മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ ചെയർമാൻ രാജീവ് ജോസഫ് തിരുവോണ ദിവസം മട്ടന്നൂരിൽ ‘അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം’ ആരംഭിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിരാഹാര സത്യാഗ്രഹം ഉത്ഘാടനം ചെയ്തു. മട്ടന്നൂരിലെ വായംതോട് ജംഗ്ഷനിൽ രാവിലെ ഒൻപതരക്ക് ആരംഭിച്ച സത്യാഗ്രഹത്തിന്റെ മുന്നോടിയായി, ഹോളി ട്രിനിറ്റി ദേവാലയം ഇടവക വികാരി ഫാ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി.
രാജീവ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയാൽ, നിരവധി പ്രവാസികളും പ്രദേശ വാസികളും ‘അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം’ നടത്തുവാനാണ് ആക്‌ഷൻ കൗൺസിലിന്റെ തീരുമാനം.
മട്ടന്നൂർ എം.എൽ.എ – കെ. കെ ഷൈലജ ടീച്ചർ, കൂത്തുപറമ്പ് എം.എൽ.എ കെ. പി മോഹനൻ, മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർമാൻ ഷജിത് മാസ്റ്റർ, കണ്ണൂർ മുനിസിപ്പാലിറ്റി ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, കണ്ണൂർ എ. കെ. ജി ഹോസ്പിറ്റൽ ചെയർമാൻ പി. പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. വി മിനി, വിശുദ്ധ ചാവറ എലിയാസ് കുര്യാക്കോസ് ദേവാലയം (തിരൂർ) ഇടവക വികാരി ഫാ. ജോൺ കൂവപ്പാറയിൽ, സെന്റ് ഫ്രാൻസിസ് അസീസ്സി ദേവാലയം (തിരൂർ) ഇടവക വികാരി ഫാ. സജി മെക്കാട്ടേൽ, ഐ.എൻ എൽ ജില്ലാ സെക്രട്ടറി ഹമീദ് ചെങ്ങളായി, ലോക കേരള സഭാ അംഗം പി. കെ. കബീർ സലാല, മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി റസാക്ക് മണക്കായി, കോൺഗ്രസ് നേതാവ് കുഞ്ഞഹമ്മദ് മാസ്റ്റർ, കോൺഗ്രസ് സേവാദൾ സംസ്ഥാന ട്രഷറർ കെ. കെ. അബ്ദുള്ള ഹാജി ബ്ലാത്തൂർ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ബീവി, മട്ടന്നൂർ കൗൺസിലർ വാഹീദാ നാലാം കേരി തുടങ്ങീ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും
സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.
ഇരിക്കൂർ സാംസ്‌കാരിക വേദിയുടെ നേതാക്കളും പ്രവർത്തകരും ജാഥയായി സമരപ്പന്തലിൽ എത്തി സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ആക്ഷൻ കൗൺസിൽ നേതാക്കളായ അബ്ദുൾ അസീസ് പാലക്കി, മുരളി വാഴക്കോടൻ, അഞ്ചാംകുടി രാജേഷ്, നൂറുദ്ദീൻ എ.കെ.വി, നാസർ പൊയ്ലാൻ, ഇബ്രാഹിം ടി, പി. കെ ഖദീജ, ഷംസു ചെട്ടിയാങ്കണ്ടി, റിയാസ് പത്തൊമ്പതാം മൈൽ, മുഹമ്മദ് താജ്ജുദ്ദീൻ, ഷഫീഖ് എം, കാദർ മണക്കായി, നാസർ കയനി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ സത്യാഗ്രഹം നടന്നുകൊണ്ടിരിക്കുന്നത്.
അനിശ്ചിതകാലത്തേക്ക് 24 മണിക്കൂറും സത്യാഗ്രഹം നടക്കുമെന്ന് ആക്ഷൻ കൗൺസിലിന്റെ ഗ്ലോബൽ കോർഡിനേറ്റർ മുരളി വാഴക്കോടൻ പറഞ്ഞു.