കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോഴായിരുന്നു മരണം.
കഴിഞ്ഞ ദിവസം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ ആളും മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. ശരീരത്തിന്‍റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഞായറാഴ്ച രാവിലെയായിരുന്നു ചികിത്സയിലായിരുന്ന രണ്ടാമത്തെ ആൾ മരിച്ചത്. ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് (32) കഴിഞ്ഞ ദിവസം രാവിലെയാണ് മരണപ്പെട്ടത്.
വെടിക്കെട്ട് അപകടത്തിലെ ആദ്യ മരണം ശനിയാഴ്ചയായിരുന്നു. നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപിന്റെ മരണം (38) ശനിയാഴ്ച വൈകിട്ടാണ് സ്ഥിരീകരിച്ചത്. മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിത്സയിൽ കഴിയുന്നത്.
ഒക്ടോബർ 28-ന് അർത്ഥരാത്രി 12.15 ഓടയാണ് കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് അപകടം സംഭവിച്ചത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. ഇവരുള്‍പ്പെടെ അപകടത്തില്‍ 150ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നു.