തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എം പിയായി തെരെഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ ചരിത്രത്തിൽ ഇടംനേടാവുന്ന ഉത്തരവിറക്കിയശേഷമാണ് മന്ത്രിസ്ഥാനമൊഴിഞ്ഞത്. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നത് മാറ്റാനാണ് തീരുമാനം.
പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകളിലാണ് നിലവിൽ അഭിസംബോധന ചെയ്തുവരുന്നത്. ഈ അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം.പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരമായി നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു. നിലവില്‍ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങളില്‍ ആയത് തുടരാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്നാണ് രാധാകൃഷ്ണന്‍ രാജിവച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്.
ഒന്നരലക്ഷത്തിലേറെ വോട്ടുകൾക്ക് കഴിഞ്ഞ തവണ രമ്യഹരിദാസ് വിജയിച്ച ആലത്തൂരില്‍ 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണന്റെ വിജയം. 4,03,447 വോട്ടുകളാണ് രാധാകൃഷ്ണന് ആകെ ലഭിച്ചത്. രമ്യാ ഹരിദാസിന് 3,83,336 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി ടി എൻ സരസുവിന് 1,88,230 വോട്ടുകളുമാണ് ലഭിച്ചത്.