മലപ്പുറം: മലപ്പുറത്ത് മൂന്നുപേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. അതിൽ 32 പേർ ഹൈയസ്റ്റ് സമ്പർക്കപ്പട്ടികയിലാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.
രോഗബാധയുടെ പശ്ചാത്തലത്തിൽ രാവിലെയും വൈകുന്നേരവും അവലോകന യോഗം ചേർന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ മുറികളും ആറ് ഐസിയു ബെഡുകളും ആറു വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 18 സ്വകാര്യ ആശുപത്രികളിലായി 39 ഐസലേഷൻ മുറികളും 53 ഐസലേഷൻ ബെഡുകളും 33 ഐസിയു ബെഡുകളും 134 ഓക്സിജൻ സപ്പോർട്ടഡ് ബെഡുകളും 17 വെന്റിലേറ്ററുകളും തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാനസിക പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഫീൽഡ് സർവേയുടെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിലെ 1576 വീടുകളിലും വണ്ടൂരിലെ 1711 വീടുകളിലും തിരുവാലിയിലെ 1694 വീടുകളിലും അടക്കം ആകെ 4981 വീടുകളിൽ ഇന്ന് സർവേ നടത്തി. 146 ടീമുകളായാണ് സർവേ നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവാലി നടുവത്ത് സ്വദേശിയായ 24കാരൻ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ ഒൻപതിനാണ് മരിച്ചത്. പൂനെ വൈറോളജി ലാബിൽ നടത്തിയ സ്രവ സാംപിൾ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. യുവാവിൻ്റെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു.
നിലമ്പൂർ പോലീസ് സ്റ്റേഷൻ, വണ്ടൂർ നിംസ് ആശുപത്രി, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ്, വണ്ടൂർ ഫാസിൽ ക്ലിനിക്ക്, വണ്ടൂർ ജെഎംസി ക്ലിനിക്ക്, കരുളായി ബാബു പാരമ്പര്യ വൈദ്യശാല എന്നിവിടങ്ങളിൽ യുവാവിന് സമ്പർക്കമുണ്ട്.
രോഗബാധയുടെ പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്ൻമെൻ്റ് സോണായി തുടരുകയാണ്. ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
അതിനിടെ, മരിച്ച 24കാരൻ ബെംഗളൂരു നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്യാർഥിയായിരുന്നതിനാൽ ബെംഗളൂരുവിലും ജാഗ്രത നിർദേശം നൽകി. കർണാടക ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു. മൃതദേഹം കാണുന്നതിനും സംസ്കാരച്ചടങ്ങിൽ പങ്കെടക്കുന്നതിനുമായി കോളേജിൽനിന്ന് 15 വിദ്യാർഥികൾ വണ്ടൂരിൽ എത്തിയിരുന്നു. ഇവരിൽ 13 പേരും കേരളത്തിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ എത്തിയ രണ്ടു വിദ്യാർഥികളോട് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ കോളേജിലേക്ക് വരാവൂ എന്നാണ് നിർദേശം.