മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ നാട്ടുകൽ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി നാട്ടുകൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ 53-ാം മൈൽ ഭാഗത്താണ് സംഭവം.
റോഡരികിൽ കഫേ നടത്തുന്ന സൽജലി(29)നാണ് യുവാക്കളുടെ മർദനമേറ്റത്. കടയുടമയുടെ പരാതി പ്രകാരം നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇതിനു സമ്മതിക്കാതിരുന്നതോടെ യുവാക്കൾ സൽജലിനെതിരെ തട്ടികയറുകയും മർദിക്കുകയുമായിരുന്നു. തടയാൻശ്രമിച്ച തൊഴിലാളിക്കും മർദനമേറ്റു. കൂടാതെ കടയിലെ കസേരകളും മറ്റും തകർക്കുകയും ചെയ്തു. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.