Thursday, December 26, 2024
Homeകേരളംലൈബ്രേറിയൻ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ യുവതി 7 വർഷമായി ജോലിക്കായി കാത്തിരിക്കുന്നു 

ലൈബ്രേറിയൻ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ യുവതി 7 വർഷമായി ജോലിക്കായി കാത്തിരിക്കുന്നു 

കോട്ടയ്ക്കൽ. പിഎസ് സി നടത്തിയ നഗരസഭാ ലൈബ്രേറിയൻ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ യുവതിക്കു 7 വർഷമായിട്ടും നിയമനം ലഭിച്ചില്ല. പുഴക്കാട്ടിരി കെ.സജിലയാണ് മഴ കാത്തുകഴിയുന്ന വേഴാമ്പലിനെ പോലെ ജോലിക്കായി കാത്തിരിപ്പ് തുടരുന്നത്. ജില്ലയിലെ നഗരസഭകൾ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം. മുനിസിപ്പൽ കോമൺ സർവീസ് ലൈബ്രേറിയൻ തസ്തികയിലേക്ക് പിഎസ് സി പരീക്ഷ നടത്തിയത് 2013ൽ ആണ്. 2017 സെപ്റ്റംബർ 18ന് പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിലാണ് സജില ഒന്നാംസ്ഥാനത്തെത്തിയത്.

പട്ടിക പ്രസിദ്ധീകരിച്ച് ഏതാനും മാസം കഴിഞ്ഞപ്പോൾ സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു. മുനിസിപ്പൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തുമ്പോൾ ആദ്യഘട്ടത്തിൽ ഒരേ സമയം 2 ഒഴിവുകൾ നികത്തണമെന്നും അതിലൊന്ന് ഭിന്നശേഷിക്കാരായ ആളുകൾക്കു മാറ്റിവയ്ക്കണമെന്നുമായിരുന്നു വിധി. ഉത്തരവ് വന്നശേഷം ആദ്യഒഴിവ് റിപ്പോർട്ട് ചെയ്തത് കോട്ടയ്ക്കൽ നഗരസഭയാണ്. എന്നാൽ, നിലവിലുള്ള പട്ടികയിൽ ഭിന്നശേഷിക്കാർ ഇല്ലാത്തതിനാൽ ആ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. മറ്റു നഗരസഭകൾ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുമില്ല. പുതിയ ഒഴിവ് വന്നാൽ മാത്രമേ സജിലയുടെ നിയമനം നടക്കുകയുള്ളൂ.

പല നഗരസഭകളിലും ലൈബ്രറി പ്രവർത്തിക്കുന്നത് താൽക്കാലിക ലൈബ്രേറിയൻമാരെ വച്ചാണ്. അധികൃതർ റിപ്പോർട്ട് ചെയ്യാത്തതിനാൽ പഞ്ചായത്തുകളിൽ നിന്നു സ്ഥാനക്കയറ്റം ലഭിച്ച ചില നഗരസഭകളിൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിച്ചിട്ടില്ല.
സജില മുഖ്യമന്ത്രിക്കും മറ്റും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. സജില കോടതിയെ സമീപിച്ചതിനെത്തുടർന്ന് 2021 സെപ്റ്റംബറിൽ അവസാനിക്കേണ്ട റാങ്ക്പട്ടിക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
— – – – – – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments