സംസ്ഥാന സർക്കാരും അതിവേഗം നീങ്ങുന്നുണ്ടെന്നും സംസ്ഥാന സർക്കാരിനെ കുറ്റം പറയാനില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നും വ്യാപ്തി തീരുമാനിക്കുക ദുരന്തത്തിന്റെ കണക്ക് എടുത്ത ശേഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ ആദ്യഘട്ടം മുതൽ അതിവേഗ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് സമ്മതിക്കേണ്ടി വന്നു കേന്ദ്രമന്ത്രി ജോർജ് കുര്യന്. സംസ്ഥാന സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയാനില്ലെന്നും ജോർജുകുര്യൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ എല്ലാ രേഖകളും നൽകിയിട്ടുണ്ട്.
അതേസമയം കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാനും ജോർജ് കുര്യനായില്ല .കേരളത്തിലെ ഒരു പ്രത്യേക സഹായവും നൽകാത്ത കേന്ദ്ര സർക്കാരിനോടുള്ള കേരളത്തിൻറെ വികാരത്തെ തിരിച്ചറിയുന്നുണ്ടെന്നും കേന്ദ്രം ഇതൊക്കെ പരിശോധിക്കുമെന്നും സാമ്പത്തിക സഹായം നൽകുമെന്നും ഉള്ള രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. വയനാട് പുനരധിവാസത്തിൽ കേരളത്തിൻറെ പ്രവർത്തനത്തിൽ ഒരു വീഴ്ചയും ചൂണ്ടിക്കാണിക്കാൻ കേന്ദ്ര മന്ത്രിക്കായില്ല.
അതേസമയം മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ വ്യോമസേന എയർലിഫ്റ്റ് ചെയ്തതിൻ്റെ തുക നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം കേരളത്തിനു മേൽ സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു സർക്കാർ തീരുമാനം.
സംസ്ഥാനം തുക നൽകുന്നില്ല എന്ന് കാട്ടി നിരന്തരം കേന്ദ്രം കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുക നൽകാനുള്ള സർക്കാർ തീരുമാനമുണ്ടായത്. ദുരന്തനിവാരണത്തിനായി 700 കോടി രൂപയോളം എല്ലാവർഷവും ആവശ്യം വരാറുണ്ടെന്നും അതിനാലാണ് കേന്ദ്രത്തോട് പ്രത്യേക സഹായം ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.