Thursday, December 26, 2024
Homeകേരളംമോഹിനിയാട്ടത്തിന് സൗന്ദര്യം വേണം, കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം'; അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ*

മോഹിനിയാട്ടത്തിന് സൗന്ദര്യം വേണം, കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം’; അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ*

തൃശൂർ —അധിക്ഷേപ പരാമര്‍ശം തുടര്‍ന്ന് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം, മോഹനനാകരുത്. കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം. കലോത്സവത്തില്‍ പല കുട്ടികളും മേക്കപ്പിന്‍റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് സത്യഭാമ വീണ്ടും വംശീയ, ജാതീയധിക്ഷേപം ആവര്‍ത്തിച്ചത്. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും സത്യഭാമ പറഞ്ഞു. കറുത്ത കുട്ടികള്‍ തന്‍റെ അടുത്ത് ഡാൻസ് പഠിക്കാൻ വന്നാല്‍ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

“മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാവണം, മോഹനനാവരുത്. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. ഞാൻ പറഞ്ഞത് എന്‍റെ അഭിപ്രായമാണ്. സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോത്സവത്തില്‍ മാര്‍ക്കിടുന്നത്. ഒരു മത്സരത്തിന് 5000 രൂപ കൊടുത്ത് മേക്കപ്പിടുന്നത് സൗന്ദര്യം ഉണ്ടാക്കിയെടുക്കാനാണ്. നാട്യശാസ്ത്രത്തിലും സൗന്ദര്യത്തെക്കുറിച്ച് പറയുന്നുണ്ട്. മേക്കപ്പ് ചെയ്ത് വൃത്തിയാക്കുന്ന കുറെ പയ്യൻമാര്‍ ഇറങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ കറുത്ത കുട്ടികള്‍ക്ക് മത്സരിക്കാനാകും. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വാര്‍ത്തയാണ് വേണ്ടത്. ഞാൻ ആ അഭിമുഖത്തില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. പിന്നെ എന്താണ് നിങ്ങളുടെ പ്രശ്നം. ഞാൻ ഇനിയും പറയും. പറഞ്ഞതില്‍ എനിക്ക് കുറ്റബോധമില്ല. ഞാൻ പറഞ്ഞത് സൗന്ദര്യത്തെ പറ്റിയാണ്” -സത്യഭാമ പറഞ്ഞു.

കേസിന് പോയാല്‍ പോട്ടെയെന്നും ആരെയും ജാതീ അധിക്ഷേപം നടത്തിയിട്ടില്ലെന്നും പറഞ്ഞ സത്യഭാമ പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോള്‍ എന്ന് പറഞ്ഞും അധിക്ഷേപം തുടര്‍ന്നു. പ്രതികരണത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രോഷത്തോടെയായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം.

കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട നർത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷപം നടത്തിയ സംഭവത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സത്യഭാമ രംഗത്തെത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു രാമകൃഷ്ണനെതിരായ നേരത്തെ വീഡിയോ അഭിമുഖത്തില്‍ നടത്തിയ ആക്ഷേപം. വ്യാപക വിമർശനം ഉയർന്നിട്ടും വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് സത്യഭാമ വ്യക്തമാക്കിയത്. അതേസമയം, മുൻപും സത്യഭാമ അധിക്ഷേപിച്ചിട്ടുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജയിലിൽ പോകേണ്ടിവന്നാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ച് കൊല്ലത്തിലേറെയായി മോഹിനിയാട്ട രംഗത്ത് അധ്യാപകനായും നർത്തകനായും പേരെടുത്ത ഡോ. ആര്‍എല്‍വി രാമകൃഷ്ണന് നേരെയാണ് ജാത്യാധിഷേപമുണ്ടായത്. നർത്തകിയായ കലാമണ്ഡലം സത്യഭാമ ജൂനിയർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാർശം. അധിക്ഷേപ പരാമർശം വന്നതിന് പിന്നാലെ പൊതു സമൂഹത്തിൽ നിന്ന് വലിയ വിമർശനമുയർന്നു. രാമകൃഷ്ണന് പിന്തുണയുമായി നിരവധി പേരെത്തി. സത്യഭാമയ്ക്കെതിരെ ചാലക്കുടിയിൽ എംഎല്‍എ സനീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. സർക്കാരിനോട് നിയമനടപടിയും ആവശ്യപ്പെട്ടു. സൗത്ത് ജംക്ഷന നിൽ നിന്നാരംഭിച്ച പ്രകടനം മണിയുടെ ഓട്ടോ സ്റ്റാന്റിൽ അവസാനിച്ചു.
– – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments