർത്ഥികളെ പോലീസ് മർദിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കുട്ടികൾ ആരോപിച്ചു. എന്നാൽ മർദ്ദന പരാതി പോലീസ് നിഷേധിച്ചു. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയിട്ടും വെബ്സൈറ്റിലെ പോയിന്റ് നിലയിൽ മാറ്റമില്ല.
മാർ ബേസിൽ സ്കൂൾ കായികമേള ബഹിഷ്കരിക്കുന്നതായും വരുന്ന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നത് ആലോചിക്കുമെന്നും അറിയിച്ചു. ജിവി രാജ സ്കൂളിന് രണ്ടാംസ്ഥാനം നൽകിയത് ഉദ്യോഗസ്ഥരുടെ കളിയെന്ന് കാട്ടി കോടതിയെ സമീപിക്കാനാണ് സ്കൂൾ അധ്യാപകരുടെ തീരുമാനം.