തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച്, അദ്ദേഹത്തോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാർ രണ്ടുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഡിസംബർ 26, 27 തീയതികളിലാകും ദുഃഖാചരണം. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10നായിരുന്നു എം ടിയുടെ അന്ത്യം. പത്മഭൂഷൺ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, ജെ സി ഡാനിയേൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സാഹിത്യത്തിന് പുറമെ ചലച്ചിത്ര രംഗത്ത് തിരക്കഥാകൃത്തായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച എം ടി അധ്യാപകൻ, പത്രാധിപർ എന്ന നിലകളിലും പ്രവർത്തിച്ചു. രണ്ട് സിനിമകളിലായി അഞ്ച് ഗാനങ്ങൾക്കും എം ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്.