തിരുവനന്തപുരം: വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയായി കണക്കാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.
ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അക്ഷരമറിയാത്തവർക്ക് മാർക്ക് കൊടുത്തുവെന്നത് തെറ്റിദ്ധാരണയാണെന്നും ചൂണ്ടിക്കാണിച്ചു. പഴുതടച്ച രീതിയിലാണ് മൂല്യനിർണയം നടത്തിയത്. എന്നിട്ടും ആക്ഷേപം ഉന്നയിച്ച് വിദ്യാർത്ഥികളെ തള്ളാൻ ശ്രമിക്കേണ്ടതില്ല. ഫലപ്രഖ്യാപനം നേരത്തെ നടത്തുന്നത് മൂലം പ്ലസ് വൺ ക്ലാസുകൾ നേരത്തെ തുടങ്ങാൻ സാധിക്കും.
ഇതിനായുള്ള ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. വിജയശതമാനം കൂടുന്നത് നിലവാരത്തകർച്ചയല്ലെന്നും ആക്ഷേപം ഉന്നയിച്ചവർക്കും തിരുത്തേണ്ടി വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടുതൽ വിജയശതമാനം വിദ്യാർത്ഥികളുടെ മിടുക്ക് കൊണ്ട് ലഭിക്കുന്നതെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.