കൊച്ചി:- കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് ടീകോം അറിയിച്ച പശ്ചാത്തലത്തിലാണ് കൈമാറിയ 246 ഏക്കർ ഭൂമി തിരിച്ചു പിടിക്കുന്നത്.
സർക്കാരിനും ടികോമിനും സ്വീകാര്യമായ രീതിയിലാകും ഭൂമി തിരിച്ചെടുക്കുക. ടീകോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം തയാറാക്കുമെന്നും സര്‍ക്കാർ അറിയിച്ചു. ടീകോമിനു നല്‍കേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെന്‍ഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരിച്ചെടുക്കുന്ന ഭൂമി മറ്റ് വികസനാ ആവശ്യങ്ങൾക്ക് വിനിയോഗിക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അറിയിച്ചു. ഇതുസംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിക്കുന്നതിന് ഐടി മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ, ഒ കെ ഐ എച്ച് (ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്) എം ഡി ഡോ ബാജൂ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദമായി മാറിയ പദ്ധതിയാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതി. ടീകോം പിന്മാറുന്നതോടെ പദ്ധതി പാതിവഴിയിൽ അവസാനിക്കുകയാണ്.