കൊല്ലം :- കൊല്ലം കുളത്തൂപ്പുഴയിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 20 വയസ്സുകാരൻ പൊലീസ് പിടിയിൽ. സംഭവത്തിൽ കുളത്തൂപ്പുഴ സ്വദേശിയായ കുട്ടിയുടെ പിതൃ സഹോദരനാണ് പിടിയിലായത്. ഈ മാസം മൂന്നാം തീയതി ആശ വർക്കറാണ് വാർഡ് മെമ്പറോട് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരപീഡന വിവരം അറിയിക്കുന്നത്. തുടർന്ന് വാർഡ് മെമ്പർ ചൈൽഡ് ലൈൻ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയും മാതാപിതാക്കളുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ, ബലാൽസംഘം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയായ 20കാരനെ കസ്റ്റഡിയിൽ എടുത്തു.
6 മാസത്തിനിടെ പലതവണയായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മ ചികിത്സയിൽ ആയിരിക്കെയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. എന്നാൽ പീഡന വിവരം അറിഞ്ഞിട്ടും മാതാപിതാക്കളും ആശാവർക്കറും യഥാസമയം പോലീസിൽ അറിയിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്നും വിശദമായ അന്വേഷണം ഉണ്ടാകുമെന്നുമാണ് കുളത്തൂപ്പുഴ പോലീസ് അറിയിച്ചത്.