കഴിഞ്ഞ കുറേ വർഷങ്ങളായി സഹകരണ ബാങ്കുകളെ നിലനിർത്തുവാനായി സർക്കാർ സ്വീകരിച്ചിരിക്കുന്ന ഒരു വികലമായ നയത്തിനാണ് സാക്ഷ്യം വഹിക്കാനായത്. മുൻപ് പെൻഷനേഴ്സിന് അക്കൗണ്ട് ഉള്ള ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പെൻഷൻ തുക ഇപ്പോൾ സഹകരണ സൊസൈറ്റി വഴിയാണ് കെഎസ്ആർടിസി വിതരണം ചെയ്യുന്നത്.
ഇതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതോ വയോധികരായ പെൻഷനേഴ്സും. ഈ ഡിജിറ്റൽ യുഗത്തിൽ Atm, ഓൺലൈൻ ഇടപാടുകൾ നടത്തുവാൻ ആകാത്ത സഹകരണ സൊസൈറ്റി വഴിയാണത്രേ കെഎസ്ആർടിസിയുടെ പെൻഷൻ വിതരണം മുഴുവനും നടന്നു കൊണ്ടിരിക്കുന്നത്.
ഇതിലെ ഏറ്റവും വലിയ അപാകത എന്തെന്നുവെച്ചാൽ പെൻഷൻ വന്നു എന്നുള്ളത് പത്രം വായിച്ച് അറിയേണ്ട അവസ്ഥയാണ്. അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന തുകയുടെ മെസ്സേജുകൾ ലഭ്യമാകുന്ന ഓപ്ഷൻ പോലും ബാങ്കുകളിൽ ഇല്ലത്രെ. കാഴ്ച പരിമിതി ഉള്ളവർ ആരെങ്കിലും പറഞ്ഞു കേട്ട് അറിഞ്ഞാൽ അറിഞ്ഞു എന്നതാണ് നിലവിലെ സ്ഥിതി. പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം ഉണ്ട്.
സഹകരണ സൊസൈറ്റികളില്‍ ഭൂരിഭാഗവും ടൗണിൽ നിന്ന് മാറിയോ അല്ലെങ്കിൽ മുകളിലത്തെ നിലയിലോ പ്രവർത്തിക്കുന്നവയാണ്. 65 വയസ്സ് കഴിഞ്ഞ ഭൂരിഭാഗം പെൻഷനേഴ്സും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. അവർ നേരിട്ട് ചെന്ന് തുക കൈപ്പറ്റണം എന്നുള്ള പിടിവാശി ആർക്കാണ്.ഇതിന് അവർ പറയുന്ന ന്യായം ചെക്ക് തന്നു വിടുന്നുണ്ട് അത് മറ്റാരുടെയെങ്കിലും കയ്യിൽ കൊടുത്തു വിടാവുന്നതാണ് എന്നുള്ളതാണ്.10 ചെക്ക് ലീഫ് ഉള്ള ഒരു ചെക്ക് ബുക്ക് തീർന്നു കഴിഞ്ഞാൽ പെൻഷനർ നേരിട്ട് ഹാജരാകണം പുതിയത് അനുവദിക്കാൻ എന്നുള്ള കാര്യം അവർ മറച്ചുവയ്ക്കുന്നു.. പണമിടപാടുകൾ വീട്ടിലിരുന്ന് വിരൽത്തുമ്പിലൂടെ നടത്തുവാൻ സാധിക്കും എന്ന ഈ കാലത്ത് ഇത്തരം വികല നയങ്ങൾ മൂലം ബുദ്ധിമുട്ടിലാകുന്നത് നമ്മുടെ സഹോദരങ്ങളാണ്.
65 വയസ്സിലേറെയായ പെൻഷനേഴ്സിന്റെ വിധവകളായ സ്ത്രീകളുടെ കാര്യമാണ് ഇതിലും കഷ്ടം.ഒറ്റയ്ക്ക് ജീവിതം തള്ളി നീക്കുന്ന ഇവരിൽ പലരും പെൻഷൻ വന്നു എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിൽ ഏറെ അത് കൈപ്പറ്റുവാൻ അനുഭവിക്കേണ്ട ബുദ്ധിമുട്ടുകൾ ഓർത്ത് ആവലാതിപ്പെടുകയാണ്.
മാസാമാസം ലഭിക്കേണ്ട പെൻഷൻ രണ്ടുമാസത്തിലോ മൂന്നുമാസത്തിലോ ഒരിക്കൽ ലഭിക്കുന്ന ഇവരെ ഇനിയും ഈ രീതിയിൽ കൂടി ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ?
ന്യായമായ ഒരു നിർദ്ദേശം മുന്നോട്ട് വെക്കുകയാണ്. സഹകരണ ബാങ്കുകളെ നിലനിർത്തിക്കൊണ്ടുതന്നെ ഇതിന് ഒരു പരിഹാരം കാണാവുന്നതാണ്.
സഹകരണ സൊസൈറ്റികളില്‍ സർക്കാർ അനുവദിക്കുന്ന പെൻഷൻ തുക പെൻഷനേഴ്സിന്റെ നാഷണലൈസ്ഡ് ബാങ്കുകളിലേക്ക് സഹകരണ ബാങ്കുകൾ തന്നെ ട്രാൻസ്ഫർ ചെയ്യുവാനുള്ള ഒരു ഓപ്ഷൻ നൽകേണ്ടതാണ്.