മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട (നവംബർ 15) തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്.
ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. 15 മുതൽ 29 വരെയുള്ള തിയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിംഗ് കഴിഞ്ഞിട്ടുണ്ട്. ഇനി 30-ാം തിയതി ഉച്ചക്ക് ശേഷമുള്ള കുറച്ച് സ്ലോട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രതിദിനം 80,000 പേർക്കാണ് ദർശനം സൗകര്യം. 70,000 പേര്‍ക്ക് വെർച്വൽ ക്യൂ വഴിയും ബാക്കി സ്പോട് ബുക്കിംഗ് ആയിരിക്കും. സ്പോട് ബുക്കിംഗിനായി പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും.
ശബരിമല ദർശനസമയം എല്ലാ ദിവസവും 18 മണിക്കൂറാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. പുലർച്ചെ മൂന്ന് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയും ആയിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ ഏതെങ്കിലും കാരണവശാൽ യാത്ര മാറ്റിവച്ചാൽ ബുക്കിംഗ് റദ്ദാക്കണം. അങ്ങനെ വരുന്ന അവസരത്തിൽ സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റണം. റദ്ദാക്കിയില്ലെങ്കിൽ പിന്നീട് അവസരം ലഭിക്കില്ല. സ്പോട്ട് ബുക്കിംഗിനുവേണ്ടി ആധാറോ പകർപ്പോ ഹാജരാക്കേണ്ടതാണ്. ഇനി ആധാർ ഇല്ലെങ്കിൽ വോട്ടർ ഐഡിയോ പാസ്പോർട്ടോ ഹാജരാക്കിയാൽ മാത്രമേ ബുക്കിംഗ് സാധ്യമാകുകയുള്ളൂ. ഇതിനായി പമ്പയിൽ 7 കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.