കൊച്ചി: മുനമ്പം സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സമരത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം സമരക്കാരോട് പറഞ്ഞു. ‘സമരത്തിൽ ഏതറ്റംവരെ പോകേണ്ടി വന്നാലും കൂടെ ഞാനുണ്ടാകും. നിങ്ങളുടെ മരണം വരെ, അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ ഞാനുണ്ടാകും കൂടെ. ഗാന്ധിജിയുടെ സത്യഗ്രഹ മാതൃകയിൽ പോരാട്ടം നടത്തും. അക്രമസക്തമായ രീതിയിൽ അല്ല’- മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ക്രൈസ്തവ പുരോഹിതർ വര്‍ഗീയത പറയുന്നുവെന്ന വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ പരാമർശത്തിനും മാർ റാഫേൽ മറുപടി നൽകി. ‘മന്ത്രി പറയുന്നത് കേട്ട് എന്റെ ഈ ളോഹ ഊരി മാറ്റാൻ കഴിയുമോ? ഞാൻ നിൽക്കുന്ന ആശയങ്ങൾ മാറ്റുമെന്ന് കരുതുന്നുണ്ടോ ? ഞങ്ങൾ സമരക്കാരുടെ ഇടയന്മാർ ആണ്. ജനങ്ങളുടെ കൂടേ നിൽക്കുന്നില്ല എങ്കിൽ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദർ ഷർട്ട് ഇട്ട് സമര പന്തലിൽ വന്നു നിൽക്കാനാകില്ല’- മാര്‍ റാഫേൽ തട്ടിൽ പറഞ്ഞു.
മുനമ്പം വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കത്തോലിക്കാ സഭ. മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ കത്തോലിക്കാ കോൺഗ്രസ് ആഹ്വാനം ചെയ്തു. 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നും വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപക്ഷേിക്കണമെന്നുമാണ് കെസിബിസി യുടെയും കെആര്‍എല്‍സിസിയുടെയും ആവശ്യം. മുനമ്പത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള സ്ഥലം വഖഫ് ഭൂമിയാണെന്ന അവകാശവാദമാണ് ഒരു ജനതയെ സമരമുനമ്പത്ത് എത്തിച്ചത്.
ആദ്യം പ്രാദേശിക വിഷയമായി തുടങ്ങിയ സമരത്തിന് ഒരു മാസമാകുമ്പോഴേയ്ക്കും വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. സിപിഎമ്മും കോൺഗ്രസും മുനമ്പം പ്രശ്നത്തെ കണ്ടില്ലെന്ന് നടിച്ചപ്പോൾ ബിജെപി പിന്തുണയുമായി എത്തിയതോടെ സമരത്തിന്റെ മാനം മാറി. പിന്നാലെ ക്രൈസ്തവ സമൂഹത്തിന് ഒപ്പമുണ്ടെന്ന് വരുത്തിതീർക്കാൻ വിവിധ കേരളാ കോൺഗ്രസുകളും മുനമ്പത്ത് എത്തി. സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ച് വിവിധ ക്രൈസ്തവ സംഘടനകൾ വന്നതോടെ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും പ്രശ്നപരിഹാരം ഉണ്ടാകുമെന്നും സിപിഎമ്മിനും കോൺഗ്രസിനും നിലപാട് സ്വീകരിക്കേണ്ടി വന്നു.