Thursday, January 9, 2025
Homeകേരളംപത്തനംതിട്ട ജില്ലാ നൈപുണ്യ വികസന  കേന്ദ്രം ഓഫീസ് ഉദ്ഘാടനം 20 ന് കോന്നിയില്‍

പത്തനംതിട്ട ജില്ലാ നൈപുണ്യ വികസന  കേന്ദ്രം ഓഫീസ് ഉദ്ഘാടനം 20 ന് കോന്നിയില്‍

  • കോന്നി : യുവജനതയുടെ തൊഴിൽക്ഷമത വർദ്ധിപ്പിച്ച് മികച്ച അവസരങ്ങൾ  നേടിയെടുക്കാൻ  അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തൊഴിൽ വകുപ്പ് കോന്നിയിൽ തുടങ്ങുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിന്റെ  ഉദ്ഘാടനം 20 ന് വൈകിട്ട് മൂന്നിന് എലിയറയ്ക്കലിൽ  മന്ത്രി  വി. ശിവൻകുട്ടി നിർവ്വഹിക്കുമെന്ന്  അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

സംസ്ഥാനത്തെ ആറാമത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രമാണ് കോന്നിയിൽ ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ അഡ്വ. കെ യു.ജനീഷ് കുമാർ  എം.എൽ.എ അദ്ധ്യക്ഷത  വഹിക്കും.  ആന്റോ ആന്റണി  എം.പി മുഖ്യാതിഥിയായിരിക്കും.  ത്രിതല പഞ്ചായത്ത്  ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും. നിരവധി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  പ്രവർത്തിക്കുന്ന കോന്നിയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ നേടത്തക്ക നിലയിലുള്ള പരിശീലനവും,നിർദ്ദേശവും നല്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ സ്ഥാപനം തുടങ്ങുന്നതെന്ന് എം.എൽ.എ പറഞ്ഞു.

നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകിയാണ്  കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നിലവിൽ  തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്,  കാസർഗോഡ്  എന്നിവിടങ്ങളിൽ ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങൾ  പ്രവർത്തിക്കുന്നുണ്ട്. മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് വൈവിദ്ധ്യമാർന്നതും വ്യാവസായിക മേഖലയ്ക്ക് അനിയോജ്യമായതുമായ പരിശീലനങ്ങളാണ് ഇവിടെ നൽകുന്നത്. ഇംഗ്ളീഷ്, ജർമൻ ഭാഷകളിൽ നൈപുണ്യ പരിശീലനം, സീപ്പോർട്ട്  എയർപോർട്ട് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്, ത്രിഡി പ്രിന്റിംഗ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അനിമേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് തുടങ്ങിയ പരിശീലനങ്ങളും ഇതിൽ ഉൾപ്പെടും.

സ്‌കിൽ ഡവലപ്പ്‌മെന്റിനും, വ്യക്തിത്വ വികസനത്തിനും, തൊഴിൽ നേടുന്നതിനും വേണ്ടി ലോകോത്തര നിലവാരം പുലർത്തുന്ന സ്ഥാപനമാണിത്.  ഓരോരുത്തരുടെയും അഭിരുചി മനസിലാക്കിയുള്ള അസസ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെൽ, ലോകത്തെ മികച്ച വായനശാലകളെ കോർത്തിണക്കിയുള്ള ഡിജി​റ്റൽ ലൈബ്രറി, വിവിധ ഭാഷകളിൽ വിദഗ്ദ്ധ  പരിശീലനം നൽകുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴിൽ മേഖലകളെ  വീഡിയോ കോൺഫറൻസിംഗിലൂടെ ഉൾപ്പെടുത്തി പരിശീലനങ്ങൾ നൽകുന്ന മൾട്ടി സ്‌കിൽ റൂം എന്നീ സൗകര്യങ്ങൾ പഠനകേന്ദ്രത്തിൽ ഉണ്ടാകും.ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽ നേടുന്നതിനുള്ള പരിശീലന സഹായ കേന്ദ്രമായും, സാധാരണ വിദ്യാഭ്യാസം മാത്രമുള്ളവർക്ക് തൊഴിൽ പരിശീലിപ്പിച്ച് നല്കുന്ന സ്ഥാപനമായും കോന്നിയിലെ  നൈപുണ്യ  വികസന  കേന്ദ്രം മാറുമെന്ന്  ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments