കോട്ടയ്ക്കൽ. അറിയപ്പെടുന്ന നാടകപ്രവർത്തകനായ ആർ.കെ.താനൂരിന് ഓണക്കാലമായാൽ തിരക്കുവർധിക്കും. നാടൊട്ടുക്കും മാവേലി വേഷം കെട്ടാൻ ഈ അൻപതുകാരൻ തന്നെ വേണം. ആർ.കെ.താനൂർ എന്ന പന്തക്കൽ രാധാകൃഷ്ണൻ മാവേലിയുടെ പര്യായപദമായി മാറിയിട്ടു വർഷങ്ങളായി.
നാടകമാണ് ആർ.കെ.താനൂരിന്റെ മുഖ്യതട്ടകം.
കേരള ശാസ്ത്ര സാഹിത്യ പരിഷത്, പുകസ തുടങ്ങിയ സംഘടനകൾക്കു വേണ്ടി സംസ്ഥാനത്തുടനീളം കലാജാഥകളുമായി സഞ്ചരിക്കാറുണ്ട്. ഏറെ നാൾ നീണ്ട നാടകപ്രയാണം കഴിഞ്ഞു കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും സന്നദ്ധസംഘടനകൾ “മാവേലി”ക്കായി കാത്തുനിൽപ്പു തുടങ്ങി.
മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ആർ.കെ.താനൂർ ഒരിക്കൽ മാവേലിയെ അണിയിച്ചൊരുക്കാനായി തിരൂരിൽ പോയി. പക്ഷേ, മാവേലി വേഷം കെട്ടാമെന്നേറ്റിരുന്നയാൾ തക്കസമയത്ത് എത്തിയില്ല. അതോടെ, മേക്കപ്പ്മാൻ പകരക്കാരനായി. പിന്നീട്, എല്ലാ സീസണിലും പലയിടങ്ങളിലായി മാവേലിയായി മാറി. ഇത്തവണ മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ നടക്കുന്ന വിപണനമേളകളിലെ മുഖ്യ ആകർഷണ കേന്ദ്രം രാധാകൃഷ്ണന്റെ മാവേലിയാണ്.
കൂടാതെ, ക്ലബുകൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ നടത്തുന്ന ആഘോഷം വേറെയുമുണ്ട്.
പ്രതിഫലമല്ല സാമൂഹിക
പ്രതിബദ്ധതയാണ് ഇത്തരം കലാപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനു പിറകിലുള്ള ഘടകമെന്നു താനൂരിൽ ഹോട്ടൽ നടത്തുന്ന ആർ.കെ.താനൂർ പറയുന്നു.
— – – – – – –