Monday, November 18, 2024
Homeകേരളംകൊല്ലത്തു നവജാതശിശു മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി: ശിക്ഷ ഇന്ന് വിധിക്കും

കൊല്ലത്തു നവജാതശിശു മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി: ശിക്ഷ ഇന്ന് വിധിക്കും

കൊല്ലം:കൊല്ലത്തു കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിളവീട്ടിൽ രേഷ്മ(25)യെ ആണ് കുറ്റവാളിയായി കോടതി കണ്ടെത്തിയത്.

കൊല്ലം ഫസ്റ്റ് അഡീഷണൽ ജഡ്ജ് പി എൻ വിനോദ് ആണ് ഇന്ന് ശിക്ഷ വിധിക്കുക.ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് ചുമത്തിയത്. പത്തു വർഷത്തോളം കഠിനതടവ് ലഭിക്കാവുന്നതാണ് നരഹത്യാകുറ്റം. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രേഷ്മയെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്കയച്ചു. വിധി കേൾക്കാൻ ബന്ധുക്കൾ എത്തിയിരുന്നു.

2021 ജനുവരി 5ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജനിച്ച് അധികസമയം ആകാത്ത ആൺകുഞ്ഞിനെയാണ് പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ രേഷ്മയുടെ വീടിന്റെ പിന്നിലെ റബർതോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.അവശനിലയിലായിരുന്ന കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം എസ്എടിയിലുമെത്തിച്ചെങ്കിലും മരിച്ചു. ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിയുന്നത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 31 സാക്ഷികളെ വിസ്തരിച്ചു. 66 രേഖകൾ ഹാജരാക്കി. പ്രതിയുടെ അമ്മ ഗീതയും ഭർത്താവിന്റെ അമ്മ ഗിരിജകുമാരിയും മറ്റ് അയൽക്കാരായ സാക്ഷികളും കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന പ്രതിയുടെ ഭർത്താവ് വിഷ്ണു പിന്നീട് കോടതിയിൽ പ്രതിഭാഗം സാക്ഷിയായി. നവജാതശിശുവിന്റെ മാതാപിതാക്കളാണ് പ്രതിയും ഭർത്താവായ വിഷ്ണുവെന്നു കണ്ടെത്തിയ ഡിഎൻഎ ഫലം കോടതി അംഗീകരിക്കുകയായിരുന്നു.

പാരിപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടർമാരായിരുന്ന എ അൽജബാർ, ടി സതികുമാർ, ഇൻസ്പെക്ടർമാരായ എൻ അനീസ, എസ് രൂപേഷ് രാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിസിൻ ജി മുണ്ടയ്ക്കലും ഡി ഷൈൻദേവും ഹാജരായി. വനിതാ സിവിൽ പൊലീസ് ഓഫീസർ മഞ്ചുഷ പ്രോസിക്യൂഷൻ സഹായിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments