Thursday, January 2, 2025
Homeകേരളംലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ നവംബര്‍ 11 മുതൽ 13വരെ ഡ്രൈഡേ പ്രഖ്യാപിച്ചു

ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ നവംബര്‍ 11 മുതൽ 13വരെ ഡ്രൈഡേ പ്രഖ്യാപിച്ചു

കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ 11ന് വൈകിട്ട് ആറ് മുതല്‍ 13 ന് വൈകിട്ട് ആറ് വരെയാണ് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ ഡ്രൈഡേ പ്രഖ്യാപിച്ചത്. മദ്യത്തിന്‍റെയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും വിൽപ്പനയും വിതരണവും പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.

വയനാട് ജില്ലയിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ക്ലബ്ബുകള്‍ എന്നിവടങ്ങളില്‍ മദ്യം, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ വിൽപ്പനയോ, വിതരണമോ പാടില്ല. സമാധാനപൂര്‍ണ്ണമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ മദ്യം ശേഖരിച്ച് വെക്കല്‍, അനധികൃത വില്‍പന എന്നിവ തടയാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയിൽ ഉപതെരഞ്ഞെടുപ്പോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ഇതിനകം 95210 രൂപ വിലമതിക്കുന്ന 147.90 ലിറ്റര്‍ മദ്യം എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. 3,84,550 രൂപ വിലവരുന്ന 1998.94 ഗ്രാം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പിടികൂടി. രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 17,96,000 രൂപയും തെരഞ്ഞെടുപ്പ് പരിശോധന സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 3, 7, 11 തീയതികളില്‍ കളക്‌ട്രേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ ചെലവ് നിരീക്ഷകന്‍റെ നേതൃത്വത്തില്‍ നടക്കും. അംഗീകൃത ഏജന്‍റ് നിശ്ചിത മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച് അനുബന്ധ രേഖകളും വൗച്ചറുകളും ബില്ലുകളും സഹിതം പരിശോധനയ്ക്ക് ഹാജരാക്കണം.

16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. ഇവര്‍ക്ക് ചിഹ്നം അനുവദിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം. നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി, താമര), പ്രിയങ്ക ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും ), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി, കരിമ്പ് കര്‍ഷകന്‍ ), ജയേന്ദ്ര കെ. റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി, പ്രഷര്‍കുക്കര്‍ ), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി, ഗ്ലാസ് ടംബ്ലര്‍ ), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി, ഹെല്‍മെറ്റ്) എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി, ഡയമണ്ട് ),

അജിത്ത് കുമാര്‍. സി (സ്വതന്ത്രന്‍, ട്രക്ക്) , ഇസ്മയില്‍ സബിഉള്ള (സ്വതന്ത്രന്‍, ഏഴ് കിരണങ്ങളോട് കൂടിയ പേനയുടെ നിബ്ബ് ), എ.നൂര്‍മുഹമ്മദ് (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍) , ഡോ കെ പത്മരാജന്‍ (സ്വതന്ത്രന്‍, ടയറുകള്‍ ) , ആര്‍. രാജന്‍ (സ്വതന്ത്രന്‍, ഡിഷ് ആന്റിന), രുഗ്മിണി (സ്വതന്ത്ര, കമ്പ്യൂട്ടര്‍), സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍, ഓട്ടോറിക്ഷ ) , സോനുസിങ് യാദവ് (സ്വതന്ത്രന്‍, എയര്‍ കണ്ടീഷണര്‍) വരണാധികാരിയും ജില്ലാ കളക്ടറുമായ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തിലാണ് ചിഹ്നം അനുവദിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments