കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. വണ്ടിപ്പെരിയാര്‍ സ്വദേശിയായ അജീഷ് ആണ് ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്തിനെ(40) കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ രഞ്ജിത്തിന്റെ സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വഴിയില്‍ പതിയിരുന്ന അജീഷ്, രഞ്ജിത്തിനെയും സുഹൃത്തിനെയും വാക്കത്തി കൊണ്ട് ആക്രമിച്ചെന്നാണ് വിവരം. സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
രഞ്ജിത്തും സുഹൃത്തായ റിജോയും ജോലികഴിഞ്ഞ് ബസില്‍ വന്നിറങ്ങിയതായിരുന്നു വടവാതൂര്‍ കവലയില്‍. തുടര്‍ന്ന് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ പതിയിരുന്ന അജീഷ് ആക്രമണം നടത്തുകയായിരുന്നു. ആദ്യ വെട്ടേറ്റത് റിജോയ്ക്കാണ്. വെട്ടേറ്റ റിജോ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറി.
തന്റെ കൂടെയുള്ള ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ടെന്ന് റിജോ ആശുപത്രിയിലുള്ളവരെ അറിയിച്ചു. അവിടെ നിന്ന് ആളുകളെത്തിയപ്പോള്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രഞ്ജിത്തിനെയാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ രഞ്ജിത്ത് മരിച്ചു.