ആലപ്പുഴ: കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്താന്‍ സര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് മത്സ്യത്തൊഴിലാളി മേഖലയില്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്.
മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മികച്ച വിദ്യാഭ്യാസം നേടാനുള്ള ഭൗതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കി മത്സ്യത്തൊഴിലാളി സമൂഹത്തിലെ പുതുതലമുറയെ ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. വിദ്യാഭ്യാസ – കായിക പ്രോത്സാഹനങ്ങള്‍ അതിലൊന്നുമാത്രമാണ്. ജില്ലയിലെ മത്സ്യത്തൊഴിലാളി അനുബന്ധ കുടുംബങ്ങളിലെ 496 വിദ്യാര്‍ഥികള്‍ക്കായി 22.59 ലക്ഷം രൂപയാണ് പ്രോത്സാഹന അവാര്‍ഡായി നല്‍കുന്നതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
മത്സ്യതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്രപദമായ പദ്ധതിയായ ഗ്രൂപ് ഇന്‍ഷുറന്‍സിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 188 ഗുണഭോക്താക്കള്‍ക്കായി 18.88 കോടി രൂപ വിതരണം ചെയ്തു. ഇന്‍ഷുറന്‍സ് പ്രീമിയമായി പ്രത്യേക തുക ഈടാക്കുന്നില്ല. സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ കുറവ് വരുത്തുന്നതിന് സാധിച്ചുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ ഇന്‍ഷുറന്‍സ് അദാലത്തില്‍ 201 പരാതികള്‍ പരിഗണിക്കാനായി.
ഇവയില്‍ 167 എണ്ണത്തിന് 15.83 കോടി രൂപ ആനുകൂല്യം നല്‍കി. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലൂടെ മത്സ്യത്തൊഴിലാളികള്‍ക്കായി 16 ക്ഷേമ പദ്ധതികളും അനുബന്ധ ത്തൊഴിലാളികള്‍ക്കായി 10 ക്ഷേമപദ്ധതികളും രണ്ട് പ്രത്യേക പദ്ധതികളുമാണ് നടപ്പാക്കുന്നത്.
60,747 പേര്‍ക്കാണ് ബോര്‍ഡിലൂടെ പെന്‍ഷന്‍ നല്‍കുന്നതെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിപി ചിത്തരഞ്ജന്‍ എംഎല്‍എ. അധ്യക്ഷനായി. കായിക പ്രോത്സാഹന അവാര്‍ഡ് വിതരണ ഉദ്ഘാടനം എച്ച് സലാം എംഎല്‍എ നിര്‍വ്വഹിച്ചു.
മത്സ്യബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ഗൈഡ് പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. 2023 – 2024 വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും കായിക മത്സരങ്ങളില്‍ ദേശീയ, സംസ്ഥാനതലങ്ങളില്‍ ശ്രദ്ധേയമായ വിജയം നേടിയവര്‍ക്കുമുളള പ്രോത്സാഹന അവാര്‍ഡുകള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.