തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ (റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഖ്യപിച്ച പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ എട്ട്, ഒൻപത് തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിട്ട് നടത്തുമെന്നാണ് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനം.
സമരത്തിന് ആധാരമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ജൂലൈ നാലിന് റേഷൻ വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി ഭക്ഷ്യ- ധന വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. വേതന പാക്കേജ് പരിഷ്കരിക്കുക, കെടിപിഡിഎസ് ഓർഡറിൽ കാലോചിതമായ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിച്ച് വരികയാണ്. ഇതിനായി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മന്ത്രിമാർ ഭാരവാഹികളെ അറിയിച്ചിരുന്നു.
റിപ്പോർട്ട് പരിശോധിച്ച് പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങളിൽ അടിയന്തര നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ മന്ത്രി യോഗത്തിൽ അറിയിച്ചിരുന്നു. റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് പൂർണമായും യോജിക്കുന്നതായും ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രിമാർ യോഗത്തെ അറിയിച്ചു.
കൊവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പൂർണ്ണമായും കൊടുത്തു തീർക്കുമെന്നും മന്ത്രിമാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാനുള്ള അവസരം നിഷേധിക്കുന്ന കട അടച്ചിട്ടുള്ള സമര പരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് മന്ത്രി ജിആർ അനിൽ ആവശ്യപ്പെട്ടത്.
ജൂലൈ എട്ട്, ഒൻപത് തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിട്ട് സമരം നടത്തുമെന്നാണ് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനം. ഭക്ഷ്യ- ധന വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു സമരം പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് റേഷൻകടകൾ അടച്ചിടുമെന്ന മുന്നറിയിപ്പുണ്ട്.