തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയം. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്ന് സൂചന. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയില്‍ നിന്നും ലഭിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ മരണകാരണത്തിൽ വ്യക്തത വരുത്താനാകുവെന്നും കന്റോണ്‍മെന്റ് പോലീസ് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ പരിശോധനയിൽ മുറിയിൽ നിന്നും മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശ്ശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി റിപ്പോർട്ട്. നാല് ദിവസം മുമ്പാണ് നടൻ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്ക് വന്നിരുന്നില്ലെന്നാണ് വിവരം.
സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്ന് സൂചന. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയിൽ കാണുന്നത്. അഭിനയം കൂടാതെ ബിസിനസ് രംഗത്തും ദിലീപ് ശങ്കര്‍ സജീവമായിരുന്നു.
ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങൾ വിപണിയിൽ എത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്. എന്നാൽ ഈ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് ഭാര്യ സുമയാണ്. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ദേവ, വിദ്യാര്‍ഥിയായ ധ്രുവ് എന്നിവരാണ് മക്കള്‍.