കോട്ടയം:– കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ആണ് നടപടി സ്വീകരിച്ചത്.
പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ ജി, അക്കൗണ്ട് വിഭാഗത്തിലെ സന്തോഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി. മൂന്ന് വർഷത്തിൽ അധികമായി ക്രമക്കേട് നടന്നിട്ടും ഈ ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യം തിരിച്ചറിയാൻ കഴിയാത്തതിലാണ് നടപടി.
അഖിൽ സി വർഗീസ് അല്ലാതെ മറ്റു ഉദ്യോഗസ്ഥരാരും പണം തട്ടാൻ കൂട്ടുനിന്നതായി ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
പുറത്തറിഞ്ഞതുമുതൽ ഒളിവിൽ കഴിയുന്ന അഖിലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ജോലി നോക്കുന്ന കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.
രാഷ്ട്രീയ – ഉദ്യോഗസ്ഥ സ്വാധീനം കാരണമാണ് അഖിലിനെ പിടികൂടാൻ കഴിയാത്തതെന്ന ആരോപണം ശക്തമാണ്. 3 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടായതിനാൽ ലോക്കൽ പൊലീസിൽ നിന്നും കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും.ഇന്നലെ നഗരസഭ ഓഫീസിലേക്ക് ഡിവൈഎഫ്ഐയുടെ മാര്‍ച്ച് ഉണ്ടായിരുന്നു. ഇന്ന് ബിജെപിയും നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.